SignIn
Kerala Kaumudi Online
Saturday, 20 July 2024 11.25 AM IST

വീണ്ടും അബലയായി സുബല

subala

പാവങ്ങൾക്ക് പ്രയോജനപ്പെടേണ്ട സർക്കാർ പദ്ധതികൾക്ക് സർക്കാർ ഉദ്യോഗസ്ഥർ എങ്ങനെ തുരങ്കം വയ്ക്കുന്നുവെന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് പത്തനംതിട്ട സുബല പാർക്ക്. പദ്ധതിയുടെ പേര് സുബല എന്നാക്കിയത് അബലകളായ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും വരുമാന മാർഗം കണ്ടെത്തുന്നതിനുമാണ്. പട്ടികജാതി വിഭാഗങ്ങളിലെ സ്ത്രീകൾക്ക് വേണ്ടി പദ്ധതി വിഭാവനം ചെയ്തിട്ട് മൂന്ന് പതിറ്റാണ്ടായിട്ടും യാഥാർത്ഥ്യമായില്ല എന്നതാണ് ആശ്ചര്യകരം. അന്ന് പദ്ധതി തയ്യാറാക്കുമ്പോൾ നാലര കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്തുകൊണ്ട് ഇതുവരെ പദ്ധതി യാഥാർത്ഥ്യമായില്ല എന്ന ചോദ്യത്തിന് മുട്ടാപ്പോക്ക് ന്യായങ്ങളാണ് ഉദ്യോഗസ്ഥർ നിരത്തുന്നത്. പുതിയ ഉദ്യോഗസ്ഥർ വന്ന് ചുമതലയേറ്റെ‌ടുക്കുമ്പോൾ ഇപ്പോ ശരിയാക്കിത്തരാം എന്ന സിനിമാ ഡയലോഗാണ് ഓർമ്മ വരുന്നത്. അടിച്ചമർത്തപ്പെട്ട ജനവിഭാഗമായതുകൊണ്ട് പദ്ധതി നടപ്പാക്കാത്തതിനെതിരെ നാവുയർത്താൻ ആരുമില്ല. പട്ടികജാതി സംഘടനകൾ അനൈക്യം കാരണം പല തട്ടിലാണ്. തങ്ങളുടെ സമുദായ അംഗങ്ങൾക്ക് പ്രയോജനപ്പെടേണ്ട പദ്ധതി മൂന്ന് പതിറ്റാണ്ടായിട്ടും എങ്ങുമെത്താതെ പോകുന്നതിനെതിരെ ശബ്ദം ഉയർത്തേണ്ട കാലം എന്നേ കടന്നു പോയി.
പദ്ധതി തുടങ്ങി വയ്ക്കും പിന്നെ മുടങ്ങും വീണ്ടും തുടരും എന്നതാണ് ഇപ്പോഴത്തെ രീതി. നിർമ്മാണച്ചുമതല ആര് ഏറ്റെടുക്കുമെന്നതാണ് ഇപ്പോഴത്തെ തർക്കം. കഴിഞ്ഞ ദിവസങ്ങളിലായി നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതാവസ്ഥയിലാണ്. ഒട്ടേറെ ആളുകൾക്ക് തൊഴിലവസരം തുറക്കുന്ന സുബല പാർക്ക് പദ്ധതി നീണ്ടു പോകുന്നതിൽ ജനപ്രതിനിധികൾക്കോ രാഷ്ട്രീയ നേതാക്കൾക്കോ ആശങ്കയില്ല. പത്തനംതിട്ട നഗരത്തിൽ തോന്ന്യാമല റോഡിൽ വെട്ടിപ്രത്താണ് ഇരുപത് ഏക്കറിൽ സുബലപാർക്ക് പദ്ധതിക്ക് തുടക്കം കുറിച്ചത്. പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വെട്ടിപ്രത്ത് സുബലാ ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. ലക്ഷങ്ങൾ ചെലവാക്കി വിശാലമായ സ്ഥല സൗകര്യങ്ങളും കെട്ടിടങ്ങളും ഒരുക്കി. പക്ഷേ പിന്നീട് അധികൃതർ തിരിഞ്ഞു നോക്കാതായി. പദ്ധതി ആരംഭിക്കാൻ പലതവണ ശ്രമങ്ങൾ ഉണ്ടായെങ്കിലും നടന്നില്ല.

ഉദ്യോഗസ്ഥരുടെ അനാസ്ഥ

മൂന്ന് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനാണ് വിഭാവനം ചെയ്തിരുന്നത്. ഒന്നാം ഘട്ട പണികളാണ് ഇതുവരെ നടപ്പായത്. പദ്ധതി ഇഴഞ്ഞിഴഞ്ഞ് പോകുന്നത് മാദ്ധ്യമങ്ങൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. അനുവദിച്ച തുക ചെലവാക്കാതെ ലാപ്സാക്കുക, വകമാറി ചെലവഴിക്കുക, ക്രമക്കേടിലൂടെ ലക്ഷങ്ങൾ ഉദ്യോഗസ്ഥരുടെ കീശയിലാക്കുക എന്നിങ്ങനെ വിവിധ തരം വിലങ്ങുതടികളാണ് പദ്ധതിയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് തടസം.

പട്ടികജാതി വകുപ്പിന്റെ ചുമതലയിലുള്ള സുബലാ പാർക്ക് നിർമ്മാണം നിർമ്മിതി കേന്ദ്രയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഒട്ടേറെ ചെലവ് കുറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നിർമ്മിതി കേന്ദ്ര ഇപ്പോൾ ജീവശ്വാസം വലിക്കുന്ന അവസ്ഥയിലാണ്. പത്തനംതിട്ട ജില്ലയിൽ അവർക്ക് വലിയ പദ്ധതികളൊന്നുമില്ല. ആകെക്കൂടിയുള്ള വലിയ പദ്ധതി സുബലാ പാർക്ക് നിർമ്മാണമാണ്. സർക്കാരിൽ നിന്ന് യഥാസമയം ഫണ്ട് ലഭിക്കാത്തതുകൊണ്ടാണ് നിർമ്മാണം തുടരാൻ കഴിയാത്തതെന്ന് നിർമ്മിത കേന്ദ്ര അധികൃതർ പറയുന്നു.

മുടക്കിയത് കോടികൾ

ഗേറ്റ് വേ, കൺവെൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫി ഏരിയ, കുളം നവീകരണം, ബോട്ടിംഗ്, എക്‌സിബിഷൻ സ്‌പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, കുളം സംരക്ഷണ പ്രവർത്തനങ്ങൾ, തീയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. പത്തനംതിട്ട നഗരത്തിൽ സായാഹ്ന വിശ്രമത്തിന് ഇടമില്ലെന്ന ആക്ഷേപങ്ങൾക്കിടെ 1995ൽ അന്നത്തെ ജില്ലാ കളക്ടറായിരുന്ന കെ.ബി വത്സലകുമാരിയാണ് സുബല പാർക്ക് പദ്ധതിക്ക് അംഗീകാരണം നൽകിയത്. ഒന്നാംഘട്ട പണികൾ മൂന്ന് വർഷം മുൻപ് പൂർത്തിയാക്കി തുറന്നു നൽകിയെങ്കിലും അധികം താമസിയ്ക്കാതെ വീണ്ടും അടച്ചു. പൊതുപരിപാടികൾക്കും കല്യാണങ്ങൾക്കും ഓഡിറ്റോറിയം ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനാവശ്യമായ ഫർണിച്ചറിനും സെക്യുരിറ്റിയ്ക്കും സി.സി.ടി.വിയ്ക്കുമൊക്കെയായി മുപ്പത് ലക്ഷം രൂപയുടെ പദ്ധതി പട്ടികജാതി വകുപ്പ് സർക്കാരിന് സമർപ്പിച്ചെങ്കിലും അതും എങ്ങും എത്തിയില്ല. നാലര കോടിയുടെ പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ മൂന്ന് കോടിയോളം ചെലവായെന്നാണ് അധികൃതർ പറയുന്നത്. പകുതിയിലേറെ തുക ചെലവാക്കിയിട്ടും പദ്ധതി പ്രദേശത്ത് കാര്യമായിട്ടൊന്നും കാണാനില്ല.

നിർമ്മിതി കേന്ദ്ര തുടർ നിർമ്മാണം ഏറ്റെടുക്കണമെന്ന് കാണിച്ച് പട്ടികജാതി വകുപ്പ് സർക്കാരിലേക്ക് അനുമതി തേടിയിരുന്നു. എഴുപത് ലക്ഷം രൂപയുടെ നവീകരണം നടത്തണമെന്ന് കാണിച്ചാണ് പട്ടികജാതി വകുപ്പ് അനുമതി തേടിയത്. എന്നാൽ പതിനഞ്ച് ലക്ഷത്തിൽ കൂടുതൽ തുക വരുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കില്ലെന്ന് നിർമ്മിതി കേന്ദ്ര അറിയിച്ചതോടെ പദ്ധതി തടസപ്പെടുകയായിരുന്നു.

പത്തനംതിട്ടക്കാർ കാത്തിരിക്കുന്നു

മൂന്ന് പതിറ്റാണ്ട് തികയുന്ന പദ്ധതി പ്രദേശത്തിന്റെ പരിസരം കാടുകയറുകയാണ്. വിവാഹ ആവശ്യങ്ങൾക്കും മറ്റ് പരിപാടികൾക്കും വാടകയ്ക്ക് നൽകാനായി നിർമ്മിച്ച ഓഡിറ്റോറിയം ആളനക്കമില്ലാതെ കിടക്കുന്നു. ബോട്ടിംഗിനായി നിർമ്മിച്ച കുളങ്ങളിൽ ചെളി നിറഞ്ഞു. കുളങ്ങൾക്കു ചുറ്റും നടപ്പാത നിർമ്മിക്കേണ്ട സ്ഥലം കാടുകയറി. സുബലാ പാർക്കിനെ സ്വപ്നം കണ്ട് യൗവനം പിന്നിട്ട ഒട്ടേറെയാളുകൾ പത്തനംതിട്ടയിലുണ്ട്. കാത്തിരുന്ന വിശ്രമ കേന്ദ്രം എന്നുവരുമെന്ന കാര്യത്തിൽ വലിയ പ്രതീക്ഷയില്ലാതായി. വാർദ്ധക്യത്തിലെങ്കിലും സുബല പാർക്കിൽ വൈകുന്നേരങ്ങൾ ചെലവഴിക്കണമെന്ന അവരുടെ ആഗ്രഹം നടപ്പാക്കാൻ ഫയലുകളുട‌െ കുരുക്കഴിയണം. വൈകുന്നേരങ്ങളിൽ ആളനക്കമില്ലാതെ ഉറങ്ങുന്ന നഗരമെന്ന് പേര് പണ്ടേ ചാർത്തിക്കിട്ടയതാണ്. അതിനു മാറ്റം വരണമെങ്കിൽ ആളുകൾക്ക് ഒത്തുകൂടാനും സംസാരിച്ചിരിക്കാനും നടക്കാനും ഉല്ലസിക്കാനുമൊക്കെ പറ്റുന്ന ഇടങ്ങൾ വേണം. കുട്ടികൾക്ക് കളിസ്ഥലങ്ങളും പാർക്കും വേണം. ഇതിനൊക്ക പറ്റിയ ഇടമായി സുബല പാർക്ക് വികസിക്കണം. പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇച്ഛാശക്തിയും ആത്മാർത്ഥതയുമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സുബല പാർക്കിന്റെ പൂർത്തീകരണത്തിന് മുന്നോട്ടു വരേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.