SignIn
Kerala Kaumudi Online
Saturday, 27 July 2024 10.08 AM IST

വിദേശ തുറമുഖം 10 വർഷം ഇന്ത്യയ്ക്ക്

chabahar-port

ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണവും വികസനവും പത്തുവർഷത്തേക്ക് ഇനി ഇന്ത്യയ്ക്ക് സ്വന്തം. ടെഹ്‌റാനിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളിന്റെയും ഇറാൻ ഗതാഗതമന്ത്രി മെഹ്ർദാദ് ബസർപാഷിന്റെയും സാന്നിദ്ധ്യത്തിൽ ഇന്ത്യ പോർട്ട്‌സ് ഗ്ളോബലും ഇറാനിലെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനുമാണ് കരാറിൽ ഒപ്പുവച്ചത്. ഇറാന്റെ ദക്ഷിണ തീരത്തെ സിസ്‌താൻ - ബലൂചിസ്‌ഥാൻ പ്രവിശ്യയിലാണ് ചബഹാർ തുറമുഖം സ്ഥിതിചെയ്യുന്നത്. ചബഹാറിൽ രണ്ട് തുറമുഖങ്ങളാണ് ഉള്ളത്. ഷാഹിദ് കലന്താരി തുറമുഖവും ഷാഹിദ് - ബെഹെസ്‌തി തുറമുഖവും. ഇതിൽ ഷാഹിദ് ബെഹെസ‌്‌തി തുറമുഖമാണ് കരാർ പ്രകാരം പത്തുവർഷത്തേക്ക് ഇന്ത്യയ്ക്ക് ലഭിക്കുക. മദ്ധ്യേഷ്യയിലേക്കും അതുവഴി യൂറോപ്പിലേക്കുമുള്ള ചരക്കു ഗതാഗതത്തിന് പാകിസ്ഥാനെയും ചൈനയെയും മറികടന്ന് ഇന്ത്യയ്ക്ക് മേൽക്കൈ നേടാൻ ഈ കരാർ വഴിയൊരുക്കുമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

ഇതുവരെ മദ്ധ്യേഷ്യയിലേക്കും അഫ്‌ഗാനിസ്ഥാനിലേക്കും ഇന്ത്യയിൽ നിന്ന് ചരക്കുകൾ എത്തിക്കാൻ കൂടുതലും ആശ്രയിച്ചിരുന്നത് പാകിസ്ഥാനിലൂടെ കടന്നുപോകുന്ന റോഡായിരുന്നു. അതിന് പാകിസ്ഥാന്റെ അനുമതി ആവശ്യമായിരുന്നു. പലപ്പോഴും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സംഘർഷഭരിതമാകുന്ന ഘട്ടങ്ങളിൽ ഈ അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഇനി അതിന്റെ ആവശ്യമില്ല എന്നതാണ് ഈ തുറമുഖം ലഭിച്ചതിന്റെ ഏറ്റവും തന്ത്രപ്രധാനമായ പ്രാധാന്യം. ഇന്ത്യയുടെ അന്താരാഷ്ട്ര നോർത്ത് - സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറായി ചബഹാർ തുറമുഖം മാറും. ഇവിടെ നിന്ന് ചരക്കുകൾ കടൽ, റെയിൽ, റോഡ് മാർഗം ഇറാൻ, റഷ്യ, മദ്ധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനാകും. കരമാർഗം സാധനങ്ങൾ കൊണ്ടുപോകുന്ന ചെലവ് കപ്പൽ മാർഗമാകുമ്പോൾ ഏതാണ്ട് അറുപതു ശതമാനത്തോളം കുറയും. ചരക്കുകടത്തിന് വേണ്ടിവരുന്ന സമയത്തിന്റെ കാര്യത്തിലും അമ്പതു ശതമാനം കുറവുണ്ടാകും.

ഈ തുറമുഖം ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ ആദ്യം തുടങ്ങിയത് 2003-ലായിരുന്നു. പിന്നീട് പല കാര്യങ്ങളിലും ഒത്തുതീർപ്പുണ്ടാകാതെ വന്നതിനാൽ നീണ്ടുപോയി. 2016-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാൻ സന്ദർശിച്ചപ്പോൾ ഒപ്പുവച്ച കരാറുകളുടെ തുടർച്ചയായാണ് ഇപ്പോൾ ചബഹാർ തുറമുഖം ഇന്ത്യയ്ക്ക് സ്വന്തമാകുന്നത്. കരാർ ഒപ്പുവച്ചതിനു പിന്നാലെ അമേരിക്ക സുഖകരമല്ലാത്ത രീതിയിലാണ് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളുമായി കരാർ ഒപ്പുവയ്ക്കുന്നവർക്കും ഉപരോധം ഉണ്ടായേക്കാമെന്ന് ഓർമ്മ വേണമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഡെപ്യൂട്ടി വക്താവ് പറഞ്ഞത്. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയാലും ഇറാന് അവശ്യസാധനങ്ങൾ ഇന്ത്യയിൽ നിന്ന് മറ്റൊരു രാജ്യത്തിന്റെയും അനുമതി കൂടാതെ എത്തിക്കാൻ ചബഹാർ തുറമുഖം വഴി കഴിയും.

അമേരിക്കയ്ക്ക് അത്ര സുഖിക്കുന്ന കാര്യമല്ല ഇത്. അതാണ് യു.എസ് നെഗറ്റീവായി പ്രതികരിച്ചതിന്റെ അടിസ്ഥാനം. മദ്ധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ ചരക്കുനീക്കം പതിന്മടങ്ങ് വർദ്ധിക്കാനും ചബഹാർ തുറമുഖം വഴിയൊരുക്കും. പ്രധാനമന്ത്രി മോദി അടിക്കടി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതുകൊണ്ട് ഇന്ത്യയ്ക്ക് എന്താണ് പ്രയോജനമെന്നു ചോദിച്ച് വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ചബഹാർ തുറമുഖത്തിന്റെ ഏറ്റെടുക്കൽ. ഇന്ത്യൻ മഹാസമുദ്ര‌ത്തിൽ ആധിപത്യം സ്ഥാപിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. പാകിസ്ഥാനിലെ ഗ്വാദർ, ശ്രീലങ്കയിലെ ഹാംബൻതോട്ട തുറമുഖങ്ങളുടെ നിയന്ത്രണം ചൈനയ്ക്കാണ്. വ്യാപാര ആവശ്യത്തിനാണ് കരാറെങ്കിലും ചൈനീസ് ചാരക്കപ്പലുകൾ ഈ തുറമുഖങ്ങളിൽ ചുറ്റിത്തിരിഞ്ഞ് ഇന്ത്യയുടെ പ്രതിരോധ നീക്കങ്ങൾ നിരീക്ഷിക്കുക പതിവാണ്. ഇതിനെല്ലാമുള്ള ശക്തമായ ഒരു മറുപടിയായി ചബഹാർ തുറമുഖത്തിന്റെ ഭാവി വികസനം ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHABAHAR PORT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.