കോഴഞ്ചേരി : ആദിപമ്പ - വരട്ടാർ പുനർജ്ജീവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച തടയണകൾ മഴക്കാലമായതോടെ വിനയായി. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ ആദിപമ്പയിലെയും വരട്ടാറിലെയും സുഗമമായ ഒഴുക്കിന് തടയണകൾ തടസമാകുകയാണ്. നദീ പുനർജീവനത്തിന്റെ ഭാഗമായി മണ്ണും മണലും നീക്കം ചെയ്യാനായി ലോറികൾ എത്തിക്കാനും മണ്ണ് ഖനനത്തിനുമായാണ് തടയണകൾ നിർമ്മിച്ചത്. ആദിപമ്പയ്ക്ക് കുറുകെ മണ്ണിട്ട് നികത്തി ലോറി പോകുന്നതിനുള്ള പാതയായി തടയണ കെട്ടുകയായിരുന്നു. ചേലൂർക്കടവ് പാലത്തിന് 200 മീറ്റർ കിഴക്ക് ഭാഗത്ത് ലോറി പോകുന്നതിനും പുതുക്കുളങ്ങര ക്ഷേത്രത്തിന് കിഴക്ക് വരട്ടാറിലെ മണൽ അരിച്ചുമാറ്റുന്നതിനായും തടയണ കെട്ടിയിരുന്നു.
മണൽ കടത്തോ ?
വരട്ടാറിൽ നവീകരണത്തിന് നേതൃത്വം നൽകുന്ന ഇറിഗേഷൻ വകുപ്പുതന്നെ ഒഴുക്കിന് തടസമാകുന്ന പ്രവർത്തികൾ ചെയ്യുന്നതായി പരാതിയുണ്ട്. 2018ലെ പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതായുള്ള പ്രവർത്തിയുടെ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചെളിനീക്കം കാര്യക്ഷമമല്ല. ഇവിടെ നിന്ന് മണൽ കടത്തുകയാണെന്നാണ് ആക്ഷേപം. നദിയുടെ ഇരുകരകളിലും ചെളി കൂനകൂട്ടി വച്ചിരിക്കുന്നത് നീക്കം ചെയ്തിട്ടില്ല. മഴയിൽ ചെളി വീണ്ടും നദിയിലേക്കുതന്നെ ഒലിച്ചിറങ്ങുകയാണ്.
ആറ് വർഷം, നദിയൊഴുകിയില്ല
പമ്പയിലെ വഞ്ചിപ്പോട്ടിൽ കടവിൽ നിന്ന് തുടങ്ങി നാല് കിലോമീറ്റർ ആദിപമ്പയായും തുടർന്ന് പടനിലം ഭാഗത്തുനിന്ന് ആരംഭിച്ച് ഒൻപതു കിലോമീറ്റർ വരട്ടാറായും ഒഴുകി ഇരമല്ലിക്കര കീഴ്ചേരിമേൽ കടവിന് സമീപം മണിമലയാറ്റിൽ ചേരുന്നതാണ് ആദിപമ്പ - വരട്ടാർ നദികൾ. കയ്യേറ്റം മൂലം ഇല്ലാതായ നദികളെ 2018ലാണ് ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുക്കാൻ ശ്രമം ആരംഭിച്ചത്. ആദ്യഘട്ടം ജനകീയ പങ്കാളിത്തത്തോടെയായിരുന്നു. രണ്ടാംഘട്ട പ്രവർത്തികൾക്കായി കോടികളുടെ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. പുതുക്കുളങ്ങര, ആനയാർ, തൃക്കയ്യിൽ എന്നീ കടവുകളിൽ പാലം നിർമ്മിച്ചു. ഇനി മാമ്പറ, പ്രയാർ, വഞ്ചിമൂട്ടിൽ കടവ് എന്നിവിടങ്ങളിൽ പാലം നിർമ്മിക്കണം.
രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക്
അനുവദിച്ച തുക : 43.93 കോടി രൂപ
തടയണകൾ നദികളുടെ സ്വാഭാവിക ഒഴുക്കിന് തടസമാകുകയാണ്. ദുരന്ത നിവാരണ വിഭാഗം ഇടപെട്ട് ഇത് പൊളിച്ച് നീക്കണം. തടയണ വെള്ളക്കെട്ടിനും കാരണമാകും.
വരട്ടാറിന്റെ തീരവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |