തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവ മെഡലിന് ആറാം തവണയും ശുപാർശ. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബാണ് ഇതു സംബന്ധിച്ച ശുപാർശ സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. നേരത്തെ അഞ്ചു തവണ സംസ്ഥാനം ഇതേ ശുപാർശ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നെങ്കിലും ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം തള്ളുകയായിരുന്നു.
സംസ്ഥാനത്ത് അടുത്ത ഡി.ജി.പി പദവിയിലേക്ക് പരിഗണിക്കാനുള്ളവരുടെ പട്ടികയിൽ അജിത് കുമാറും ഉൾപ്പെട്ടിരിക്കെയാണ് വിശിഷ്ട സേവ മെഡലിന് വീണ്ടും ശുപാർശ. നേരത്തെ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ അജിത് കുമാറിന് ലഭിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽപ്പെട്ടിരുന്ന ഇദ്ദേഹത്തിന് അടുത്തിടെയാണ് വിജിലൻസ് ക്ളീൻചിറ്റ് നൽകിയത്. തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ, പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങിയ വിവാദങ്ങളും ഇദ്ദേഹവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. പൂരം അലങ്കോലപ്പെടുത്തൽ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്.
ചില ആർ.എസ്.എസ് നേതാക്കളുമായി ഇദ്ദേഹം നടത്തിയ കൂടിക്കാഴ്ച വിശിഷ്ട സേവ മെഡലിന് വേണ്ടിയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.സി.പി.ഐ നേതൃത്വം ഉൾപ്പെടെ അജിത് കുമാറിനെതിരെ പരസ്യ പ്രതികരണം നടത്തിയിട്ടും ക്രമസമാധാന ചുമതലയിൽ നിന്ന് ഏറെ നാൾ കഴിഞ്ഞാണ് സർക്കാർ മാറ്റിയത്. ഇന്റലിജൻസ് എ.ഡി.ജി.പി പി.വിജയനെതിരെ കരിപ്പൂർ 'സ്വർണ്ണം പൊട്ടിക്കൽ" സംഭവവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് വ്യാജമൊഴി നൽകിയ സംഭവത്തിൽ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന ശുപാർശ സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് നൽകിയിരുന്നു. തുടർ നടപടികൾ ഉണ്ടായില്ല. ഇത്തരത്തിൽ ഒരു റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |