17 വീടുകളുടെ നിർമ്മാണം പാതിവഴിയിൽ
ട്രൈബൽ വകുപ്പ് അനുവദിച്ച രണ്ടു ലക്ഷം ലഭിക്കാത്തത് പ്രതിസന്ധി
കുമരംപുത്തൂർ: കാരാപ്പാടം ആദിവാസി കോളനിയിലുള്ളവരുടെ പുനരധിവാസ പദ്ധതി പാതിവഴിയിൽ. രണ്ടുവർഷം മുമ്പ് ആരംഭിച്ച നിർമ്മാണം പൂർത്തിയാകാത്തതിനാൽ കാലവർഷം ശക്തമാകും മുമ്പേ പുതിയ വീട്ടിലേക്കു മാറാമെന്ന കോളനി നിവാസികളുടെ മോഹം നടക്കില്ല. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന കാരാപ്പാടം കോളനിക്കാർ ഈ മഴക്കാലത്ത് എങ്ങനെ അതിജീവിക്കുമെന്ന് അറിയാതെ ആശങ്കയിലാണ്.
2018-ലെ പ്രളയത്തിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായതിനെ തുടർന്നാണ് ഇവരെ സുരക്ഷിത സ്ഥലത്തേക്കു പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനായി റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഓരോ കുടുംബത്തിനും പത്തുലക്ഷം രൂപ വീതം അനുവദിച്ചു. ആറു ലക്ഷം രൂപ സ്ഥലം വാങ്ങാനും നാലു ലക്ഷം രൂപ വീടു നിർമ്മിക്കാനുമാണ്. നാലു ലക്ഷം രൂപ കൊണ്ടു വീടു നിർമ്മാണം പൂർത്തിയാകില്ലെന്നു കണ്ടതോടെ പട്ടികവർഗ വകുപ്പ് രണ്ടു ലക്ഷം രൂപ കൂടി അനുവദിച്ചു.
വീട് നിർമ്മാണം പാതിവഴിയിൽ
ഊരിൽ 17 വീടുകളാണുള്ളത്. ഇവർക്കായി മൈലാംപാടത്തു സ്ഥലം കണ്ടെത്തി വീടുകളുടെ നിർമ്മാണവും ആരംഭിച്ചു. നിലവിൽ മേൽക്കൂര വാർപ്പു കഴിഞ്ഞിട്ടേയുള്ളൂ. ഇനി ചുമർ തേക്കുന്ന ജോലിയും നിലം ശരിയാക്കലും ഉൾപ്പെടെയുള്ള ജോലികൾ ബാക്കിയാണ്. നാലു ലക്ഷം രൂപയാണു വീടിനായി ഇതുവരെ അനുവദിച്ചത്. ട്രൈബൽ വകുപ്പ് അനുവദിച്ച രണ്ടു ലക്ഷം രൂപ ലഭിക്കാത്തതാണു നിർമ്മാണം നിലയ്ക്കാൻ കാരണമെന്നാണ് അറിയുന്നത്. ഒരു ലക്ഷം രൂപ കിട്ടിയാൽ തേപ്പ് പൂർത്തിയാക്കാനാവുമെന്ന് കരാറുകാർ പറയുന്നു.
ഭീതിയോടെ ജനം
കാരാപ്പാടം ഊരിലെ വീടുകളിൽ ഭീതിയോടെയാണു ജനങ്ങൾ കഴിയുന്നത്. നിലവിലുള്ള വീടുകൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ്. ആർസി വീടുകളാണെങ്കിലും ചോർച്ചയ്ക്കു കുറവില്ല. കുരുത്തിച്ചാൽ പുഴയുടെ ഓരത്താണ് ആദിവാസി ഊര്. മലയിൽ മഴ പെയ്താൽ നിമിഷങ്ങൾക്കകം ജലനിരപ്പ് ഉയരും. പലപ്പോഴും രാത്രിയാണു മലവെള്ളപ്പാച്ചിൽ ഉണ്ടാവാറുള്ളത്.
മഴക്കാലമായാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയാണ് എല്ലാ വർഷവും. ക്യാമ്പുകളിലെ ജീവിതം ദുസഹമാണ്. ഇത്തവണ ക്യാമ്പുകളിലേക്കു പോകില്ല. അടിയന്തരമായി തുക അനുവദിച്ച് വീടു നിർമ്മാണം പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്നാണ് ഊരുനിവാസികൾ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |