SignIn
Kerala Kaumudi Online
Monday, 15 July 2024 7.12 PM IST

സൗബിൻ കള്ളപ്പണം ഇടപാടിന്റെ കണ്ണിയോ? തമിഴ്‌നാട്ടിൽ നിന്ന് എത്തിയ ഫണ്ടിന് പിന്നാലെ ഇഡി

soubin-shahir

ആദ്യ ദിനങ്ങളിൽ തന്നെ പൊട്ടിയ സിനിമകളെ 'തള്ളി' വിജയിപ്പിക്കുന്ന പതിവുണ്ടായിരുന്നു. നടനും നടിയും ചില എർത്തുകളും ചേർന്ന് കേക്ക് മുറിക്കുന്ന ദൃശ്യം 'വിജയാഘോഷം' എന്ന ടൈറ്റിലിൽ പി.ആർ.ഏജൻസികൾ പ്രചരിപ്പിക്കും. പ്രേക്ഷകർ അത് വിശ്വസിച്ചിരുന്ന കാലം പോയി. ഇപ്പോൾ കളക്‌ഷന്റെ യഥാർത്ഥ കണക്കുകൾ ഹരിച്ചും ഗുണിച്ചുമാണ് സിനിമാപ്രേമികൾ വിജയം നിർണയിക്കുന്നത്.


അങ്ങനെ നോക്കുമ്പോൾ 'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ അവകാശവാദം വളരെ ശരിയാണ്. 200 കോടി ക്ലബിലെത്തിയ ആദ്യമലയാള സിനിമ തന്നെ. വിക്കിപീഡിയ പ്രകാരം ഇന്നലെ വരെ കളക്ഷൻ 243 കോടി രൂപയ്ക്കടുത്തു വരും. ഒ.ടി.ടി വേറെ. സിനിമയുടെ മുതൽമുടക്കാട്ടേ ഏകദേശം 20 കോടി. കുറഞ്ഞ മുടക്കിൽ കൂടിയ ലാഭം. സിനിമയുടെ ഭാഗ്യം തന്നെ. എന്നാൽ അതോടെ മഞ്ഞുമ്മലിന്റെ ദൗർഭാഗ്യവും തുടങ്ങുകയായിരുന്നു.

കൊടൈക്കനാലിന് സമീപമുള്ള പില്ലർ റോക്ക്‌സ്. അവിടെ സാത്താന്റെ അടുക്കളയെന്ന് പേരുള്ള ഗുഹാമുഖങ്ങൾ. കമൽഹാസന്റെ പ്രശസ്തമായ സിനിമ ഇതിനുള്ളിൽ ഷൂട്ടു ചെയ്തതോടെ ഗുണ കേവ്‌സ് എന്നറിയപ്പെട്ടു. വർഷങ്ങൾക്കു ശേഷം, മഞ്ഞുമ്മലിൽ നിന്ന് വിനോദയാത്ര പോയ സംഘത്തിലെ യുവാക്കളിൽ ഒരാൾ ഗുഹയിൽ കാൽവഴുതി വീണു. ആഴങ്ങളിലേക്ക് പതിച്ചു. പൊലീസും ഫയർഫോഴ്‌സും പോലും വിറങ്ങലിച്ചു നിന്നപ്പോൾ രക്ഷാപ്രവർത്തനത്തിന്റെ
റിസ്‌ക്കെടുത്തത് സ്വന്തം സുഹൃത്തുക്കൾ തന്നെ. ആ കൂട്ടായ്മയുടെ പുനരാവിഷ്‌കാരം കണ്ടാണ് പ്രേക്ഷകരുടെ കണ്ണുകൾ നിറഞ്ഞതും 'മഞ്ഞുമ്മൽ ബോയ്‌സി'ന് കൈയടിച്ചതും.

സിനിമ സൂപ്പർഹിറ്റായതോടെ മഞ്ഞുമ്മൽ ഇംപാക്ടായിരുന്നു എവിടേയും. തമിഴ്‌നാട്ടിലും സിനിമ വിജയമായി. കൊടൈക്കനാലും ഗുണാ കേവ്‌സും സന്ദർശകരേക്കൊണ്ട് തിങ്ങിനിറഞ്ഞു. യഥാർത്ഥ അപകടമുണ്ടായ ദിവസം സ്റ്റേഷനിൽ വിവരം പറയാനെത്തിയ യുവാക്കളെ ക്രൂരമായി പീഡിപ്പിക്കുകയും പണം പിടുങ്ങുകയും ചെയ്ത പൊലീസുകാർക്കെതിരേ നടപടിയെടുക്കാൻ തമിഴ്‌നാട് ഉന്നതർ തയ്യാറായി. അങ്ങനെ മഞ്ഞുമ്മലും മലയാള സിനിമാരംഗവും ഒരു ഓളത്തിൽ നിൽക്കേയാണ് നിർമ്മാണതലത്തിലെ വഞ്ചന പുറത്തുവന്നത്.

പറവ ഫിലിംസിന്റെ ബാനറിൽ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മിച്ചത്. ഇവരുടെ കൂട്ടായ്മയിലേക്ക് 7 കോടി രൂപയുടെ നിക്ഷേപവുമായി അരൂർ സ്വദേശി സിറാജ് വലിയതുറയും ചേർന്നു. അതായത്, സിനിമയുടെ മുടക്കുമുതലിന്റെ മൂന്നിലൊന്നും സിറാജാണ് നൽകിയതെന്നർത്ഥം. കളക്‌ഷന് അനുസരിച്ച് ലാഭവിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഒന്നുമുണ്ടായില്ല. സിറാജിന്റെ പരാതി ആദ്യമെത്തിയപ്പോൾ, സിനിമയുടെ വിജയം മുതലെടുക്കാനുള്ള നീക്കമാണെന്ന് വിമർശിക്കപ്പെട്ടു. എന്നാൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ എറണാകുളം സബ്കോടതി, ഷോൺ ആന്റണിയുടെ അക്കൗണ്ട് മരവിപ്പിച്ചു. മരട് പൊലീസിനോട് അന്വേഷണത്തിനും നിർദ്ദേശിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ പൊലിസ് നൽകിയ റിപ്പോർട്ട് ഗുരുതര ആരോപണങ്ങളടങ്ങിയതായിരുന്നു. പണം മുടക്കിയ സിറാജിനെ സൗബിൻ അടക്കമുള്ളവർ പല വാക്കുകളും നൽകി ബോധപൂർവം വഞ്ചിക്കുകയായിരുന്നുവെന്ന സൂചനയാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.

മഞ്ഞുമ്മലി'ന്റെ കളക്‌ഷൻ റെക്കാഡുകൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലുമുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ്നാട്ടിൽ നിന്ന് വന്ന തുകയുടെ ഒരുഭാഗം കള്ളപ്പണമാണെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. തിയറ്ററുകൾ ഹൗസ്ഫുൾ ആണെന്നു വരുത്തിത്തീർത്ത്, വ്യാജടിക്കറ്റ് വരുമാനം കള്ളപ്പണമായി എത്തിച്ചുവെന്നാണ് പരാതി. തമിഴ്നാട്ടിലെ ഒരു സാമ്പത്തികത്തട്ടിപ്പുകേസ് പ്രതിയാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്. കള്ളപ്പണം പറവ ഫിലിംസിന്റെ അടുത്ത നിർമ്മാണസംരംഭങ്ങൾക്ക് വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നതത്രേ. അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി കഴിഞ്ഞദിവസം പറവയുടെ കൊച്ചി ഓഫീസിൽ റെയ്ഡ് നടത്തി. ഷോൺ ആന്റണിയിൽ നിന്ന് രണ്ടുതവണ മൊഴിയെടുക്കുകയും ചെയ്തു. സൗബിനെ അടുത്തദിവസം ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം. ഇതിനായി നോട്ടീസ് നൽകിയിട്ടുണ്ട്. ഇതോടെ നിർമ്മാതാക്കൾക്കെതിരേ കേസിനു പുറമേ കേസെന്ന സ്ഥിതിയായി.

'കൺമണി അൻപോട്' പാട്ടിന്റെ ഹമ്മിംഗുകളാണ് മഞ്ഞുമ്മൽ ബോയ്സ് ജനഹൃദയങ്ങളിൽ തങ്ങിനിന്നതിന്റെ ഒരു പ്രധാന ഘടകം. ഗുണ സിനിമയിലെ ഈ ഇളയരാജ ഗാനം മഞ്ഞുമ്മൽ വഴി 2024ൽ വീണ്ടും തരംഗമായി. ഗുണ റീലീസായ കാലത്ത് ജനിച്ചിട്ടില്ലാത്ത പുതുതലമുറയും പാട്ടു മൂളി നടന്നു. സമൂഹമാദ്ധ്യമങ്ങളിൽ പുതിയ റീൽസുകൾ നിറഞ്ഞു. അതിനിടെയാണ് മഞ്ഞുമ്മൽ നിർമ്മാതാക്കൾക്ക് ഇളയരാജയുടെ വക്കീൽനോട്ടീസെത്തിയത്. തന്റെ പാട്ട് ഉപയോഗിക്കുക വഴി പകർപ്പവകാശനിയമം ലംഘിച്ചുവെന്നാണ് രാജാ സാറിന്റെ ആരോപണം. സിനിമയുടെ ക്രെഡിറ്റിൽ ഇളയരാജയുടെ പേരു നൽകിയിട്ടുണ്ടെന്നാണ് മഞ്ഞുമ്മൽ അണിയറക്കാർ വിശദീകരിച്ചത്. എന്നാൽ അതുകൊണ്ടുമാത്രം കാര്യമില്ലെന്നും മതിയായ നഷ്ടപരിഹാരം വേണമെന്നുമാണ് ഇളയരാജയുടെ വക്കീൽ നോട്ടീസിൽ പറയുന്നത്. ഇത് ഒത്തുതീർപ്പാവാത്ത പക്ഷം മറ്റൊരു നിയമനടപടിയിലേക്ക് നീങ്ങും.

മഞ്ഞുമ്മൽ ബോയ്സ് വഞ്ചനാകേസിന്റെ പശ്ചാത്തലത്തിൽ സമാനമായ പല ആക്ഷേപങ്ങളും സിനിമാ രംഗത്ത് അവിടവിടെയായി ഉയരുന്നുണ്ട്. ഇ.ഡിയടക്കം പല ഏജൻസികളും ഇവരുടെ പിന്നാലെയുണ്ട്. സിനിമയിലെ അനധികൃത ഇടപാടുകൾക്ക് താൽക്കാലികമായെങ്കിലും കടിഞ്ഞാൺ വീഴുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOUBIN SHAHIR, MANJUMMEL BOYS, ED
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.