മോട്ടോർ വാഹന വകുപ്പിനെ സംബന്ധിച്ച് പൊതുജനങ്ങളുടെ ഇടയിൽ വലിയ മതിപ്പൊന്നുമില്ല. പണം കൊടുക്കാതെ ഒരു പരിപാടിയും അവിടെ നടക്കില്ല എന്നൊരു ധാരണ സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നതാണ് അതിനിടയാക്കുന്നത്. അത് ഒരു ദിവസംകൊണ്ട് ഉണ്ടായതല്ല. വർഷങ്ങളുടെ അനുഭവത്തിൽ നിന്ന് ജനങ്ങൾ മനസ്സിലാക്കിയതാണത്. സ്വന്തമായി വാഹനമുള്ള ആർക്കും ഈ വകുപ്പുമായി അകന്നു നിൽക്കാൻ കഴിയില്ല. വാഹനം വാങ്ങുമ്പോഴും വിൽക്കുമ്പോഴും റീരജിസ്റ്റർ ചെയ്യുമ്പോഴുമൊക്കെ ഈ വകുപ്പിന്റെ സേവനം ആവശ്യമാണ്. പല സേവനങ്ങളും ഓൺലെെൻ രീതിയിലേക്ക് മാറിയെങ്കിലും ഇപ്പോഴും ഭൂരിപക്ഷം പേരും ഓൺലെെനിൽ കാര്യങ്ങൾ ചെയ്യുന്ന ഏജന്റന്മാരെ സമീപിച്ചാണ് പല കാര്യങ്ങളും നീക്കുന്നത്.
ഡ്രെെവിംഗ് ലെെസൻസ് എടുക്കാൻ ഏജന്റുമാരുടെ സഹായമില്ലാതെ നേരിട്ട് ഈ വകുപ്പിനെ സമീപിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമേ കാണൂ. ഏജന്റു വഴിയാകുമ്പോൾ കാര്യങ്ങൾ എളുപ്പമാണ്. നാട്ടുനടപ്പനുസരിച്ച് അവർ പറയുന്ന പണം കൊടുത്താൽ മതി. അതോടൊപ്പം ടെസ്റ്റ് പാസാവുകയും വേണം. വർഷങ്ങളായി ഇവിടെ നടന്നുകൊണ്ടിരുന്ന രീതിയാണിത്. പലപ്പോഴും പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുനിയുമ്പോൾ ഏതു വകുപ്പിലായാലും പഴയ രീതികൾ പലതും മാറേണ്ടി വരികയും സ്വഭാവികമായും ഇതിന്റെ പേരിൽ എതിർപ്പുകൾ തലപൊക്കുകയും ചെയ്യും. അതൊക്കെ, കഴിവുള്ള ഉദ്യോഗസ്ഥരും ഭരണകർത്താക്കളും ഇടപെട്ടാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ വളരെ വേഗം പരിഹരിക്കാൻ കഴിയുന്നതേ ഉള്ളൂ. എന്നാൽ ഇത്തവണ ഡ്രെെവിംഗ് ടെസ്റ്റിൽ വരുത്തിയ പരിഷ്കരണവും അതിനെത്തുടന്നുണ്ടായ എതിർപ്പും സമരവുമൊക്കെ അസാധാരണ സാഹചര്യങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതിൽ ഏറ്റവും പ്രധാനം ഡ്രെെവിംഗ് ടെസ്റ്റിനായി 1.30 കോടിരൂപ ഫീസടച്ച് 9.45 ലക്ഷം പേർ കാത്തിരിക്കുന്നു എന്നതാണ്. ഡ്രെെവിംഗ് സ്കൂളുകാരുടെ യൂണിയന്റെയും മറ്റും സമരം കാരണം കഴിഞ്ഞ നാലു ദിവസമായി കേരളത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല. പരിഹാരം കാണേണ്ട മന്ത്രി വിദേശ ടൂറിലാണെങ്കിലും അവിടെ നിന്ന് വേണ്ട നിർദ്ദേശങ്ങൾ ഫോണിലൂടെയും മറ്റും നൽകി പ്രതിസന്ധി പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ അതിനുള്ള നീക്കങ്ങളും നടക്കുന്നില്ലെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ആകെ 86 കേന്ദ്രങ്ങളിലാണ് ഡ്രെെവിംഗ് ടെസ്റ്റ് നടക്കുന്നത്. ഏപ്രിൽ വരെ പ്രതിദിനം 100 ടെസ്റ്റുകൾ നടന്നിരുന്നു. പരിഷ്കാരത്തിന്റെ പേരിൽ ഇത് ഒറ്റയടിക്ക് 30 ആയി കുറച്ചു. അതോടെ സമരമായി. അപ്പോൾ ടെസ്റ്രിന്റെ എണ്ണം 40 ആയി ഉയർത്തി. ഇപ്പോൾ കാത്തിരിക്കുന്ന ലക്ഷങ്ങൾക്ക് ഇനി എന്ന് ലെെസൻസ് നൽകാൻ കഴിയുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല!
പരിഷ്കാരങ്ങൾ വേണ്ടതാണ്. പ്രത്യേകിച്ചും, റോഡപകടങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ. എന്നാൽ അതിന്റെ പേരിൽ ആവശ്യമായ ക്രമീകരണങ്ങൾ പരിഷ്കരണത്തിനായി ഏർപ്പെടുത്താതെ നിലവിലുള്ള രീതി അപ്പാടെ അട്ടിമറിക്കുന്നത് പൊതുജനങ്ങളെ വലയ്ക്കുന്നതിനു തുല്യമാണ്. ലേണേഴ്സ് എടുത്തവർ ആറുമാസത്തിനുള്ളിൽ ലെെസൻസ് ടെസ്റ്റ് ജയിച്ചിരിക്കണമെന്നാണ് നിയമം. എന്നാൽ പ്രതിസന്ധി തുടരുന്നതിനാൽ ഇവർക്ക് ഈ സമയപരിധിക്കുള്ളിൽ ലെെസൻസ് ലഭിക്കുമോ എന്നതിൽ ആശങ്കയുണ്ട്. പുതിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ ഡ്രെെവിംഗ് സ്കൂളുകാർക്ക് കുറച്ചുകൂടി സമയം നീട്ടിക്കൊടുത്താൽത്തന്നെ ഈ പ്രതിസന്ധി തത്കാലം പരിഹരിക്കാനാകും. മറ്റുള്ളവർക്ക് പണച്ചെലവ് വരുന്ന പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് ഒരു സർക്കുലർ ഇറക്കിയാൽ മതി. അതുപോലെ തന്നെ, പരിഷ്കാരത്തിന്റെ ഭാഗമായി പണം ചെലവാക്കി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട ബാദ്ധ്യത സർക്കാരിനുമുണ്ട്. സാമ്പത്തിക പ്രശ്നത്തിന്റെ പേരു പറഞ്ഞ് അത് മാറ്റിവയ്ക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |