പള്ളുരുത്തി: പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ ഒരു ദിവസം പാറാവുകാരൻ ഇല്ലെങ്കിൽ സി.ഐക്കും എസ്.ഐക്കും ടെൻഷനില്ല. കാരണം ആ ഡ്യൂട്ടി കസബൻ എന്ന നാടൻ നായ ഏറ്റെടുക്കും. സ്റ്റേഷൻ പരിസരത്ത് ആരോ ഉപേക്ഷിച്ച് പോയതാണ് കുഞ്ഞായിരുന്നപ്പോൾ ഇവനെ. അന്നത്തെ സി.ഐ സുമേഷിന് കുഞ്ഞുനായയോട് സ്നേഹം തോന്നുകയും അടുത്തുള്ള കടകളിൽ നിന്ന് പാലും ബിസ്ക്കറ്റും വാങ്ങി നൽകുകയും ചെയ്തു. അന്നത്തെ എ.സി. പി രവീന്ദ്രൻ അവന് കസബൻ എന്ന പേരും നൽകി. ഇപ്പോഴിവന് 5 വയസ് ആകുന്നു. ഇന്ന് സ്റ്റേഷനിൽ എവിടെയും കയറാനുള്ള സ്വാതന്ത്ര്യം കസബനുണ്ട്.
ചായപ്രിയൻ
രാവിലെ ചായ വേണം കസബന്. എത്ര വേണമെങ്കിലും കുടിക്കും. പക്ഷേ, അത് സമീപത്തെ ശശിയുടെ കടയിലെ ചായ ആകണമെന്ന് നിർബന്ധം. ചായ കുടിക്കാൻ ഏത് പൊലീസുകാരൻ സ്റ്റേഷൻ വിട്ടാലും കസബൻ ഒപ്പമുണ്ടാകും. ഉച്ചയ്ക്ക് ഭക്ഷണം നിർബന്ധമില്ല. രാത്രി പൊറോട്ട, ചിക്കൻ, പോട്ടി ഫ്രൈ, ഷവർമ്മ, കുഴിമന്തി എന്നിങ്ങനെ പോകുന്നു മെനു. ആഴ്ചയിലൊരിക്കൽ ഷാമ്പൂ തേച്ച് കുളി. ഇവനെ വാക്സിനെടുപ്പിക്കുന്നതും വിരകളയാനുള്ള മരുന്നും ശരീരത്തിൽ ലോഷനിടുന്നതുമെല്ലാം പൊലീസുകാർ തന്നെ. സ്റ്റേഷനിലെ രാജേഷ്, ലാലു എന്നീ പൊലീസുകാരാണ് പ്രധാനമായും കസബനെ നോക്കുന്നത്.
രാത്രി സമയങ്ങളിൽ വനിതാ പൊലീസാണ് പാറാവിനെങ്കിൽ ഒരാളെ പോലും സ്റ്റേഷൻ പരിസരത്ത് അടിപ്പിക്കില്ല. മദ്യപന്മാർക്ക് പേടിസ്വപ്നമാണ് കസബൻ, സമീപത്തെ കച്ചവടക്കാർക്ക് പ്രിയങ്കരനും. കഴുത്തിൽ ബെൽറ്റും കസബൻ എന്ന ലോക്കറ്റുമിട്ട് ഔദ്യോഗിക പൊലീസ് നായയുടെ ഗെറ്റപ്പിലാണ് നടപ്പ്.
ഞാൻ സി.ഐ. ആയി വന്നനാൾ മുതൽ കസബൻ ഇവിടെയുണ്ട്. രാത്രി ഡ്യൂട്ടി നോക്കുന്ന വനിതാ പൊലീസിന് ഇവൻ ധൈര്യമാണ്.
സൻജു ജോസഫ്
സി.ഐ. പള്ളുരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |