കൊല്ലം: അനന്യയിലെ ചിത്രകാരി, കൊവിഡ് കാലത്ത് പൊടിതട്ടിയെടുത്ത വരവൈഭവം ഇപ്പോൾ മൂന്നാം ക്ളാസിലെ പാഠപുസ്തകത്താളുകളിൽ കുഞ്ഞനുജൻമാർക്കും അനുജത്തിമാർക്കും പഠിക്കാനുള്ള പടങ്ങളായി നിറഞ്ഞുനിൽക്കുന്നു.
വിമലഹൃദയ സ്കൂൾ വിദ്യാർത്ഥിനിയും പുനലൂർ വില്ലേജ് ഓഫീസറായ അയത്തിൽ ജി.എൻ നഗർ മന്ദിരത്തിൽ എസ്.സുഭാഷിന്റെയും ശ്രീജയുടെയും മകളുമായ അനന്യയെ, ലോക് ഡൗണിൽ വീണുകിട്ടിയ ഒഴുവ് ദിവസങ്ങളാണ് ചിത്രകാരിയാക്കിയത്. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി എസ്.ഇ.ആർ.ടി തയ്യാറാക്കിയ മൂന്നാം ക്ലാസിലെ ശാസ്ത്ര പുസ്തകങ്ങളിൽ 10 ചിത്രങ്ങൾ അനന്യയുടേതാണ്. ഈ പുസ്തകത്തിലേക്ക് ചിത്രം വരച്ച ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയും മറ്റാരുമല്ല.
കുട്ടിക്കാലത്ത് തന്നെ ചിത്രരചനയോട് താത്പര്യമുണ്ടായിരുന്നു. കൊവിഡ് സമയത്ത് സമയം കൊല്ലാൻ അനന്യ ചിത്രകലയിൽ സജീവമായി. മുമ്പ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചിത്രരചനയിൽ ഹാട്രിക് വിജയം നേടിയിരുന്നു. കലോത്സവത്തിൽ എ.ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെ ഒക്ടോബറിൽ നടന്ന എസ്.സി.ഇ.ആർ.ടി ക്യാമ്പിൽ ദ്വിദിന പരിശീലനത്തിന് ക്ഷണിച്ചു. ഇവിടെ വച്ചാണ് പാഠപുസ്തകത്തിലേക്ക് ചിത്രം വരച്ച് നൽകാൻ എസ്.സി.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് ആവശ്യപ്പെട്ടത്. ജീവജലം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പല രൂപം ഒരു ജീവിതം എന്നിവയായിരുന്നു വിഷയങ്ങൾ. 10 ചിത്രങ്ങളും പറഞ്ഞ സമയത്തിനുള്ളിൽ അനന്യ അധികൃതർക്ക് കൈമാറി.
വാട്ടർ കളർ, ഓയിൽ പെയിന്റിംഗ്, അക്രിലിക്, കാരിക്കേച്ചർ, ലൈവ് സ്കെച്ച് എന്നിവയാണ് അനന്യയുടെ ഇഷ്ട ഇനങ്ങൾ. മൂന്നാം വയസിൽ ചിത്രരചനയിൽ പിച്ചവച്ചെങ്കിലും അഞ്ചാം ക്ലാസിലാണ് വരയെപ്പറ്റി കൂടുതൽ അടുത്തറിഞ്ഞത്. 2022 ൽ സർക്കാരിന്റെ തളിര് മാസികയുടെ കവർ ചിത്രം വരച്ചത് അനന്യയാണ്.
റെക്കാഡിനുടമ
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 67 രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ ഒരു മണിക്കൂറിൽ വരച്ച് ഏഷ്യ ബുക്ക് ഒഫ് റെക്കാഡ് ഉൾപ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്. സ്വന്തം സ്കൂളിലെ ചുമരുകളിലും അനന്യയുടെ ചിത്രങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. കളക്ടറാകണമെന്നാണ് ആഗ്രഹം. ചിത്രരചനയിലൂടെ ലഭിച്ച 100ൽ അധികം പുരസ്കാരങ്ങൾ വീട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |