വിഴിഞ്ഞം: വീടിനോട് ചേർന്ന ഒരുസെന്റ് സ്ഥലത്ത് ചെറുവനമൊരുക്കി കല്ലിയൂർ പുന്നമൂട് കൊല്ലം വിളാകത്ത് വീട്ടിൽ മനോജ് സോമൻ എന്ന 44കാരൻ. ആകെയുള്ള 8 സെന്റ് സ്ഥലത്ത് മൂന്നര സെന്റിൽ വീടാണ്. ജൈവ വൈവിദ്ധ്യങ്ങൾ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തിലാണ് വീടിന്റെ മുറ്റത്ത് മനോജ് വനം തയ്യാറാക്കിയത്. അപൂർവയിനങ്ങളായ ഊങ്ങ്, വലംപിരി ഇടം പിരി, റോസ് ആപ്പിൾ, എല്ലുരുക്കി പച്ചില ഉൾപ്പെടെ 50 ലേറെ മരങ്ങളാണ് ഇവിടെയുള്ളത്. 2020ലാണ് മനോജ് വനം വച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. സ്വന്തമായാണ് നിലം ഒരുക്കലും തൈനടലും നടത്തിയത്. പൂർണമായും ഉപയോഗിച്ചത് ജൈവവളം. വീടിന് സമീപം ചെറുവനമുള്ളതിനാൽ കടുത്ത വേനലിൽപ്പോലും വീട്ടിൽ ചൂട് അറിഞ്ഞില്ലെന്ന് മനോജ് പറഞ്ഞു. പകൽ സമയത്ത് ചൂടിൽ നിന്ന് രക്ഷതേടി അയൽവാസികളും ഇവിടെയെത്താറുണ്ട്. കിളികളും പൂമ്പാറ്റകളും ഇവിടത്തെ അന്തേവാസികളായെന്നും അദ്ദേഹം പറഞ്ഞു.
മിയാവാക്കി, പരിസ്ഥിതി സംരക്ഷണ പ്രവർത്തകനായ മനോജ് ജില്ലയിലെ ഏറ്റവും വലിയ പച്ചത്തുരുത്ത് വനം നിർമ്മിക്കുന്നതിന് നേതൃത്വം നൽകിയിട്ടുണ്ട്. മൂന്നുവർഷം മുൻപ് മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ 20 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് നിർമ്മിക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |