SignIn
Kerala Kaumudi Online
Saturday, 27 July 2024 8.11 PM IST

കൊടും ചൂട്: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം

hot

തിരുവനന്തപുരം: കടുത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സബന്ധിച്ച് നിർദ്ദേശമുണ്ടായത്. സംസ്ഥാനത്തെ ഉഷ്ണതരംഗ സാദ്ധ്യത വിലയിരുത്താൻ ചേർന്ന യോഗത്തിൽ വിവിധ ജില്ലകളിലെ സാഹ​ചര്യം കളക്ടർമാർ വിശദീകരിച്ചു.

പകൽ 11 മുതൽ വൈകുന്നേരം മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.

മേയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകും. സ്കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.

ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ - നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാദ്ധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം.

ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് പെട്ടന്നുതന്നെ ചെയ്യണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങൾ/പരിപാടികൾ പകൽ 11 മുതൽ‌ വൈകിട്ട് 3 വരെ നിർബന്ധമായും നടത്തരുത്. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.

ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കണം. പരിസ്ഥിതി ദിനമായ ജൂൺ 5ന് എല്ലാ പൊതുസ്ഥലങ്ങളിലും തണൽമരങ്ങൾ പിടിപ്പിച്ച് സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ ചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ യോ​ഗം ചേരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തിരമായി മഴക്കാല പൂർവ്വ ശുചീകരണം ആരംഭിക്കണം. വേനൽ മഴ ശക്തമാകുന്നതിന് മുൻപ് ഓടകൾ, കൈത്തോടുകൾ, കൾവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കണം.

പൊതു ഇടങ്ങളിൽ മാലിന്യം കെട്ടിക്കിടക്കാൻ ഇടയാക്കരുത്. കൊതുക് നിർമ്മാർജനനം വ്യാപകമായി നടത്തണം. ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഉപയോ​ഗിക്കേണ്ട കെട്ടിടങ്ങൾ സജ്ജമാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് ശ്രദ്ധിക്കണം. എല്ലാ പൊഴികളും ആവശ്യമായ അളവിൽ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കണം. ഇത് മേയ് 25ന് മുൻപായി പൂർത്തീകരിക്കണം.

പ്രധാന റെഗുലേറ്ററുകൾ, സ്പിൽ വേകൾ എന്നിവയുടെ മുൻപിലും, പുറകിലുമുള്ള തടസങ്ങൾ നീക്കണം. ഷട്ടറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അണക്കെട്ടുകളിലെ ജലം കേന്ദ്ര ജലകമ്മിഷൻ അംഗീകരിച്ച റൂൾ കർവ്വിന് മുകളിൽ എത്തുന്നില്ലെന്ന് റൂൾ കർവ് നിരീക്ഷണ സമിതി ഉറപ്പാക്കണം.

നഗര മേഖകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ‍ഡ്രൈനേജ് സംവിധാനങ്ങൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. സ്കൂളുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച ആവശ്യമായ അവലോകനം എത്രയുംപെട്ടന്ന് നടത്തണം. അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിങ്ങുകൾ, പോസ്റ്റുകൾ തുടങ്ങിയവ മഴയ്ക്കു മുന്നോടിയായി മാറ്റണം.

റോഡിൽ പണി നടക്കുമ്പോൾ സുരക്ഷാ മുന്നറിയിപ്പ് നൽകണം. കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മലയോര മേഖലയിൽ ജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നടത്തണം. അപകട സാദ്ധ്യത മനസിലാക്കി ക്യാമ്പുകളിലേക്ക് സ്വയംമാറാൻ സാധിക്കും വിധം പരിശീലനം നൽകണം.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടസാദ്ധ്യത മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണം. മലവെള്ളപ്പാച്ചിൽ ഉണ്ടാവാൻ ഇടയുള്ള ജലാശയങ്ങളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകണം. ആപദ്മിത്ര, സിവിൽ ഡിഫൻസ്, തുടങ്ങിയ സന്നദ്ധസേനകളെ നേരത്തേ സജ്ജമാക്കണം. എലിപ്പനി, ​ഡങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധത്തിൽ കാര്യമായി ശ്ര​ദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി ഡോ.വേണു വി അടക്കമുള്ള ഉന്നത ഉദ്യോ​ഗസ്ഥർ, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

അതേസമയം, സംസ്ഥാനത്ത് നാലുജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോഴിക്കോട്, തൃശൂർ,പാലക്കാട് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗ സാദ്ധ്യതാ മുന്നറിപ്പ് നൽകിയത്. ആലപ്പുഴയിൽ രണ്ടുദിവസം രാത്രി താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEAT, SCHOOL AND COLLEGE, CLOSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.