ന്യൂയോർക്ക്: അന്ധവിശ്വാസത്തിന്റെ പേരിൽ ജ്യോതിഷ ഇൻഫ്ളുവൻസർ പങ്കാളിയെ കൊലപ്പെടുത്തുകയും മക്കളെ ഓടുന്ന കാറിൽ നിന്ന് റോഡിലേക്കെറിയുകയും ചെയ്‌തു. ലോസ് ഏഞ്ചൽസിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സൂര്യഗ്രഹണത്തെ 'ആത്മീയ യുദ്ധത്തിന്റെ പ്രതിരൂപം' എന്ന് വിശേഷിപ്പിച്ച ഡാനിയേൽ ചെറാക്കിയ ജോൺസൺ എന്ന മുപ്പത്തിനാലുകാരിയാണ് കൃത്യം നടത്തിയത്.
ഫ്ളാറ്റിൽ വച്ച് പങ്കാളിയെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി തന്റെ പിഞ്ചു കുഞ്ഞുങ്ങളെ കാറിൽ കയറ്റി വണ്ടിയെടുത്തു. തുടർന്ന് ഓടുന്ന കാറിൽ നിന്ന് കുട്ടികളെ പുറത്തേക്കെറിഞ്ഞു. പിന്നീട് ഇവർ ആത്മഹത്യ ചെയ്‌തു.
'യുവതിയും പങ്കാളിയും തമ്മിൽ സംഭവ ദിവസം പുലർച്ചെ 3:40 ഓടെ വഴക്കുണ്ടായതായി അധികൃതർ പറയുന്നു. യുവതി പങ്കാളിയെ കുത്തിശേഷം എട്ട് മാസവും ഒൻപത് വയസുമുള്ള മക്കൾക്കൊപ്പം കാറിൽ പോയി. നാലരയോടെ മക്കളെ ഓടുന്ന കാറിൽ നിന്ന് പുറത്തേക്കെറിഞ്ഞു. ഒരു കുട്ടി മരിച്ചു. മറ്റേ കുട്ടി പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.'- പൊലീസ് പറഞ്ഞു.
സൂര്യഗ്രഹണത്തിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ആക്രമണം നടന്നത്. ഇതിനുതൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇവർ സൂര്യഗ്രഹണത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടുള്ള ചില പോസ്റ്റുകൾ എക്സിൽ പങ്കുവച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഡിറ്റക്ടീവുകൾ യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. 'കിട്ടാവുന്നയത്രയും വിവരങ്ങൾ ശേഖരിച്ചു. പ്രതിയെ ചോദ്യം ചെയ്യാൻ സാധിക്കാത്തതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഏറ്റവും ഭീകരമായ കൊലപാതകങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു'-കേസ് അന്വേഷിക്കുന്ന നരഹത്യ യൂണിറ്റിന്റെ തലവനായ ഗോലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |