നാട്ടിലെ ഒറ്റമുറി വീട് ബാക്കി
ഗുരുവായൂർ: ഈ മാസം അഞ്ചിന് ആദ്യമായി കുവൈറ്റിലേക്ക് പോയ ചാവക്കാട് തെക്കൻ പാലയൂർ ബിനോയ്തോമസ് ആഗ്രഹിച്ചത് ഒന്നു മാത്രം. മൂന്ന് സെന്റിൽ പി.എം.എ.വൈ പദ്ധതി പ്രകാരം നിർമ്മിച്ച ഒറ്റമുറി വീട് വലുതാക്കണം.പക്ഷേ,അവിടെ കാത്തിരുന്നത് മരണം.
ആറിനുതന്നെ ഹൈപ്പർ മാർട്ടിൽ പാക്കിംഗ് ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചിരുന്നു.താമസ സൗകര്യം ലഭിച്ചത് അഗ്നിബാധയുണ്ടായ ഫ്ളാറ്റിലും. സുഹൃത്ത് ബെൻ മരണവിവരം സ്ഥിരീകരിച്ചതോടെ ഒരു കുടുംബത്തിന്റെ ചിറകറ്റു.
തിരുവല്ല തോപ്പിൽ തോമസ് ബാബുവിന്റെ മകനായ ബിനോയ് തോമസ്(44) വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയത് ചാവക്കാടാണെങ്കിലും തിരുവല്ലയിലെ ബന്ധങ്ങൾവിട്ടിരുന്നില്ല. അവിടുള്ള സുഹൃത്തുക്കളാണ് വിസ ശരിയാക്കി കൊടുത്തത്.
ഏഴ് വർഷത്തോളം വാടക വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. പിന്നീടാണ് മൂന്ന് സെന്റ് സ്ഥലം വാങ്ങി ഒരു കുഞ്ഞു കൂര നിർമ്മിച്ചത്. അതും ഒറ്റമുറി വീട്. പാവറട്ടിയിലെ ചെരുപ്പ് കടയിലെ ജീവനക്കാരനായിരുന്നു. കുവൈറ്റിലെ ഫ്ളാറ്റിലെ തീപിടിത്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി.അബ്ദുൾ ഖാദർ അറിയിച്ചിരുന്നു. തീപിടിത്തം നടന്ന ദിവസം പുലർച്ചെ രണ്ടുവരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നുവെന്ന് വീട്ടുകാരും അറിയിച്ചിരുന്നു. അവർ തന്നെയാണ് അവസാനം മരണവും സ്ഥിരീകരിച്ചത്. അന്നമ്മ തോമസാണ് മാതാവ്. ഭാര്യ: ജിനിത. മക്കൾ: ആദി, ഇയാൻ. ബിനോയ് തോമസിന്റെ നിര്യാണത്തിൽ എൻ.കെ.അക്ബർ എം.എൽ.എ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |