മാഹി: മാഹിയിലെ ഏക ഫ്രഞ്ച് ഹൈസ്‌കൂളായ എക്കോൽ സെന്ത്രാൽ കൂർകോപ്ളമെന്തേർ പുതുച്ചേരി സർക്കാരിന്റെ അവഗണന മൂലം പൂട്ടേണ്ടിവരുമോയെന്ന് ആശങ്ക ഉയരുന്നു. ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കാത്തതിനാൽ പുതുതായി കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ മടിക്കുന്നതാണ് ആശങ്കയുടെ അടിസ്ഥാനം.
കെട്ടിടമടക്കം മികച്ച സൗകര്യങ്ങൾ കോംപ്ളമെന്തേറിലുണ്ട്. ഫ്രഞ്ച് പഠിക്കാൻ വഴിയില്ലാത്തതിനാൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ മടിക്കുകയാണ്. ടി.സി വാങ്ങി മറ്റിടങ്ങളിലേക്ക് കുട്ടികൾ പോകുന്ന സാഹചര്യവുമുണ്ട് . പുതുച്ചേരി സർക്കാരാകട്ടെ കേരളത്തിലെ ഏക സർക്കാർ ഫ്രഞ്ച് ഹൈസ്‌കൂളിനോട് വർഷങ്ങളായി കടുത്ത അവഗണനയിലുമാണ്.ഫ്രഞ്ച് സ്കൂളിൽ നിലവിൽ തസ്തികകളൊന്നും നികത്തിയിട്ടില്ല. ഹൈസ്കൂൾ വിഭാഗത്തിൽ ആറ് പേരാണ് വേണ്ടത്. രണ്ട് ഹൈസ്‌കൂൾ അദ്ധ്യാപകരാണ് ഇവിടെ ഉള്ളത്. ഇവരെ മറ്റു രണ്ടു വിദ്യാലയത്തിനും കൂടി വിട്ടുകൊടുത്തിരിക്കുകയാണ്. ആഴ്ച്ചയിൽ മൂന്ന് ദിവസം മാത്രമാണ് ഇവരുടെ സേവനം ഇവിടെ ലഭിക്കുന്നത്.
മറ്റൊരു വിദ്യാലയത്തിലെ ഫ്രഞ്ച് അറിയുന്ന ലക്ച്ചററെയും ഫ്രഞ്ച് അറിയുന്ന പ്രൈമറി ടീച്ചർമാരെയും കൊണ്ടാണ് നിലവിൽ അദ്ധ്യയനം മുന്നോട്ടു കൊണ്ടുപോവുന്നത്.രണ്ട് പൂർവവിദ്യാർത്ഥികളെ പി.ടി.എ കഴിഞ്ഞ വർഷം അദഅധ്യാപകരായി നിയമിച്ചിരുന്നു.
അഞ്ചാം തരം വരെയുള്ള കാര്യങ്ങൾ നോക്കാൻ അഞ്ച് പ്രൈമറി ടീച്ചർമാരെ വേണം. നിലവിൽ നാലുപേർ മാത്രമാണുള്ളത്. ഇതിൽ രണ്ടുപേർ താൽക്കാലികക്കാരും. ഫ്രഞ്ച് സ്‌കൂളിലേക്ക് ഗണിതം, സാമൂഹിക ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം എന്നീ വിഷയങ്ങളിലേക്ക് അദ്ധ്യാപകരെ എടുത്തിട്ടുണ്ടെങ്കിലും ഇവർക്കാർക്കും ഫ്രഞ്ച് ഭാഷ കൈകാര്യം ചെയ്യാനറിയില്ലെന്നതിനാൽ മറ്റു സ്‌കൂളുകളിലേക്ക് മാറ്റിയിരിക്കുകയാണ്. രേഖയിൽ ആവശ്യത്തിന് അദ്ധ്യാപകരുണ്ടെങ്കിലും ഫലത്തിൽ വിദ്യാർത്ഥികൾക്ക് സേവനം ലഭിക്കാത്ത സ്ഥിതിയാണ്.
ഫ്രഞ്ച് സ്കൂളിന്റെ സംഭാവനകൾ
ഷെവലിയർ പുരസ്‌ക്കാര ജേതാവ് എം.മുകുന്ദൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എം.രാഘവൻ,
ലോക പ്രശസ്ത ചിത്രകാരന്മാരായ കെ.ജി.സുബ്രഹ്മണ്യം, പാരിസ് മോഹൻ കുമാർ , സീസർ അവാർഡ് ജേതാവ് ഫ്രഞ്ച് ചലച്ചിത്രകാരൻ നാരാ കൊല്ലരി, രണ്ടാം ലോക മഹായുദ്ധത്തിൽ ഫ്രഞ്ച് ഭരണകൂടം ഉന്നത ബഹുമതി നൽകി ആദരിച്ച സൈനിക മേധാവി പാരീസ് കുമാരൻ തുടങ്ങി പലപ്രമുഖരും ഇവിടെ നിന്ന് ഫ്രഞ്ച് വിദ്യാഭ്യാസം നേടി ആഗോള പ്രശസ്തരായവരാണ്. ഫ്രഞ്ച് വിദ്യാലയത്തെ സംരക്ഷിക്കണമെന്ന് നോവലിസ്റ്റ് എം.മുകുന്ദനും, വിഖ്യാത ചിത്രകാരൻ മോഹൻ കുമാർ പാരീസും ആവശ്യപ്പെട്ടിട്ടുണ്ട്.
ഔദ്യോഗിക ഭാഷയിലൊന്ന്
233 വർഷം ഭരിച്ച മയ്യഴിയിൽ നിന്ന് ഫ്രഞ്ചുകാർ വിടപറഞ്ഞെങ്കിലും ഫ്രഞ്ചു ഭാഷയെയും സംസ്‌കാരത്തെയും ഇന്നും മാഹി കൈവിട്ടിട്ടില്ല. മാഹി അടങ്ങുന്ന പുതുച്ചേരി സംസ്ഥാനത്തെ അഞ്ച് ഔദ്യോഗിക ഭാഷകളിലൊന്നാണ് ഇപ്പോഴും ഫ്രഞ്ച്. അതിനാൽ മാഹിയിലുള്ള ഏക ഫ്രഞ്ച് മീഡിയം സ്‌കൂൾ ആയ എക്കോൽ സെന്ത്രാൽ കുർ കോംപ്ലമെന്തേർ മഹെക്കും ആ പ്രാധാന്യമുണ്ട്.പുതുച്ചേരിയിൽ ഫ്രഞ്ച് ഭാഷാ പരിപോഷണത്തിനായി വിദ്യാഭ്യാസ വകുപ്പിൽ പ്രത്യേക വിഭാഗവും ഡെപ്യൂട്ടി ഡയറക്ടറും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |