ലോകത്ത് ഇന്ന് വരെ ജീവിച്ചിരുന്നതിൽ ഏറ്റവും ധനികനായ മനുഷ്യന്റെ മുഖം പുനഃസൃഷ്‌ടിച്ച് ശാസ്ത്രജ്ഞർ. പ്രശസ്തനായ ഈജിപ്ഷ്യൻ ചക്രവർത്തി തുത്തൻഖാമുന്റെ മുത്തച്ഛനായ അമ്‌നോടോപ്പ് മൂന്നാമന്റെ മുഖമാണ് ഗവേഷകർ പുനസൃഷ്‌ടിച്ചിരിക്കുന്നത്. ബി.സി 14ആം നൂറ്റാണ്ടിൽ ഈജിപ്‌ത് ഭരിച്ചിരുന്ന അമ്‌നോടോപ്പ് അന്ന് മനുഷ്യദൈവമായാണ് അറിയപ്പെട്ടിരുന്നത്. പ്രജകൾക്കിടയിൽ അത്രയധികം സ്വാധീനവും പിന്തുണയും ഇദ്ദേഹത്തിനുണ്ടായിരുന്നു.
ഈജിപ്തിനെ പുരോഗതിയുടെയും സമ്പൽസമൃദ്ധിയുടെയും വിളനിലമാക്കി മാറ്റാൻ അമ്‌നോടോപ്പിന് സാധിച്ചു. ഫറവോമാരിൽ ഏറ്റവും മഹാൻ എന്ന പേര് കൂടി ഇദ്ദേഹത്തിനുണ്ട്. അമ്‌നോടോപ്പിന്റെ മമ്മിയിൽ നിന്നെടുത്ത് തലയോട്ടിയിൽ നിന്നാണ് മുഖം പുനഃസൃഷ്ടിച്ചത്. തുടർന്ന് മൂക്ക്, ചുണ്ട്, കണ്ണ്, കാത് എന്നിവയും രൂപപ്പെടുത്തി.
തങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ലെങ്കിൽ അമ്‌നോടോപ്പിന്റ ഏറ്റവും കൃത്യതയാർന്ന രൂപം ഇതായിരിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചരിത്രത്തെ സ്നേഹിക്കുന്നവർക്കുള്ള സമ്മാനമാണ് ഇപ്പോൾ സംഭവിച്ചതെന്നും അവർ പറയുന്നു. ബ്രസീലിയൻ ഗ്രാഫിക്‌സ് ഡിസൈനറായ സിസേറോ മോറിയസ് ആണ് ഫറവോയുടെ മുഖം കമ്പ്യൂട്ടറിൽ രൂപപ്പെടുത്തിയത്.
ഇതിന് മുമ്പ് ധാരാളം ഫറവോമാരുടെ മുഖം മോറിയസ് സൃഷ്‌ടിച്ചിട്ടുണ്ട്. താൻ ചെയ‌്തതിൽ ഏറ്റവും മികവാർന്ന വർക്ക് അമ്‌നോടോപ്പിന്റെതാണ് എന്നാണ് സിസേറോ മോറിയസ് പറയുന്നത്.
വായുദേവനായ അമുന്റെ മകനാണ് താൻ എന്നാണ് അമ്‌നോടോപ്പ് ജീവിതകാലത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രാചീന ഈജിപ്തിൽ ധാരാളം വൻകിട സൗധങ്ങൾ അമ്‌നോടോപ്പ് നിർമ്മിച്ചു. ഇദ്ദേഹത്തിന്റ സ്വത്ത് വകകൾക്ക് പരിധിയില്ലായിരുന്നുവത്രേ. എന്നാൽ ആരോഗ്യപരമായി ഫറവോ നല്ല രീതിയിൽ ആയിരുന്നില്ല. പൊണ്ണത്തടി, കഷണ്ടി, ദന്തരോഗങ്ങൾ എന്നിവ അമ്‌നോടോപ്പിനെ അലട്ടിയിരുന്നു. കൂടാതെ അഞ്ചടി മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഉയരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |