ഒറ്റപ്പാലം: മഴക്കാലമായതിനാൽ കുട്ടികളെ ഷൂസ് ധരിട്ട് സ്കൂളിൽ എത്താൻ നിർബന്ധിക്കരുതെന്ന് രക്ഷിതാക്കളുടെ അപേക്ഷ. മഴവെളളത്തിൽ ചവിട്ടി നടന്നെത്തുന കുട്ടികൾ നനഞ്ഞ ഷൂസും സോക്സും കാലിലിട്ട് ആറ് മണിക്കൂറിലധികം ക്ലാസ്സ് മുറിയിൽ ഇരിക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരവും ഹൃദയഭേദകവുമാണ്. കുട പിടിച്ചാൽ മാത്രം ഷൂസും സോക്സും നനയാതിരിക്കില്ല. മഴക്കാലമായിട്ടും പല സ്കൂളികളിലും ചെറിയ ക്ലാസ് മുതൽ യൂണിഫോമിനൊപ്പം ഷൂസും നിർബന്ധമാണ്.
മഴ നനഞ്ഞെത്തുന്ന കുട്ടികളുടെ മനഃപ്രയാസം മനസ്സിലാകാതെ പോകരുതെന്നും രക്ഷിതാക്കൾ പറയുന്നു. മണിക്കൂറോളം നനഞ്ഞ സോക്സും ഷൂസും ധരിക്കുന്ന കുട്ടികൾക്ക് പനിയും ജലദോഷവും കാലിൽ വ്രണവും കാല് കടച്ചിലും ഉറക്കമില്ലായ്മയും ചൊറിച്ചിലുമൊക്കെ ഉണ്ടാക്കുന്നതായി പല രക്ഷിതാക്കളും പരാതിപ്പെടുന്നു. ഉണങ്ങാത്ത ഷൂസിനുള്ളിൽ നിന്ന് ക്ലാസ്സ് മുഴുവൻ ദുർഗ്ഗന്ധവും ഉയരും. അസ്വസ്ഥതയും ദുർഗ്ഗന്ധവും സഹിച്ചാണ് കുട്ടികൾ ക്ലാസുകളിൽ ഇരിക്കുന്നത്. എന്നാൽ പല സ്കൂളുകളും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതിനാൽ രക്ഷിതാക്കൾ പലരും കുട്ടികൾക്ക് മൂന്നും, നാലും ജോഡി ഷൂസ് വാങ്ങേണ്ട അവസ്ഥയാണ്. മഴ സമയത്തെങ്കിലും ഷൂസ് ഇടുന്നത് ഒഴിവാക്കണമെന്ന് സ്കൂൾ അധികൃതരോട് ആവശ്യപ്പെടാൻ പല രക്ഷിതാക്കൾക്കും ഭയവുമാണ്. അച്ചടക്കത്തിന്റെ വാൾ ഉപയോഗിക്കുമോ എന്നാണ് ആശങ്ക.
നനഞ്ഞൊട്ടിയ സോക്സും, ഷൂസും ധരിച്ച് കുട്ടികളെ മണിക്കൂറുകളോളം ക്ലാസ്സ് മുറിയിൽ ഇരുത്തുന്നത് ബാലാവാകാശ ലംഘനമാണ്. ഇത്തരത്തിൽ കുട്ടികളെ പീഡിപ്പിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ സർക്കാർ വകുപ്പുകൾ കണ്ണ് തുറന്ന് കർശന നടപടി സ്വീകരിക്കണം.
ടി.പി.പ്രദീപ് കുമാർ, ഒറ്റപ്പാലം മുൻ നഗരസഭാംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |