ലോക സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയെ കടത്തിവെട്ടി ഏഷ്യയിലെ ഏറ്റവും സമ്പന്നൻ എന്ന ടാഗ് തിരിച്ചുപിടിച്ചിരിക്കുകയാണ് ഗൗതം അദാനി. 111 ബില്യൺ ഡോളർ (92,28,29,58,00,00) സമ്പത്തുമായി ലോക സമ്പന്നരുടെ പട്ടികയിൽ 11ാം സ്ഥാനത്താണ് അദാനിയുള്ളത്. 109 ബില്യൺ ഡോളറുമായി 12ാം സ്ഥാനത്തേയ്ക്ക് അംബാനി പിന്തള്ളപ്പെടുകയും ചെയ്തു. അംബാനി കുടുംബത്തെപ്പോലെ ലൈംലൈറ്റിൽ എപ്പോഴും പ്രത്യക്ഷപ്പെടുന്നവരല്ല അദാനി കുടുംബം. അദാനിയുടെ ഭാര്യ പ്രീതി അദാനിയെക്കുറിച്ചോ മക്കളായ കരൺ അദാനിയെക്കുറിച്ചോ ജീത് അദാനിയെക്കുറിച്ചോ മിക്കവർക്കും അറിവുണ്ടാവുകയില്ല. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ ഗൗതം അദാനിയുടെ ഭാര്യയുടെ സമ്പത്ത് എത്രയെന്നറിയുമോ?
1965ൽ മുംബയിലെ ഒരു ഗുജറാത്തി കുടുംബത്തിലാണ് പ്രീതി അദാനി (നീ നവോറ) ജനിച്ചത്. അഹമ്മദാബാദിലെ സർക്കാർ ദന്തൽ കോളേജിൽ നിന്ന് ബിരുദം സ്വന്തമാക്കി. 1986ൽ 21ാം വയസിലാണ് പ്രീതി ഗൗതമിനെ വിവാഹം കഴിക്കുന്നത്. ഗൗതം അദാനിക്ക് 24 വയസായിരുന്നു അന്ന്. ഇരുവരുടെയും വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു അത്.
1988ലാണ് അദാനി ഗ്രൂപ്പ് സ്ഥാപിതമാവുന്നത്. 1996ൽ അദാനി ഫൗണ്ടേഷന് പ്രീതി രൂപം നൽകി. സമൂഹത്തിലെ നിരാലംബരായ ആളുകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മികച്ചൊരു സാമൂഹിക പ്രവർത്തകയാണ് പ്രീതി. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര ഉപജീവനമാർഗങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നഗര-ഗ്രാമ പ്രദേശങ്ങൾ തമ്മിലുള്ള അന്തരം നികത്താനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ഇന്ന് ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലായി 5753 ഗ്രാമങ്ങളിൽ അദാനി ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു.
തന്റെ വിജയങ്ങൾക്ക് കാരണം ഭാര്യയാണെന്ന് ഗൗതം അദാനി പല സന്ദർഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. 'ഞാനൊരു പത്താം ക്ളാസ് മാത്രം പാസായ കോളേജ് ഡ്രോപ്പ് ഔട്ട് ആണ്. എന്നാൽ പ്രീതി ഒരു അംഗീകൃത ഡോക്‌ടറാണ്. എന്നെക്കാളും വലിയ യോഗ്യത ഉണ്ടായിരുന്നിട്ടുകൂടി എന്നെ വിവാഹം കഴിക്കുകയെന്ന വലിയ തീരുമാനത്തിൽ ഉറച്ചുനിന്നു. എന്റെ വിജയങ്ങൾക്കുള്ള ഏറ്റവും വലിയ കാരണം എന്താണെന്ന് ചോദിച്ചാൽ, അത് പ്രീതിയാണെന്ന് ഞാൻ ചൂണ്ടിക്കാണിക്കും'- എന്നാണ് ഒരു അഭിമുഖത്തിൽ അദാനി മനസുതുറന്നത്.
2001ൽ ഭുജ് ഭൂകമ്പത്തിന് പിന്നാലെയാണ് പ്രീതി അദാനി പബ്ളിക് സ്‌കൂൾ ആരംഭിച്ചത്. ഗുജറാത്തിന്റെ സാക്ഷരതാ നിരക്ക് വർദ്ധിപ്പിക്കാൻ നിരവധി പ്രവർത്തനങ്ങളും പ്രീതി നടത്തുന്നുണ്ട്. അവരുടെ നേതൃത്വത്തിൽ അദാനി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ബഡ്‌ജറ്റ് 128 കോടി രൂപയായി ഉയർന്നിരുന്നു. ഒരു ബില്യൺ ഡോളർ (8326 കോടി) ആണ് പ്രീതി അദാനിയുടെ സമ്പത്തിന്റെ മൂല്യമായി കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |