കോട്ടയം: ചെറുമഴ പാറി. ചുണ്ടുകളിൽ മഴച്ചിരി വിരിഞ്ഞു,മിഴികൾ ചാറി. ഇടിവെട്ടുപോലെ കരച്ചിൽ മുഴങ്ങി. പാട്ടുപാടിയും അമ്മയുടെ തോളിൽ തൂങ്ങിയും മറ്റു ചിലരും. പതിവ് പ്രവേശനോത്സവക്കാഴ്ചകൾ ഇക്കുറിയും. പുതുമണം മുറ്റുന്ന ക്ളാസ് മുറികളിൽ പുത്തൻബാഗും തോളിലേന്തി കുട്ടിക്കൂട്ടത്തെ വരേവറ്റത് പ്രവേശനോത്സവം വർണാഭമായി. ലഡുവും പായസവും നൽകി സ്വീകരണം. പോകുമ്പോൾ സമ്മാനപ്പൊതിവേറെയും. അദ്ധ്യാപകരും രക്ഷിതാക്കളും ചേട്ടൻമാരുമൊക്കെ ആട്ടവും പാട്ടും ഘോഷയാത്രയുമടക്കം ഒരുക്കിയത് വിപുലമായ പരിപാടികൾ. ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം കുമരകം ഗവ. വാക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. നിർമ്മിത ബുദ്ധിയും റോബോട്ടിക്‌സുമൊക്കെ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഇടം നേടുകയാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ ലൈബ്രറിയിലേക്ക് സ്വകാര്യശേഖരത്തിൽ നിന്ന് 50 പുസ്തകങ്ങൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. ആദ്യ പുസ്തകം സ്‌കൂൾ പ്രിൻസിപ്പലിന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. വിവിധ പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |