തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും അംഗീകൃത മാദ്ധ്യമ പ്രവർത്തകർക്കുമെല്ലാം തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തി കവറിലിട്ട് തപാലിൽ അയയ്ക്കുന്ന രീതിക്കു പകരം, വോട്ടുള്ള നിയമസഭാ മണ്ഡലം ഉൾപ്പെട്ട ലോക്‌സഭാ മണ്ഡലത്തിൽ ഡ്യൂട്ടിയുള്ളവർക്ക് ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇ.ഡി.സി) വഴി, ഡ്യൂട്ടിയുള്ള ബൂത്തിലെ തന്നെ മെഷീനിൽ വോട്ട് ചെയ്യാവുന്നതാണ് പുതിയ സംവിധാനം.
എന്നാൽ, സ്വന്തം ജില്ലയ്ക്കു പുറത്ത് ജോലി ചെയ്യുന്നവർക്കും സ്വന്തം ലോക്‌സഭാ മണ്ഡലത്തിനു പുറത്ത് ഡ്യൂട്ടിയുള്ളവർക്കും തപാൽ വോട്ടാണുള്ളത്. അതാകട്ടെ, തന്റെ നിയമസഭാ മണ്ഡലത്തിലെ ഉപ വരണാധികാരിക്ക് അപേക്ഷ നൽകി, പരിശീലന കേന്ദ്രങ്ങളിൽ ബാലറ്റിൽ വോട്ട് ചെയ്യുന്ന രീതിയാണ്. അതിനായി അപേക്ഷ നൽകേണ്ട തീയതി കഴിഞ്ഞുപോയത്രേ!
വേണ്ടത്ര ആസൂത്രണമില്ലാത്ത ഈ രീതി ആയിരക്കണക്കിനു പേരുടെ വോട്ടവകാശം ഇല്ലാതാക്കും. വോട്ടെടുപ്പിനായി സാമഗ്രികൾ വിതരണം ചെയ്യുന്നതിന്റെ തലേന്നു വരെ അപേക്ഷിക്കുന്നവർക്ക് തപാൽ വോട്ടിന് അവസരം വേണം. ഇത്തവണ വോട്ടെണ്ണൽ ഏറെ വൈകി മാത്രം നടക്കുന്നതിനാൽ, വേട്ടെടുപ്പിനുശേഷവും നിയമസഭാ കേന്ദ്രങ്ങളിൽ മെഷീനിൽ തന്നെയോ ബാലറ്റിലോ വോട്ട് ചെയ്യാൻ അവസരം ഒരുക്കാവുന്നതാണ്.
അതുപോലെ, പുതുതായി വോട്ടർപ്പട്ടികയിൽ പേരു ചേർത്ത മിക്കവാറും എല്ലാവരും വിദ്യാർഥികളാണ്. അവരിൽ പകുതിയോളം പേർ നാട്ടിൽ നിന്ന് അകലെ കേരളത്തിൽത്തന്നെയോ പുറത്തോ കോളേജുകളിൽ പഠിക്കുന്നവരാണ്. ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും ദേശീയ സർവകലാശാലകളിലും പഠിക്കുന്ന ആയിരക്കണക്കിനു കുട്ടികൾ നാട്ടിൽ നിന്ന് അകലെയാണ്. അവർക്ക് പോളിംഗ് ദിവസം നാട്ടിലെത്തി വോട്ട് ചെയ്യാനാവില്ല. അവർക്കും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരം വേണം.
ജോഷി ബി. ജോൺ
മണപ്പള്ളി
കുറയുമ്പോൾ
കുറയണ്ടേ?
കോഴിയിറച്ചിയുടെ വില കിലോയ്ക്ക് 150- നു മുകളിൽ എത്തിയിരിക്കുകയാണ്. ഇതു കാരണം പല ഹോട്ടലുകളിലും കോഴിയിറച്ചി കൊണ്ടുള്ള വിഭവങ്ങൾക്ക് വില ഉയർത്തിയിട്ടുണ്ട്. ചില ഹോട്ടലുകൾ, വിഭവത്തിലെ കോഴി കഷണങ്ങളുടെ എണ്ണവും വലിപ്പവും കുറച്ചു. അതേസമയം, ഇറച്ചി വില കിലോയ്ക്ക് 70 രൂപയിലേക്ക് താഴ്ന്ന അവസരത്തിൽ ഹോട്ടലുകാർ ഇറച്ചി വിഭവങ്ങളുടെ വില കുറച്ചിട്ടില്ല! ഇറച്ചി വില കൂടുമ്പോൾ മാത്രം കോഴി വിഭവങ്ങളുടെ വില കൂട്ടാൻ ഈ ഹോട്ടലുകാർക്ക് എന്താണ് അവകാശം?
ആർ. ജിഷി
കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |