തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ വീണ്ടും കടുത്തതിന് പിന്നാലെ കൂടുതല്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട് തൃശൂര്‍ ജില്ലകള്‍ക്ക് പുറമേ ആലപ്പുഴ കോഴിക്കോട് ജില്ലകളിലും ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ മേയ് നാല് വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. അതേസമയം, കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.
ഈ മാസം നാലാം തീയതി വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 വരെയും, തിരുവനന്തപുരം, എറണാകുളം, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 വരെയും, ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
പാലക്കാട് ജില്ലയില്‍ ചില പ്രദേശങ്ങളില്‍ താപനില പതിവിലും മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് കളക്ടര്‍ ഉത്തരവിറക്കിയത്. മേയ് 2 വരെ പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് നിര്‍ദ്ദേശം. അഡീഷണല്‍ ക്ലാസുകള്‍ പാടില്ലെന്നും കോളേജുകളിലും ക്ലാസുകള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്.
അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തൊഴില്‍ സമയത്തിലെ പുനക്രമീകരണം മെയ് 15 വരെ തുടരുമെന്ന് പാലക്കാട് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കണമെന്നാണ് നിര്‍ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |