രാജ്യത്ത് വിലക്കയറ്റം ഇന്ധനത്തിന്റെയും അവശ്യ സാധനങ്ങളുടെയും വസ്തുവിന്റെയും സ്വർണത്തിന്റെയും മറ്റും കാര്യത്തിൽ മാത്രമല്ല സംഭവിക്കുന്നത്. അഴിമതിക്കായി വാങ്ങുന്ന തുകയുടെ വലിപ്പത്തിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. പണ്ടൊക്കെ അഴിമതി തുകകൾ ആയിരങ്ങളിൽ ഒതുങ്ങിയിരുന്നെങ്കിൽ ഇപ്പോഴത് ലക്ഷങ്ങളും കോടികളുമായാണ് മാറിയിരിക്കുന്നത്. ലക്ഷങ്ങളുടെ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥൻ ആ പണത്തിന്റെ ഒരു പങ്ക് മുകളിലേക്കും കൊടുക്കുന്ന പതിവുകളും ഇവിടെ നടക്കുന്നുണ്ട്. അതിനാൽ പരാതികൾ വന്നാലും, നോക്കാനും ഒതുക്കാനും മുകളിൽ ആളുണ്ടാകുന്നതിനാൽ നിർഭയം പലരും കൈക്കൂലി കച്ചവടം തകൃതിയായി മുന്നോട്ട് കൊണ്ടുപോവുകയാണ്. ഇവർ വാങ്ങുന്ന കൈക്കൂലി, ആ ഇടപാടുകാർ ആദ്യം അവരുടെ പോക്കറ്റിൽ നിന്ന് നൽകുമെങ്കിലും ആ പണത്തിന്റെ ഭാരം കൂടി ഒടുവിൽ ജനത്തിന്റെ തലയിലാണ് വന്നുവീഴുന്നത്.
ക്വാറി നടത്തുന്നതിന് മാസപ്പടിയായും മറ്റും ലക്ഷങ്ങൾ നൽകേണ്ടി വരുമ്പോൾ സ്വാഭാവികമായും പാറയുടെ വില കൂടും. സർക്കാർ എവിടെയൊക്കെ നിയമങ്ങൾ കർക്കശമാക്കിയിട്ടുണ്ടോ അവിടെ നിന്നാണ് ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ പണം കൈക്കലാക്കുന്നത്. കൊട്ടാരക്കര താലൂക്ക് ഓഫീസിൽ തഹസീൽദാരും സംഘവും ക്വാറിക്കാരിൽ നിന്ന് ആവശ്യപ്പെട്ട ആദ്യ തുക പത്തു ലക്ഷം രൂപയാണ്. ഇതു കൂടാതെ ക്വാറി പ്രവർത്തിച്ചു തുടങ്ങുമ്പോൾ പ്രതിമാസം രണ്ടുലക്ഷം രൂപ വീതം മാസപ്പടി നൽകണമെന്നും ആവശ്യപ്പെട്ടു. തിരൂരിൽ ക്വാറികളിലേക്ക് സ്ഫോടകവസ്തുക്കൾ എത്തിക്കുന്ന ഏജന്റിനെ കേസിൽ നിന്ന് രക്ഷപ്പെടുത്തുന്നതിനായി വളാഞ്ചേരി സ്റ്റേഷനിലെ എസ് ഐയും എസ്. എച്ച്.ഒയും കൂടി ചോദിച്ചുവാങ്ങിയത് ഇരുപത്തിരണ്ട് ലക്ഷം രൂപയാണ്. ഏതെങ്കിലും ഒരാൾ ഗതികെട്ട് പരാതി നൽകുമ്പോൾ മാത്രമാണ് അഴിമതി തടയാൻ രൂപീകരിച്ചിരിക്കുന്ന സംവിധാനങ്ങൾ ഉണരുക.
കൊട്ടാരക്കരയിൽ കേസിൽ കിടക്കുന്ന ക്വാറി വാങ്ങുന്നതിന് സഹായം നൽകാൻ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർ എം.കെ. അജികുമാറിനെയും ഡെപ്യൂട്ടി തഹസീൽദാർ വി. അനിൽകുമാറിനെയും ഡ്രൈവർ മനോജിനെയും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. കരാർ ജീവനക്കാരനായ മറ്റൊരു ഡ്രൈവർ മനോജിന്റെ സേവനം അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇവരെ പിടികൂടിയത് വിജിലൻസല്ല, മന്ത്രിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച, റവന്യൂവിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണെന്ന പ്രത്യേകതയുണ്ട്. റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറിയാണ് ഏജന്റ് ചമഞ്ഞ് തഹസീൽദാരെ സമീപിച്ചത്. കൈക്കൂലി വാങ്ങുന്നവരിൽ ഭൂരിപക്ഷവും കക്ഷിയുമായി നേരിട്ട് പണത്തിന്റെ കാര്യമൊന്നും പറയാറില്ല. അതൊക്കെ ചെയ്യിക്കുന്നത് കരാർ ജീവനക്കാരായ ഡ്രൈവർമാരെക്കൊണ്ടും മറ്റുമായിരിക്കും.
ഇവിടെയും അതുതന്നെയാണ് നടന്നത്. ഇഷ്ടിക കമ്പനി നടത്തിപ്പിന് റവന്യൂ വകുപ്പിന്റെ പാസ് കിട്ടാൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കൊട്ടാരക്കര കുളക്കട ശ്രീനിലയത്തിൽ കെ.ജെ. രാധാകൃഷ്ണപിള്ളയുടെ പരാതി കിട്ടിയതാണ് തഹസീൽദാർക്കെതിരെ അന്വേഷണം തുടങ്ങാൻ കാരണം. എന്തായാലും ഏജന്റ് ചമഞ്ഞ് ഇവരെ പിടികൂടിയ റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയും സംഘവും അഭിനന്ദനം അർഹിക്കുന്നു. ഇങ്ങനെ ലക്ഷങ്ങൾ വാങ്ങുന്നവരെ വ്യക്തമായ തെളിവുകൾ ലഭിച്ചു കഴിഞ്ഞാൽ സർവീസിൽ നിന്ന് പിരിച്ചുവിടുകയാണ് ചെയ്യേണ്ടത്. അതിനു പുറമേ ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാർ നടപടിയെടുക്കണം. അങ്ങനെ വന്നാൽ ഈ അഴിമതി ആക്രാന്തത്തിന് കുറച്ചെങ്കിലും കടിഞ്ഞാണിടാൻ കഴിഞ്ഞേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |