സംസാരിക്കുമ്പോൾ സൂക്ഷിക്കണം എന്ന് അറിവുള്ളവർ പറയാറുണ്ട്. കാരണം വാവിട്ടു പോകുന്ന ഒരു വാക്ക് പിന്നെ തിരിച്ചെടുക്കാനാകില്ല. എന്ത് ഉദ്ദേശിച്ച് പറഞ്ഞതാണെങ്കിലും ഭിന്നത സൃഷ്ടിക്കുന്ന വാക്കുകൾ ഉളവാക്കുന്ന വിദ്വേഷവും വെറുപ്പും സമൂഹത്തിൽ കലാപങ്ങൾക്കു തന്നെ ഇടയാക്കാം എന്നതിന് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. അതിനാൽ ഉന്നത പദവികൾ വഹിക്കുന്നവരും പ്രശസ്തരും വാക്കുകൾ ഉപയോഗിക്കുമ്പോൾ അത്യധികം ശ്രദ്ധിക്കേണ്ടത് സമൂഹത്തിന്റെയും മാനവരാശിയുടെയും മുന്നോട്ടുള്ള യാത്രയ്ക്ക് അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തിക്കും സമൂഹത്തിനും സമാശ്വാസം പകരാൻ നല്ല വാക്കുകൾക്കു കഴിയും. അതുപോലെ തന്നെ ഒരു വ്യക്തിയെ നോവിക്കാനും സമൂഹത്തിൽ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നത ഉണർത്താനും വാക്കുകൾക്ക് ശക്തിയുണ്ട്. അതിനാലാണ് വേദിയറിഞ്ഞ് സംസാരിക്കണം എന്ന് തിരുവള്ളുവർ പറഞ്ഞിട്ടുള്ളത്.
പക്ഷേ, ഇന്നത്തെ കാലത്ത് പലരും വേദി മറന്ന് പ്രസംഗിക്കുന്നവരാണ്. ഒരു മൈക്ക് കിട്ടിയാൽ വായിൽ തോന്നുന്നതെന്തും വിളിച്ചുപറയുന്ന സ്വഭാവം നിലവാരമുള്ളവർക്ക് ചേർന്നതല്ല. കോൺഗ്രസിന്റെ മാർഗദർശിയായി അറിയപ്പെടുന്ന, അമേരിക്കയിൽ സ്ഥിരതാമസക്കാരനായ ഇന്ത്യക്കാരൻ സാം പിത്രോദ നടത്തിയ വിവാദ പരാമർശങ്ങൾ നിലവാരക്കുറവ് മാത്രമല്ല പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യക്കാരോട് ഭൂരിപക്ഷം അമേരിക്കക്കാരനും പുലർത്തുന്ന ഒരു പുച്ഛം ആ വാക്കുകളിൽ അലിഞ്ഞുകിടപ്പുണ്ട്. അബദ്ധത്തിൽ പറഞ്ഞുപോയ വാക്കുകളല്ല അത്. ഒരു ഇംഗ്ളീഷ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ആലോചിച്ച് ഉറപ്പിച്ചതുപോലെ പിത്രോദ ഇന്ത്യയുടെ മഹത്തായ വൈവിദ്ധ്യത്തെ പരിഹസിച്ച് സംസാരിച്ചത്. ഇന്ത്യയിൽ കിഴക്കുള്ളവരെ കണ്ടാൽ ചൈനക്കാരെ പോലെയും, തെക്കുള്ളവർ ആഫ്രിക്കക്കാരെപ്പോലെയും, വടക്കുള്ളവർ വെള്ളക്കാരെപ്പോലെയും, പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും ആണെങ്കിലും എല്ലാവരും സഹോദരങ്ങളാണ് എന്നാണ് പിത്രോദ പറഞ്ഞത്!
നിറത്തിന്റെ പേരിൽ ആളുകളെ ഇങ്ങനെ തരംതിരിച്ച് പറയുന്നതിന്റെ മറുവശമാണ് ജാതിയുടെ പേരിലുള്ള വേർതിരിവുകളും. ദക്ഷിണേന്ത്യക്കാരെ ആഫ്രിക്കക്കാർ എന്ന് പിത്രോദ വിശേഷിപ്പിച്ചത് പ്രാകൃതർ എന്ന അർത്ഥത്തിലാണോ എന്നറിയില്ല. എന്തായാലും ശുദ്ധമായ വിവരക്കേടാണ് പിത്രോദ പറഞ്ഞത്. ഇലക്ഷൻ കാലത്തുള്ള ഈ വാചകമടി കോൺഗ്രസിനെയാണ് ഇന്ത്യയിൽ വെട്ടിലാക്കിയത്. കോൺഗ്രസ് തള്ളിപ്പറഞ്ഞതിനു പിന്നാലെ പിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. പിത്രോദ നിറത്തിന്റെ പേരിൽ ഇന്ത്യക്കാരെ അപമാനിക്കുകയാണ് ചെയ്തതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. വളരെ പ്രശസ്തനായ ഒരു പ്രവാസി ഇന്ത്യക്കാരൻ ഇന്ത്യാക്കാരെ ഒന്നടങ്കം പരിഹസിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ പ്രധാനമന്ത്രിക്ക് കഴിയില്ല. അതിനാൽ വിവാദം സൃഷ്ടിച്ചത് മോദിയല്ല; പിത്രോദ തന്നെയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആദിവാസി വനിതയായ ദ്രൗപദി മുർമുവിനെ എതിർത്തത് നിറത്തിന്റെ പേരിലാണെന്നത് ഇപ്പോഴാണ് തനിക്ക് മനസ്സിലായതെന്നും മോദി കൂട്ടിച്ചേർത്തു.
ടെലി കമ്മ്യൂണിക്കേഷൻ രംഗത്തെ സാങ്കേതികതയെപ്പറ്റി പിത്രോദ പറഞ്ഞാൽ നമുക്ക് മനസ്സിലാക്കാം. കാരണം അതിനെക്കുറിച്ച് അറിവുള്ള വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല, ഇന്ത്യയുടെ ടെലി കമ്മ്യൂണിക്കേഷൻ രംഗത്തെ കുതിപ്പിന് തറക്കല്ലിട്ട ശില്പിയുമാണ്. എന്നാൽ തനിക്കു പിടിയില്ലാത്ത ഭാരതത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും വൈവിദ്ധ്യത്തെക്കുറിച്ചും മറ്റും പിത്രോദ പറയാതിരിക്കുന്നതാണ് നല്ലത്. വിദേശത്തു പോയി ഉയർന്ന നിലയിലായിക്കഴിഞ്ഞ് ജന്മഭൂമിയെയും പെറ്റമ്മയെയും തള്ളിപ്പറയുന്നത് എന്തായാലും ഭാരത സംസ്കാരത്തിന്റെ ഭാഗമല്ല. പിത്രോദ കഴിഞ്ഞമാസം നടത്തിയ, പാരമ്പര്യ സ്വത്തുനികുതി സംബന്ധിച്ച പരാമർശവും വിവാദമായിരുന്നു. അന്ന് അത് പിത്രോദയുടെ വ്യക്തിപരമായ അഭിപ്രായം എന്നു പറഞ്ഞ് ഒഴിയുകയാണ് കോൺഗ്രസ് ചെയ്തത്. എന്നാൽ ഇത്തവണ പിത്രോദയെ കോൺഗ്രസിന് തള്ളിപ്പറയേണ്ടിയും പദവിയിൽ നിന്ന് ഒഴിവാക്കേണ്ടിയും വന്നു. ഇനി ഇലക്ഷൻ കഴിയുന്നതുവരെയെങ്കിലും പിത്രോദ മിണ്ടാതിരിക്കുന്നതാണ് നല്ലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |