മറ്റു പല സൗകര്യങ്ങളുമുണ്ടെങ്കിലും, ആവശ്യമില്ലാത്ത സാധനങ്ങൾ പോലും വാങ്ങിക്കൂട്ടുമെന്നതാണ് ഓൺലൈൻ ഷോപ്പിംഗിന്റെ ഒരു ദൂഷ്യഫലം. എന്നാൽ, കൈയിലിരിക്കുന്ന കാശു പോകുമെന്നല്ലാതെ വേറെ അപകടമൊന്നും അതുകൊണ്ട് ഇതുവരെയില്ലായിരുന്നു. പക്ഷേ, ഇത്തരം ഓൺലൈൻ ഷോപ്പിംഗ് സ്ഥാപനങ്ങളുടെ മറവിൽ കാത്തിരിക്കുന്ന ചതിക്കുഴികളുടെയും വഞ്ചനകളുടെയും ഭീഷണികളുടെയും വാർത്തകളാണ് ഓരോദിവസവും അവതരിക്കുന്നത്. ഓർഡർ ചെയ്യാത്ത സാധനങ്ങൾ പോലും കാഷ് ഓൺ ഡെലിവറി ആയി നിങ്ങളുടെ മേൽവിലാസത്തിൽ എത്തുന്നതിനു പിന്നിലെ തരികിടകളെക്കുറിച്ചുള്ള വാർത്ത ഞങ്ങൾ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അതിനു പിന്നാലെ ഇന്നലെ പുറത്തുവന്ന ഒരു വാർത്തയിലെ തട്ടിപ്പ് വെറും തരികിടയല്ല, ഒന്നാന്തരം ക്രിമിനൽ കുറ്റകൃത്യം തന്നെ. ബംഗളൂരുവിൽ അഭിഭാഷകയായ യുവതിക്ക് എത്തിയ പാർസലിൽ എം.ഡി.എം.എ ക്യാപ്‌സൂളുകൾ ഉണ്ടെന്നും, വിവരം സൈബർ സെൽ വിഭാഗത്തിന് കൈമാറുകയാണെന്നും ഫോണിൽ അറിയിച്ചായിരുന്നു തട്ടിപ്പിന്റെ ആദ്യഭാഗം.
തുടർന്ന്, സൈബർ സെൽ ഉദ്യോഗസ്ഥനെന്ന് ഫോണിൽ പരിചയപ്പെടുത്തിയ വിരുതൻ, അന്വേഷണത്തിന്റെ ഭാഗമായെന്നു പറഞ്ഞ് യുവതിയുടെ ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. പണമിടപാടുകളുടെ നിയമസാധുത പരിശോധിക്കാനെന്നു വിശ്വസിപ്പിച്ച് അക്കൗണ്ടിലെ പണം മുഴുവൻ ഒരു ഡമ്മി അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യാനായിരുന്നു അടുത്ത നിർദ്ദേശം. പാർസലിൽ ഉള്ളത് ലഹരിമരുന്ന് ആയതിനാൽ, നാർക്കോട്ടിക് പരിശോധനയുടെ ഭാഗമായി യുവതി സ്കൈപ്പിൽ വിവസ്ത്രയായി എത്തണമെന്നും, അനുസരിച്ചില്ലെങ്കിൽ ലഹരിക്കേസിൽ അകത്താകുമെന്നുമായി. കെണിയിൽ വീണ അഭിഭാഷകയുടെ നഗ്നവീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാൻ പണം ആവശ്യപ്പെട്ട് ഭീഷണി കടുത്തതോടെ നിവൃത്തിയില്ലാതെ വഴങ്ങിയ അവർക്ക് അക്കൗണ്ടിൽ നിന്നു നഷ്ടമായത് 14 ലക്ഷം രൂപയാണ്!
പതിവായി ഓൺലൈനിൽ സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവരുടെ ഇ- കൊമേഴ്സ് അക്കൗണ്ടുകൾ നിരീക്ഷിക്കുകയും, മേൽവിലാസം ശേഖരിക്കുകയും ചെയ്തുകൊണ്ടാവും മിക്ക തട്ടിപ്പിനും തുടക്കം. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പോലും ഡാർക് വെബ് ഉൾപ്പെടെയുള്ള നിയമവിരുദ്ധ വെബ് സൈറ്റുകളിൽ ലഭ്യമായിരിക്കും. പേഴ്സണൽ ഡാറ്റാ മോഷണവും അതിന്റെ വില്പനയുമൊക്കെ സൈബർ ലോകത്തെ വമ്പൻ ബിസിനസുകളാണ്. വിശ്വസനീയത ഉറപ്പുള്ള ഇ- കൊമേഴ്സ് പ്ളാറ്റ്ഫോമുകൾ വഴി മാത്രം ഇടപാടുകൾ നടത്തുകയാണ് തട്ടിപ്പുകളിൽ കുരുങ്ങാതിരിക്കാനുള്ള ഒരു വഴി. ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങൾ എന്തെല്ലാമെന്നതിനും, അവ എത്ര ദിവസത്തിനകം വരാൻ സാദ്ധ്യതയുണ്ടെന്നും കുറിച്ചുവയ്ക്കുക. ഓർഡർ ചെയ്യാത്ത സാധനമാണ് കൊറിയറിൽ എത്തിയതെങ്കിൽ നിർബന്ധമായും മടക്കിഅയക്കുക. ഇതേ തട്ടിപ്പ് ആവർത്തിക്കുന്നെങ്കിൽ പരാതിപ്പെടാനും മടിക്കരുത്.
സ്വന്തം ആധാർ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ്- ഡെബിറ്റ് കാർഡ് പിൻ നമ്പർ, പാസ്‌വേർഡുകൾ തുടങ്ങിയവ ഒരു കാരണവശാലും ഇത്തരം സ്ഥാപനങ്ങൾക്കോ അപരിചിതർക്കോ കൈമാറരുത്. സംശയകരമായ ഒരു വെബ് ലിങ്കിലും ക്ളിക്ക് ചെയ്യുകയുമരുത്. ഒരൊറ്റ ക്ളിക്കിൽ നിങ്ങളുടെ മൊബൈലിലെ വ്യക്തിഗത വിവരങ്ങളും ഗാലറിയിൽ സേവ് ചെയ്തിരിക്കുന്ന ചിത്രങ്ങളും വരെ ചോർത്തിയെടുക്കുന്ന മുന്തിയ സാങ്കേതിക തട്ടിപ്പുകൾ വ്യാപകമായുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇ- പ്ളാറ്റ്ഫോമുകൾ വഴി നടത്തുന്ന ഓരോ ഇടപാടും സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വേണം. അക്കൗണ്ടിലെ പണം നഷ്ടമാകുമെന്നതു മാത്രമല്ല, ജീവിതം തന്നെ കൈവിട്ടുപോകുന്ന അതീവഗുരുതരമായ ചതിക്കെണികളിൽപ്പോലും അറിയാതെ പെട്ടുപോയേക്കാം. ജാഗ്രത മാത്രമാണ് പരിഹാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |