SignIn
Kerala Kaumudi Online
Thursday, 20 June 2024 8.41 PM IST

പഠിക്കും, തിരുത്തും...!

cm

ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭയിൽ അഴിച്ചുപണി വരുത്തി പ്രതിച്ഛായ മെച്ചപ്പെടുത്താനാണ് സർക്കാരിന്റെ ശ്രമം. കൂടുതൽ ജനക്ഷേമ, വികസന പ്രവർത്തനങ്ങൾ അതിവേഗ സംവിധാനത്തിലൂടെ നടപ്പാക്കുന്നതിന് പദ്ധതി തയ്യാറാവുകയാണ്. ഇതിനു പുറമെ മന്ത്രിമാരുടെ വകുപ്പുകൾ മാറ്റിയും തിരഞ്ഞെടുപ്പിൽ വിജയിച്ച കെ. രാധാകൃഷ്ണന് പകരം പുതിയ മന്ത്രിയെ കൊണ്ടുവന്നും മുഖംമിനുക്കാനാണ് ശ്രമം. അടുത്തവർഷം തദ്ദേശ തിരഞ്ഞെടുപ്പും 2026ൽ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തിലാണ് അടിയന്തര പ്രാധാന്യത്തോടെയുള്ള മുഖംമിനുക്കൽ.

മന്ത്രിസഭാ അഴിച്ചുപണി ഉടനുണ്ടാവുമെന്നാണ് സൂചന. സർക്കാരിന് പുതിയ പ്രതിച്ഛായ നൽകി സി.പി.എമ്മിന്റെയും ഇടതു മുന്നണിയുടെയും മുഖം രക്ഷിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിൽ ഇതിന്റെ സൂചനയുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കുമെന്നാണ് പിണറായി പറഞ്ഞത്. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും. ജനങ്ങളെ ചേർത്തു നിറുത്തി നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി അടിയുറച്ച നിലപാടുകളുമായി മുന്നേറുന്നതിനുള്ള സമഗ്രവും സൂക്ഷ്മതലത്തിലുള്ളതുമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും- മുഖ്യമന്ത്രി പറഞ്ഞു.

കെ. രാധാകൃഷ്ണൻ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പകരം പുതിയ മന്ത്രി വരേണ്ടതുണ്ട്. അതിന് പുറമെയാണ് ചില മന്ത്രിമാരുടെ വകുപ്പുകൾ മാറ്രുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുന്നത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൽ തടസം നേരിട്ടതും സർക്കാർ ജീവനക്കാരുടെ ആനുകൂല്യം മുടങ്ങിയതും ധനകാര്യവകുപ്പിന് വലിയ പേരുദോഷമുണ്ടാക്കിയിട്ടുണ്ട്. ജീവാനന്ദം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമും ധനമന്ത്രിയും തമ്മിൽ അത്ര സ്വരച്ചേർച്ചയിലല്ല. പദ്ധതി നിർബ്ബന്ധമല്ലെന്ന മട്ടിൽ ധനകാര്യവകുപ്പ് പത്രക്കുറിപ്പ് ഇറക്കിയത് മുഖ്യമന്ത്രിയെയും ചൊടിപ്പിച്ചിരുന്നു. തോമസ് ഐസക്ക് ധനമന്ത്രിയായിരുന്നപ്പോൾ ഇത്തരം പ്രതിസന്ധികളുണ്ടായിട്ടില്ലെന്ന തരത്തിൽ ഒരുവിഭാഗം വാദമുയർത്തുന്നുണ്ട്. തോമസ് ഐസക്കിന്റെ കാലത്തേക്കാൾ തനത് വരുമാനത്തിൽ ഗണ്യമായ വളർച്ച തന്റെ കാലത്ത് ഉണ്ടായതായി ഇപ്പോഴത്തെ ധനകാര്യമന്ത്രി സമീപകാലത്ത് ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കെ.എൻ. ബാലഗോപാൽ ധനവകുപ്പ് ഒഴിയാനിടയുണ്ട്. കടുത്ത ആരോഗ്യപ്രശ്നങ്ങളും ബാലഗോപാലിനെ അലട്ടുന്നുണ്ട്. മേയ് മാസത്തിൽ കൂട്ടത്തോടെ വിരമിച്ചവരുടെ ആനുകൂല്യങ്ങൾ കൊടുത്തുതീർക്കുന്നതും ധനവകുപ്പിന് വെല്ലുവിളിയാണ്.

ആരോഗ്യവകുപ്പിന്റെ പ്രതിച്ഛായയും അത്ര മികച്ചതല്ല. തുടർച്ചയായി വിവാദങ്ങൾ കേൾക്കേണ്ടി വരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യു പീഡനം,ശസ്ത്രക്രിയകളിൽ തുടരെയുണ്ടാവുന്ന പിഴവുകൾ തുടങ്ങി നിത്യേന പലവിധ ആരോപണങ്ങൾ ആരോഗ്യവകുപ്പ് നേരിടുന്നു. ഇതെല്ലാം സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചതായി ഇടതു മുന്നണി നേതൃത്വത്തിനും വിലയിരുത്തലുണ്ട്. കെ.രാധാകൃഷ്ണന് പകരം മന്ത്രി സ്ഥാനത്തേക്ക് ചില പേരുകൾ കേൾക്കുന്നുണ്ട്. മാനന്തവാടി എം.എൽ.എ ഒ.ആർ കേളു, കോങ്ങാട്ടെ ശാന്തകുമാരി, കെ.എം.സച്ചിൻദേവ് (ബാലുശ്ശേരി), പി.വി.ശ്രീനിജൻ (കുന്നത്തുനാട്) തുടങ്ങിയ പേരുകൾക്കാണ് മുൻതൂക്കം.

അടുത്ത വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ലോകസഭാ തിരഞ്ഞെടുപ്പിലെ തിക്താനുഭവം ആവർത്തിക്കാതിരിക്കാൻ ഭരണത്തിൽ മെല്ലെപ്പോക്കെന്ന ആക്ഷേപം മറികടക്കാനാണ് ശ്രമം. കൂടുതൽ ജനക്ഷേമ, വികസന പ്രവർത്തനങ്ങൾ അതിവേഗ സംവിധാനത്തിലൂടെ നടപ്പാക്കും. അടുത്ത 18മാസത്തിനകം പൂർത്തീകരിക്കാനാവുന്ന വികസന പദ്ധതികൾ അടിയന്തരമായി കണ്ടെത്തി വിശദാംശങ്ങൾ കൈമാറാൻ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും ചീഫ്സെക്രട്ടറി ഡോ.വി.വേണു നിർദ്ദേശം നൽകി. ഇവ സർക്കാരിന്റെ മുൻഗണനാ പട്ടികയിലുൾപ്പെടുത്തി അടിയന്തരമായി നടപ്പാക്കും. സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കെ-ഫോൺ, ലൈഫ്, നഗരഗതാഗത പദ്ധതികൾ, ചെറുകിട തുറമുഖ വികസന പദ്ധതികൾ, ജലപാതാ വികസനം എന്നിവയെല്ലാം ഉദ്ദേശിച്ച വേഗംകിട്ടാതെ ഇഴയുകയാണ്. വിഴിഞ്ഞം തുറമുഖ വികസനത്തിന് അനിവാര്യമായ ഔട്ടർ റിംഗ് റോഡ്, കോഴിക്കോട്- തിരുവനന്തപുരം മെട്രോ പദ്ധതികൾ, നഗരങ്ങളിലെ റോഡ് വികസനം, സംയോജിത ഗതാഗത പദ്ധതികൾ എന്നിവയ്ക്കും വേഗം പോരാ. ശബരിമല വിമാനത്താവളമടക്കം വൻകിട പദ്ധതികൾക്ക് കേന്ദ്രാനുമതി നേടിയെടുക്കേണ്ടതുമുണ്ട്. ഇതിനെല്ലാം വകുപ്പ് സെക്രട്ടറിമാരുടെ ഭാഗത്തുനിന്ന് ഊർജ്ജിത നടപടികളുണ്ടാവണം.

ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ കൂട്ടാനുമുള്ള പദ്ധതികളും നടപ്പാക്കും. വ്യവസായ സംരംഭങ്ങൾക്ക് അനുമതികൾ നൽകുന്നതിനുള്ള നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ ഭേദഗതികൾ വരുത്തിയെങ്കിലും പ്രതീക്ഷിച്ചതുപോലെ നിക്ഷേപകരെ ആകർഷിക്കാനായിട്ടില്ല. വ്യവസായ സൗഹൃദ റാങ്കിംഗിൽ രാജ്യത്ത് 15-ാം സ്ഥാനത്താണ് കേരളം. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യവർഷത്തിൽ തന്നെ റാങ്കിംഗിൽ പത്താമതെത്തുമെന്നും അഞ്ച് വർഷത്തിനകം ഒന്നാം സ്ഥാനത്തെത്തുമെന്നുമാണ് പ്രകടനപത്രികയിലെ വാഗ്ദാനം. ഗവർണർ ബില്ലിലൊപ്പിട്ടതോടെ ഭൂമിതരംമാറ്റൽ, പട്ടയഭൂമിയിലെ നിർമ്മാണം ക്രമപ്പെടുത്തൽ അടക്കം നടപടികളും വേഗത്തിലാക്കും. സിൽവർലൈൻ പോലെ വൻകിട പദ്ധതികൾക്ക് പിന്നാലെ പോവാതെ, ജനങ്ങൾക്ക് അനുഭവവേദ്യമാവുന്നതും ഒന്നരവർഷം കൊണ്ട് നടപ്പാക്കാനാവുന്നതുമായ വികസന പ്രവർത്തനങ്ങൾക്കായിരിക്കും മുൻതൂക്കം.

ലക്ഷ്യം

തിരഞ്ഞെടുപ്പ്

അടുത്ത ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പും 2026ൽ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽകണ്ടാണ് സർക്കാരിന്റെ മുഖംമിനുക്കൽ. ജനക്ഷേമ പദ്ധതികളും വികസനങ്ങളും നടപ്പാക്കുന്നതിലൂടെ സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പദ്ധതികൾ സർക്കാരിന്റെ മുൻഗണനാ പട്ടികയിലുൾപ്പെടുത്തി അടിയന്തരമായി നടപ്പാക്കാനാണ് തീരുമാനം. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ കൂട്ടാനുമുള്ള പദ്ധതികളും നടപ്പാക്കും. യുവാക്കളുടെ രോഷം ജനവിധിയിൽ പ്രകടമായ സാഹചര്യത്തിൽ പി.എസ്.സി റാങ്ക് പട്ടികയിൽ നിന്ന് പരമാവധി നിയമനവുമുണ്ടാവും. സാധാരണക്കാർക്ക് അടച്ചുറപ്പുള്ള വീട് നൽകുമെന്ന സർക്കാരിന്റെ ഉറപ്പ് ലൈഫ് പദ്ധതിയിൽ പാലിക്കാനായില്ല. 7വർഷംകൊണ്ട് പിണറായി സർക്കാർ പൂർത്തിയാക്കിയത് 3.49ലക്ഷം വീടുകളാണ്. 1.17ലക്ഷം നിർമ്മാണ ഘട്ടത്തിലാണ്. 2025 മാർച്ചിൽ 5ലക്ഷം വീടുകൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CMPINARAYI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.