കുന്നംകുളം: തൃശൂർ - കുറ്റിപ്പുറം റോഡ് ഉടൻ സഞ്ചാര യോഗ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.സി.മൊയ്തീൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 33.23 കിലോമീറ്റർ ദൈർഘ്യമുള്ള തൃശൂർ - കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ വികസിപ്പിക്കുന്നതിന് 316.82 കോടിയാണ് അനുവദിച്ചിരുന്നത്.
2021 സെപ്‌റ്റംബർ ഒമ്പതിന് പ്രവൃത്തി ആരംഭിച്ചെങ്കിലും പദ്ധതി പൂർത്തീകരിക്കാനോ വർക്ക് ഷെഡ്യൂൾ അനുസരിച്ച് പുരോഗതി ഉണ്ടാക്കാനോ കരാറുകാർക്കായിട്ടില്ല. തുടർന്ന് മേയ് മാസത്തിൽ കരാർ കമ്പനിയെ ടെർമിനേറ്റ് ചെയ്തു. പദ്ധതി റീടെൻഡർ ചെയ്യാനുള്ള നടപടിയാരംഭിച്ചിട്ടുണ്ടെങ്കിലും ആയതിന് കാലതാമസം നേരിടുമെന്നതിനാൽ ഈ കാലയളവിൽ റോഡ് ഗതാഗത യോഗ്യമാക്കി നിലനിറുത്തണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
29 ലക്ഷത്തിന്റെ പ്രീ മൺസൂൺ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുകയും സാങ്കേതികാനുമതി നൽകുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേകയോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |