SignIn
Kerala Kaumudi Online
Thursday, 18 July 2024 3.45 AM IST

നല്ല ദിനങ്ങൾ വരുമോ?

modi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം കേന്ദ്ര മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. കഴിഞ്ഞ തവണകളിൽ നിന്ന് വ്യത്യസ്തമായി എൻ.ഡി.എയിലെ പ്രമുഖ ഘടകകക്ഷികളായ തെലുങ്കുദേശത്തിന്റെയും ജെ.ഡി.യുവിന്റെയും പിന്തുണയോടെയാവും ഇത്തവണ ഭരണം. കേവല ഭൂരിപക്ഷത്തിന് 32 എം.പിമാരുടെ കുറവുള്ളതിനാൽ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് സഖ്യകക്ഷികളുമായും മറ്റും ആലോചിക്കേണ്ടിവരും. ജനാധിപത്യ വ്യവസ്ഥയിൽ കൂട്ടുകക്ഷി ഭരണം പുതിയ കാര്യമല്ല. ഇവർക്ക് അധിക കാലം മുന്നോട്ടു പോകാൻ കഴിയില്ലെന്ന് പ്രതീക്ഷിക്കുന്നവർ, തൊണ്ണൂറുകളിൽ ഭൂരിപക്ഷം തികയാതെ അധികാരത്തിലേറിയ നരസിംഹറാവു സർക്കാർ അഞ്ചുവർഷം തികച്ചതും,​ രണ്ട് എം.എൽ.എമാരുടെ മാത്രം ഭൂരിപക്ഷം ലഭിച്ച ഉമ്മൻചാണ്ടി സർക്കാർ കേരളത്തിൽ കാലാവധി തികച്ചതും ഓർമ്മിക്കുന്നത് നല്ലതായിരിക്കും.

ഭരണകാലാവധി തികയ്ക്കാനുള്ള തന്ത്രവും മികവും കൈമുതലായുള്ള രാഷ്ട്രീയ നേതാവു തന്നെയാണ് നരേന്ദ്രമോദി. ആദ്യമായി നിയമസഭാംഗമായ വേളയിൽ മുഖ്യമന്ത്രിയായതുപോലെ, ആദ്യമായി ലോക്‌സഭാംഗമായപ്പോൾ പ്രധാനമന്ത്രിയുമായ രാഷ്ട്രീയ നേതാവാണ് മോദി. ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരുന്നത് പരിണതപ്രജ്ഞനായ മോദിയെപ്പോലും അമ്പരിപ്പിച്ച വസ്തുതയാണെന്നതും കാണാതിരുന്നുകൂടാ. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നു കണക്കാക്കിയാൽ മോദിക്ക് കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തെ മറികടക്കുന്ന നേട്ടം വരുന്ന അഞ്ചുവർഷംകൊണ്ട് നേടാനാകും. 'അച്ഛാ ദിൻ" വരുന്നു എന്നു പറഞ്ഞാൽ മാത്രം പോരാ, രാജ്യത്തെ പൗരന്മാർക്ക് അവരുടെ ജീവിതനിലവാരം ഉയരുന്നതിലൂടെ നല്ല ദിനങ്ങൾ ബോദ്ധ്യപ്പെടുകയും വേണം.

പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിൽ നിന്ന് പാഠം പഠിച്ചു തുടങ്ങുന്നു എന്ന സൂചന നൽകുന്നതാണ് മൂന്നാം തവണ പ്രധാനമന്ത്രിയായതിനു ശേഷം മോദി ഒപ്പിട്ട ആദ്യ ഫയൽ. സൗത്ത് ബ്ളോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റതിനു ശേഷം ആദ്യം ഒപ്പിട്ടത് കർഷക ക്ഷേമ പദ്ധതിയായ പി.എം കിസാൻ നിധിയുമായി ബന്ധപ്പെട്ട ഫയലാണ്. കിസാൻ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ളതാണിത്. ഏകദേശം ഇരുപതിനായിരം കോടി രൂപയാണ് വിതരണം ചെയ്യുക. 9.3 കോടി കർഷകർക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും. ഫയലിൽ ഒപ്പുവച്ചതിനു ശേഷം,​ കേന്ദ്ര സർക്കാർ കർഷകക്ഷേമത്തിന് പൂർണമായും സമർപ്പിക്കപ്പെട്ട ഒന്നായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ സൂചന നൽകുന്നതിനാണ് കർഷകരുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഫയലിൽ ആദ്യം ഒപ്പിട്ടത്. വരും നാളുകളിൽ കർഷകർക്കും കാർഷികമേഖലയ്ക്കും വേണ്ടി ഏറെ ചെയ്യാനുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

രാജ്യത്തു നടന്ന കർഷക സമരത്തെ കേന്ദ്ര സർക്കാർ ആദ്യം അവഗണിക്കുകയും പിന്നീട് പൊലീസ് നടപടികളിലൂടെ കഠിനമായി നേരിടുകയും ചെയ്തത് അന്നുതന്നെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നെങ്കിലും ദേശവിരുദ്ധർ സമരത്തിനിടയിൽ നുഴഞ്ഞുകയറി എന്ന പ്രചാരണത്തിനാണ് കേന്ദ്രം അന്ന് പ്രാധാന്യം നൽകിയത്. തുടക്കത്തിൽത്തന്നെ ചർച്ചചെയ്ത് തത്കാലത്തേക്ക് പുതിയ കാർഷിക നിയമങ്ങൾ മരവിപ്പിച്ച് തീർക്കാമായിരുന്ന സമരം മാസങ്ങളോളം നീട്ടി വഷളാക്കിയതിനു ശേഷമാണ് സർക്കാർ പിറകോട്ടു മാറിയത്. ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിക്കേറ്റ തിരിച്ചടിക്ക് കർഷകരെ പിണക്കിയതിന്റെ കൈയൊപ്പ് വീണിട്ടുണ്ട് എന്നത് പല രാഷ്ട്രീയ നിരീക്ഷകരും ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഇന്ത്യ ഇന്നും കാർഷിക മേഖലയെ ആശ്രയിച്ചു നിൽക്കുന്ന രാജ്യമാണ്. ഇന്ത്യയുടെ സംസ്കാരം ഉരുത്തിരിഞ്ഞ് വന്നതും കാർഷികവൃത്തിയിൽ നിന്നാണ്. ഇന്ത്യൻ വേദാന്തത്തിൽ ബ്രഹ്മമായി തന്നെയാണ് അന്നത്തെ കാണുന്നത്. അപ്പോൾ കാർഷിക മേഖലയ്ക്കും കർഷകർക്കും സംഭവിക്കുന്ന പുരോഗതിയാണ് ഇന്ത്യയുടെ യഥാർത്ഥ പുരോഗതിയായി വിലയിരുത്തപ്പെടേണ്ടത്. ആ ദിശയിലേക്ക് മോദി നീങ്ങാൻ തുടങ്ങി എന്നതിന്റെ സൂചന നൽകിയത് നല്ല ദിനങ്ങൾ വരാൻ തുടങ്ങുന്നു എന്നതിന്റെ നിമിത്തമായി തന്നെ കണക്കാക്കാം.

പുതിയ കേന്ദ്രമന്ത്രിസഭയിൽ രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്ഗരി, ശിവ്‌രാജ് സിംഗ് ചൗഹാൻ, നിർമ്മല സീതാരാമൻ, എസ്. ജയശങ്കർ തുടങ്ങി ഭരണപരിചയത്തിൽ തഴക്കമുള്ളവർ ഉൾപ്പെടെ 30 ക്യാബിനറ്റ് മന്ത്രിമാരാണ് ഉള്ളത്. അഞ്ചു പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായപ്പോൾ 36 പേർ സഹമന്ത്രിമാരുമായി. മോദിക്കൊപ്പം 71 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഘടകകക്ഷികളിൽ നിന്ന് 12 പേർ മാത്രമാണ് മന്ത്രിമാരായത്. ടി.ഡി.പിയിൽ നിന്നും ജെ.ഡി.യുവിൽ നിന്നും രണ്ടുപേർ വീതം മാത്രം. മന്ത്രിമാരിൽ 27 പേർ ഒ.ബി.സി വിഭാഗങ്ങളിൽ നിന്നും പത്തുപേർ ദളിത് വിഭാഗങ്ങളിൽനിന്നും അഞ്ചു പേർ പട്ടികവർഗ വിഭാഗങ്ങളിൽ നിന്നും ഉള്ളവരാണ്.

പ്രതീക്ഷിച്ചതുപോലെ സുരേഷ് ഗോപിയും അപ്രതീക്ഷിതമായി ജോർജ് കുര്യനും കേന്ദ്ര സഹമന്ത്രിമാരായത് കേരളത്തിന് അഭിമാനിക്കാനും സന്തോഷിക്കാനും വകനൽകുന്നു. രണ്ടാം മോദി മന്ത്രിസഭയിൽ സഹമന്ത്രിമാരായി രണ്ട് മലയാളികൾ ഉണ്ടായിരുന്നു- വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും.

ലോക്‌സഭയിലേക്ക് ഒരിക്കലും താമര വിരിയുന്ന ഇടമല്ല കേരളം എന്ന പ്രചാരണം ആദ്യമായി പൊളിച്ചതിന്റെ ക്രെഡിറ്റ് സുരേഷ് ഗോപിക്ക് അർഹതപ്പെട്ടതാണ്. തൃശൂർ കേന്ദ്രീകരിച്ച്, പരാജയങ്ങൾക്കു ശേഷവും പ്രവർത്തിച്ചതും ബി.ജെ.പി എന്ന പാർട്ടിയുടെ വലയത്തിനപ്പുറമുള്ള ബന്ധങ്ങളിലേക്കും സൗഹൃദങ്ങളിലേക്കും കടന്നുചെന്നതുമാണ് സുരേഷ് ഗോപിയെ വലിയ ഭൂരിപക്ഷത്തോടെ തൃശൂരിൽ നിന്ന് ജയിപ്പിച്ച പ്രധാന ഘടകങ്ങൾ. തൃശൂരിൽ മാത്രമല്ല,​ സംസ്ഥാനത്ത് എവിടെയും സാധാരണക്കാരന്റെ വേദനകളിലും പ്രശ്നങ്ങളിലും ഇടപെടുകയും മനുഷ്യത്വത്തോടെയും സഹാനുഭൂതിയോടെയും ഇടപെടുകയും ചെയ്യുന്ന സുരേഷ് ഗോപിയെ വേറിട്ട ഒരു സിനിമാനടനും രാഷ്ട്രീയക്കാരനുമായാണ് കേരള സമൂഹം വിലയിരുത്തിയിട്ടുള്ളത്. തീർച്ചയായും കേരളത്തിന്റെ പ്രശ്നങ്ങളിൽ ഭാവിയിൽ അദ്ദേഹം നിർണായക ഇടപെടലുകൾ നടത്തി റിസൾട്ട് സൃഷ്ടിക്കുമെന്ന് നിസംശയം പ്രതീക്ഷിക്കാം.

ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം ഒരു ഞെട്ടലോടെയാണ് കേരളത്തിൽ പലരും കേട്ടതെങ്കിലും ഞെട്ടിപ്പിക്കുന്ന പല സംഭാവനകളും കേരളത്തിനും അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിക്കും ഇനി ഉണ്ടാകാൻ പോകുന്നതേയുള്ളൂ. എവിടെയും ഇടിച്ചുകയറാതെ പിന്നിലേക്ക് ഒതുങ്ങി നിൽക്കുന്ന പ്രകൃതമുള്ള കുര്യനു ലഭിച്ച മന്ത്രിസ്ഥാനം അദ്ദേഹത്തിന്റെ ഫലേച്ഛ കൂടാതെയുള്ള പാർട്ടി പ്രവർത്തനത്തിനു ലഭിച്ച അംഗീകാരമാണ്. 44 വർഷം മുൻപ് ബി.ജെ.പി രൂപീകൃതമായപ്പോൾ ഒപ്പം ചേർന്ന് നടന്നു തുടങ്ങിയതാണ് കുര്യൻ. ആ യാത്ര സഫലമായിരിക്കുന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം. പ്രതിരോധം, ധനകാര്യം, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ പ്രധാന വകുപ്പുകൾക്ക് ബി.ജെ.പി മന്ത്രിമാർ തന്നെ നേതൃത്വം നൽകുമെന്നതിനാൽ ഇപ്പോൾ തുടരുന്ന മികച്ച പ്രകടനം കൂടുതൽ വ്യാപിപ്പിക്കാൻ വരും ദിനങ്ങളിൽ കഴിയുമെന്ന് കരുതാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.