SignIn
Kerala Kaumudi Online
Monday, 24 June 2024 3.44 AM IST

തൃശൂരിലെ 'കെെ'വിട്ട കളി

k-muraleedharan

തൃശൂരിലെ കോൺഗ്രസിൽ പോയ കാലങ്ങളിൽ ഗ്രൂപ്പ് പോരാണ് കൊടുമ്പിരി കൊളളാറുളളത്. എയും ഐയും തമ്മിലുളള പോര് കാരണം നഷ്ടപ്പെട്ട സീറ്റുകളേറെ. നിയമസഭ, ലോക്സഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലെല്ലാം അത് തിരിച്ചടിച്ചിട്ടുണ്ട്. ലീഡറുടെ തട്ടകമെന്ന് പതിറ്റാണ്ടുകൾക്ക് മുൻപേ വിശേഷണം കിട്ടിയ തൃശൂരിൽ ലീഡർ കെ.കരുണാകരനും മകൻ കെ.മുരളീധരനും മകൾ പത്മജാ വേണുഗോപാലുമെല്ലാം തിരഞ്ഞെടുപ്പിൽ അടിപതറി വീണിട്ടുണ്ട്. തൃശൂർ ലോക്സഭാ മണ്ഡലത്തിലും വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലും മുൻപ് പരാജിതനായ കെ.മുരളീധരൻ വീണ്ടും തൃശൂരിൽ വീണിരിക്കുകയാണ്. അതും മൂന്നാം സ്ഥാനത്ത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറ്റവും ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന കെ.മുരളീധരന്റെ വീഴ്ചയ്ക്ക് പ്രധാന കാരണം ഗ്രൂപ്പ് പോരായിരുന്നില്ല. കേരളത്തിൽ യു.ഡി.എഫ് തരംഗമുണ്ടായപ്പോൾ കെ.മുരളീധരൻ പരാജയപ്പെടുന്നത് കേന്ദ്ര നേതൃത്വത്തെയും ഞെട്ടിച്ചു. പ്രതിച്ഛായ കൊണ്ടും കൃത്യമായ നിലപാടുകളാലും തീപ്പൊരി പ്രസംഗത്താലും ജനങ്ങളുടെ മനസിൽ സ്ഥാനം നേടിയ കെ.മുരളീധരന്റെ വീഴ്ച ഒരിക്കലും അദ്ദേഹത്തിന്റെ വീഴ്ചയല്ലെന്ന് ആർക്കാണ് അറിയാത്തത്?

സംഘടനാ ദൗർബല്യമെന്ന വലിയ ആപത്തിലാണ് തൃശൂരിലെ കോൺഗ്രസുളളത്. പണ്ട് ഉണ്ടായിരുന്ന ഗ്രൂപ്പുകൾ ഒന്നാകെ നിഷ്‌ക്രിയമാകുകയും ഗ്രൂപ്പുനേതാക്കൾ ചേർന്ന് സംഘടിക്കുകയും ചെയ്തപ്പോൾ പാർട്ടിയുടെ പ്രവർത്തനം താറുമാറായി. നേതൃത്വത്തിന്റെ വീഴ്ച പലപ്പോഴും പുറത്തുവരികയും ചെയ്തു. ജില്ലയിലെ നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് പോയതും ക്ഷീണമുണ്ടാക്കി. താഴെത്തട്ടിലുള്ള പ്രവർത്തനം മുൻകാലങ്ങളിൽ കാണാത്ത തരത്തിലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പലയിടങ്ങളിലും പ്രവർത്തിക്കാൻ ആളില്ലാത്ത നിലയിലായിരുന്നു. ഡി.കെ. ശിവകുമാറിന്റെ ചടങ്ങിൽ പോലും വേണ്ടത്ര പ്രവർത്തകരില്ലാതായതും തിരിച്ചടിച്ചു. പാർട്ടിവോട്ട് നിലനിറുത്താനുള്ള ശ്രമമുണ്ടായില്ലെന്ന് മാത്രമല്ല, ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയായിരുന്നു പലയിടങ്ങളിലും നിഴലിച്ചത്. പാർട്ടിയോട് പിണങ്ങിയവർക്ക് ബി.ജെ.പിയോട് അനുഭാവമുണ്ടായപ്പോൾ അത് പ്രതിരോധിക്കാനുമായില്ല. മുരളീധരന്റെ പ്രചാരണപ്രവർത്തനങ്ങൾക്ക് ഏകോപനമുണ്ടായില്ലെന്നതും ഗുരുതരവീഴ്ചയായി. പത്മജയെ ബി.ജെ.പി കരുവാക്കിയപ്പോൾ പ്രതിരോധിക്കാനായില്ലെന്നു മാത്രമല്ല അനാവശ്യമായി പത്മജയെ വാക്കുകൾ കൊണ്ട് ആക്രമിക്കാനായിരുന്നു പലരുടേയും ശ്രമം.

പോസ്റ്റർ, കൂട്ടത്തല്ല്, കുത്തിയിരിപ്പ്....


മുരളീധരന്റെ തോൽവിക്കു പിന്നാലെ ടി.എൻ. പ്രതാപനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി ആക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്തതോടെ കലങ്ങിമറിയുകയായിരുന്നു തൃശൂർ ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയം. ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറയെ പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്ന് മർദ്ദിച്ചുവെന്ന പരാതിയിൽ ജോസ് വള്ളൂർ അടക്കം ഇരുപതിലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. സജീവൻ മർദ്ദിച്ചെന്ന് ആരോപിച്ച് വള്ളൂർ വിഭാഗത്തിലെ രണ്ടു പേരും ചികിത്സ തേടിയിട്ടുണ്ട്. സജീവൻ കുരിയച്ചിറയ്ക്കും ഏഴുപേർക്കുമെതിരെയും കേസെടുത്തിരുന്നു. ഡി.സി.സി ഓഫീസിൽ വെച്ച് മർദ്ദിച്ചെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. വെള്ളിയാഴ്ച വൈകിട്ടാണ് മുരളീധരൻ പക്ഷവും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പക്ഷവും തമ്മിൽ കൈയാങ്കളിയുണ്ടായത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തൃശൂരിൽ മൂന്നാം സ്ഥാനത്തായതിനെ ചൊല്ലി വിമർശനവും പോസ്റ്റർ പ്രചാരണവുമുണ്ടായിരുന്നു. ഇതേച്ചൊല്ലിയാണ് കൈയാങ്കളിയുണ്ടായത്. തുടർച്ചയായ നാ​ലുദിവസവും പോസ്റ്ററുകൾ തൃശൂരിൽ നിറഞ്ഞിരുന്നു. ​എം.​പി.​വി​ൻ​സെ​ന്റ്,​ ​അ​നി​ൽ​ ​അ​ക്ക​രെ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ ​തൃ​ശൂ​ർ​ ​പ്ര​സ് ​ക്ല​ബി​നു​ ​മു​ന്നി​ലാ​ണ് കഴിഞ്ഞദിവസം ​പോ​സ്റ്റ​ർ പ്രത്യക്ഷപ്പെട്ടത്. ഡി.സി.സിക്കു മുന്നിലും പോസ്റ്ററുകൾ നിറഞ്ഞിരുന്നു.​ ​എം.​പി.​വി​ൻ​സെ​ന്റ് ​യു.​ഡി.​എ​ഫ് ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​നം​ ​രാ​ജി​വ​യ്ക്കു​ക,​ ​അ​നി​ൽ​ ​അ​ക്ക​രെ​യെ​ ​വി​ളി​ക്കൂ,​ ​കോ​ൺ​ഗ്ര​സി​നെ​ ​ഒ​റ്റി​ക്കൊ​ടു​ക്കൂ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് പോസ്റ്ററിൽ ​എ​ഴു​തി​യി​ട്ടു​ള്ള​ത്.​ ​

വികസനം ചർച്ചയായി, വികസനമുരടിപ്പും

ഇടതുപക്ഷം ഭരിക്കുന്ന കോർപറേഷനിൽ പോലും വികസനഫണ്ട് എത്തിച്ചതും ടി.എൻ. പ്രതാപൻ എം.പിയെക്കാളും സജീവമായി വികസനത്തിൽ ഇടപെടുന്നുവെന്ന ധാരണയും സൃഷ്ടിച്ചതാണ് നഗരത്തിലും തൃശൂർ നിയമസഭാ മണ്ഡലത്തിലും എൻ.ഡി.എ മുന്നേറ്റത്തിന് വഴിയൊരുക്കിയതെന്നാണ് പ്രധാന കണക്കുകൂട്ടലുകളിലാെന്ന്. അതു തന്നെയാണ് കോൺഗ്രസ് ക്യാമ്പുകളെ ചൊടിപ്പിച്ചത്. അതേസമയം, അപ്രതീക്ഷിത തിരിച്ചടിയിൽ താഴേത്തട്ട് മുതൽ എന്ത് സംഭവിച്ചെന്ന് ആഴത്തിൽ പഠിച്ച് ആത്മപരിശോധനയിലാണ് ഇടതുക്യാമ്പ്. പ്രചാരണ പ്രവർത്തനങ്ങൾ നയിക്കുന്നതിൽ പാകപ്പിഴകൾ സംഭവിച്ചതായാണ് ഇടതുനേതൃത്വത്തിനെതിരേയുളള വിമർശനങ്ങളിലൊന്ന്. കരുവന്നൂർ വിവാദത്തെ തുടർന്ന് സി.പി.എം പ്രതിരാേധത്തിലാകുകയും പാർട്ടി ഫണ്ട് മരവിപ്പിച്ചുവെന്ന റിപ്പോർട്ടുകളും പ്രചാരണത്തെ ഉലച്ചു. മന്ത്രിമാർ പോലും പൂരവിവാദത്തിൽ ഗൗരവത്തോടെ ഇടപെട്ടിരുന്നില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ നടപടിയെടുത്തില്ലെന്നും ആരോപണമുയർന്നിരുന്നു.

ഒടുവിൽ നടപടി

കെ.മുരളീധരന്റെ തോൽവിക്കും തുടർന്നുണ്ടായ ഡി.സി.സി ഓഫീസിലെ കൂട്ടത്തല്ലിനും പിന്നാലെ തൃശൂർ ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂരിനും യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി.വിൻസെന്റിനുമെതിരെ നടപടിയിലേക്കും കോൺഗ്രസ് കടന്നു. പാർട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും രാ‌ജിവച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാനായി മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹനെ നിയമിച്ചേക്കും. അതേസമയം സ്ഥിരമായി പ്രസിഡന്റിനെ നിയമിക്കണമെന്നത് സംബന്ധിച്ച് വൈകിയും ഡൽഹിയിൽ ചർച്ച നടന്നിരുന്നു. കെ.മുരളീധരന്റെ തോൽവിയിൽ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും. ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂരിനെ നേരത്തെ കോൺഗ്രസ് നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൂട്ടത്തല്ലിൽ വിശദീകരണവുമായി ജോസ് വള്ളൂരും രംഗത്തെത്തി. കൂട്ടത്തല്ല് മദ്യലഹരിയിൽ ഡി.സി.സി സെക്രട്ടറി സജീവൻ കുരിച്ചിറയുടെ നേതൃത്വത്തിൽ ഉണ്ടായതാണെന്നായിരുന്നു വിശദീകരണം. കെ.എസ്.യു നേതാവിനെയും സോഷ്യൽ മീഡിയാ കോർഡിനേറ്ററെയും പ്രകോപനമില്ലാതെ സജീവൻ മർദ്ദിച്ചുവെന്നും പറഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുമായിട്ടായിരുന്നു ജോസ് വള്ളൂർ ഡൽഹിയിൽ നേതാക്കളെ കാണാനെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.