ന്യൂഡൽഹി : നീറ്റ് യു.ജി പരീക്ഷാഫലം വിവാദമായ പശ്ചാത്തലത്തിൽ ആരോപണവിധേയമായ ആറു കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയവരുടെ മാർക്കുകൾ വിലയിരുത്തി തുടർനടപടി ശുപാർശ ചെയ്യാൻ നാലംഗ ഉന്നതാധികാര സമിതി രൂപീകരിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് മുൻ യു.പി.എസ്.സി ചെയർമാൻ അദ്ധ്യക്ഷനായ സമിതിയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ കേന്ദ്രങ്ങളിൽ വീണ്ടും പരീക്ഷ നടത്തണോ, അവിടെ പരീക്ഷയെഴുതിയവരുടെ മാർക്ക് പുനഃപരിശോധിക്കണോ എന്ന കാര്യങ്ങളിൽ സമിതി ശുപാർശ നൽകും.
പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഡയറക്‌ടർ ജനറൽ സുബോധ് കുമാർ സിംഗ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യംഅറിയിച്ചത്. പ്രവേശന നടപടികൾ തടസ്സംകൂടാതെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ ജജ്ജർ, ചണ്ഡിഗർ, ഛത്തീസ്ഗഢ്, ഗുജറാത്തിലെ സൂറത്ത്, ബീഹാറിലെ ബഹാദൂർഗഡ്, മേഘാലയ എന്നിവിടങ്ങളിലെ പരീക്ഷാസെന്ററുകൾക്ക് എതിരെയാണ് വ്യാപക ആക്ഷേപമുയർന്നത്. ഒ.എം.ആർ. ഷീറ്റുകൾ നൽകാൻ വൈകിയതിനാൽ ഈ സെന്റുകളിലെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് അധികൃതരുടെ വിശദീകരണം. ഫിസിക്സിലെ ഒരു ചോദ്യത്തിന് രണ്ട് ശരിയുത്തരങ്ങൾ ഉണ്ടായിരുന്നു. രണ്ടിൽ എതെഴുതിയാലും മാർക്ക് കൊടുക്കേണ്ടിവന്നു.അങ്ങനെ ഉയർന്ന സ്കോർ ലഭിച്ചവരുടെ എണ്ണം കൂടിയെന്നാണ് അധികൃതരുടെ വിശദീകരണം.
1600ൽപ്പരം വിദ്യാർത്ഥികളുടെ ഫലത്തിലാണ് ദുരൂഹത. ഗ്രേസ് മാർക്ക് നൽകിയതിലൂടെ 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഡയറക്‌ടർ ജനറൽ സുബോധ് കുമാർ സിംഗ് പറഞ്ഞു. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ.സഞ്ജയ് മൂർത്തിയും സന്നിഹിതനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |