തിരുവനന്തപുരം:തിരുവനന്തപുരം ജില്ലാ കളക്ടർ സ്വന്തം ചികിത്സയ്ക്ക് സർക്കാർ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ നടപടിയെ വിമർശിച്ച ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറിക്ക് വിശദീകരണ നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ച് ഇന്ന് എല്ലാ ജില്ലാ കളക്ടറേറ്റുകളിലും പ്രകടനങ്ങൾ നടത്തും.
നോട്ടീസ് നൽകിയ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നടപടി സംഘടനാ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറെയാണ് വസതിയിലേക്ക് വിളിച്ചു വരുത്തിയത്. സാധാരണക്കാരായ രോഗികൾക്ക് ലഭിക്കേണ്ട ചികിത്സ നിഷേധിച്ച കളക്ടറുടെ നടപടി അധികാര ദുർവിനിയോഗവും ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വവുമാണ്. സർക്കാരിനും റവന്യൂ വകുപ്പിനും അവമതിപ്പുണ്ടാക്കുന്നതായിരുന്നു കളക്ടർ ജെറോമിക് ജോർജിന്റെ നടപടി . ഇതിനുമുൻപ് സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധം തന്റെ മാത്രം ഉപയോഗത്തിനായി പിടിച്ചിട്ടത് വാർത്തയായിരുന്നു. സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന കളക്ടറോട് വിശദീകരണം ചോദിക്കേണ്ടതിനു പകരം ചട്ടങ്ങൾ വളച്ചൊടിച്ച് സംഘടനാ ഭാരവാഹികൾക്കെതിരെ അച്ചടക്ക ഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജോയിന്റ് കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |