തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ എച്ച്.എസ്.ടി അദ്ധ്യാപക നിയമനവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട രേഖകൾ കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവ്. രേഖകൾ കാണാതായ സംഭവത്തിനു പിന്നിൽ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ വൻ ക്രമക്കേടുണ്ടായെന്നും ഇക്കാര്യം പൊലീസോ അതിലും ഉയർന്ന ഏജൻസികളോ അന്വേഷിക്കണമെന്നും വിവരാവകാശ കമ്മിഷണർ എ. അബ്ദുൾ ഹക്കീം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ആലപ്പുഴ ജില്ലയിലെ എച്ച്.എസ്.ടി സോഷ്യൽ സയൻസ് അദ്ധ്യാപക നിയമനത്തിൽ പി.എസ്.സി നടപടികളുടെയും തസ്തികമാറ്റം, സ്ഥാനക്കയറ്റം, ആശ്രിത നിയമനം തുടങ്ങിയവ സംബന്ധിച്ചും വിവരങ്ങൾ ആവശ്യപ്പെട്ട് കായംകുളം സ്വദേശി എൻ. നസ്റിൻഖാൻ നൽകിയ അപ്പീലിലാണ് വിവരാവകാശ കമ്മിഷണറുടെ ഉത്തരവ്. പരാതിക്കാരൻ ആവശ്യപ്പെട്ട രേഖകളും വിവരങ്ങളും മാർച്ച് 4നകം ലഭ്യമാക്കണമെന്ന് നേരത്തെ കമ്മിഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ, നൽകിയ വിവരങ്ങൾ അപൂർണമാണെന്ന പരാതിയെ തുടർന്ന് കമ്മിഷൻ നടത്തിയ സിറ്റിംഗിൽ അദ്ധ്യാപകരുടെ നേരിട്ടുള്ള നിയമനം, പ്രൊമോഷൻ, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ച കാര്യങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി.
കൂടാതെ, കേഡർ സ്ട്രെംഗ്ത് രജിസ്റ്റർ, അഡ്വൈസ് മെമ്മോ, നിയമന ഉത്തരവ് തുടങ്ങിയവയുടെ 10 വർഷമായുള്ള രേഖകളും കാണാതായെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യത്തിൽ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായതെന്നും രേഖകൾ കാണാതായതിൽ കുറ്രകൃത്യം നടന്നതായി സംശയമുണ്ടെന്നും കമ്മിഷണർ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തിൽ പൊലീസോ അതിനു മുകളിലുള്ള ഏജൻസിയോ അന്വേഷണം നടത്തണം. അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വകുപ്പുതല വിജിലൻസ് നേരത്തെ നൽകിയ അന്വേഷണ റിപ്പോർട്ടിലെ ശുപാർശകൾ വേഗത്തിൽ നടപ്പിലാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നടപടിയെടുക്കണം. കമ്മിഷൻ ഉത്തരവുകൾ നടപ്പാക്കിയതിന്റെ റിപ്പോർട്ട് ജൂലായ് 31നകം ലഭ്യമാക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |