ആദ്യ ഫല സൂചന എട്ടരയോടെ
കണ്ണൂർ:ഇന്നു രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഇ.വി.എമ്മിലെ വോട്ട് എണ്ണുന്നതിന് 98 ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ള്ത്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 വീതം ടേബിളുകളുണ്ടാകും. ഇതിനു പുറമെ പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് 34 ടേബിളുകളും ഉണ്ടാകും. ഇ.ടി.ബി.എസ് ( ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റെഡ് പോസ്റ്റൽ ബാലറ്റ്) എണ്ണുന്നതിന് 10 ടേബിളുകളും സജ്ജമാക്കിയിട്ടുണ്ട്.
വോട്ടെണ്ണൽ കേന്ദ്രമായ ചാല ചിൻടെക്കിൽ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും ജില്ലാ കലക്ടറുടെയും സിറ്റി പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തിൽ യോഗം ചേർന്ന് വോട്ടെണ്ണൽ ഒരുക്കങ്ങളുടെ അവസാന ഘട്ട വിലയിരുത്തൽ നടത്തി.
പൊതു നിരീക്ഷകൻ മാൻവേന്ദ്ര പ്രതാപ് സിങ്ങ്, വോട്ടെണ്ണൽ നിരീക്ഷകരായ അഭയ് നന്ദകുമാർ കാർഗ്ടുക്കർ, ഭൂപേന്ദ്ര സിങ് പരാസ്‌തെ ജില്ലാ കളക്ടർ അരുൺ കെ വിജയൻ എന്നിവർ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ച് ഒരുക്കങ്ങളും ക്രമീകരണങ്ങളും നേരിട്ട് വിലയിരുത്തി.
ഓരോ റൗണ്ട് കഴിയുമ്പോഴും ഫലം
ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും അതിന്റെ ഫലം ഉടൻ തന്നെ നൽകണമെന്നും അനാവശ്യ താമസം വരാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും പൊതു നിരീക്ഷകൻ മാൻവേന്ദ്ര പ്രതാപ് സിംഗ് നിർദേശിച്ചു. വോട്ടെണ്ണലിന്റെ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണം. വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ അച്ചടക്കം പാലിക്കുന്നതിലും അസി.റിട്ടേണിംഗ് ഓഫീസർമാർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
98 ടേബിളുകൾ
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ(ഇ.വി.എം) വോട്ടുകൾ എണ്ണുന്നതിന് ഓരോ നിയമസഭാ മണ്ഡലത്തിനും 14 ടേബിളുകൾ വീതം ആകെ 98 ടേബിളുകളാണ് ക്രമീകരിക്കുന്നത്. ബന്ധപ്പെട്ട അസി. റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇ.വി.എം വോട്ടുകൾ എണ്ണുക. ഒരു സ്ഥാനാർഥിക്ക് ആകെ 98 ഏജന്റുമാരെ ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണുന്ന ടേബിളുകളിലേക്ക് നിയോഗിക്കാം.
പോസ്റ്റൽ ബാലറ്റുകൾക്ക് 34 ടേബിളുകൾ
പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിലേക്ക് 34 ടേബിളുകൾ ക്രമീകരിക്കും. ഒരു സ്ഥാനാർത്ഥിക്ക് ആകെ 34 ഏജന്റുമാരെ പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്ന ടേബിളുകളിലേക്ക് നിയോഗിക്കാം. റിട്ടേണിങ്ങ് ഓഫീസറായ ജില്ലാ കലക്ടറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് പോസ്റ്റൽ ബാലറ്റുകൾ എണ്ണുക.
സർവ്വീസ് വോട്ടുകൾ (ഇടിപിബിഎസ്) സ്‌കാൻ ചെയ്യുന്നതിലേക്ക് 10 ടേബിളുകൾ ഉണ്ടാകും. സ്ഥാനാർഥികൾക്ക് ഇവിടെ ഒരു ഏജന്റിനെ വെക്കാം.
.
ആകെ വോട്ടർമാർ: 1358368
പോൾ ചെയ്തത്: 1044860
നിയമസഭാ മണ്ഡലം പോൾ ചെയ്ത വോട്ടുകൾ ആകെ വോട്ടർ (ബ്രായ്ക്കറ്റിൽ ), ശതമാനം ക്രമത്തിൽ താഴെ
തളിപ്പറമ്പ് 178301(231295), 80.57%
ഇരിക്കൂർ 143334(197680) , 72.50%
അഴിക്കോട് 138584(185094), 74.87%
കണ്ണൂർ 132255(178732), 73.99%
ധർമ്മടം 158202(199115) ,79.45%
മട്ടന്നൂർ 159218(195388),81.48%
പേരാവൂർ 134966(181064),74.54%
പോസ്റ്റൽ വോട്ടുകൾ 14911
ലോക്‌സഭാ മണ്ഡലത്തിലെ ആകെ പോസ്റ്റൽ വോട്ടുകൾ 14911 ആണ്. കണ്ണൂർ ലോക് സഭാ മണ്ഡലത്തിൽ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിവരെ ലഭിച്ച ഇ.ടി.പി.ബി.എസ് വോട്ടുകൾ 2456 ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |