SignIn
Kerala Kaumudi Online
Saturday, 13 July 2024 6.32 AM IST

കളിക്കാനുള്ളതല്ല കുടിവെള്ളക്കാര്യം

coliform-bacteria

ജലമാണ് ജീവൻ എന്നത് ചൊല്ലല്ല; പച്ചപ്പരമാർത്ഥമാണ്. ശുദ്ധജല ദൗർലഭ്യം കാരണം നിവൃത്തികേടുകൊണ്ട്,​ മാലിന്യം കലർന്ന വെള്ളം വീടുകളിൽ ഉപയോഗിക്കേണ്ടി വരുന്നതാണ് വേനലിലെ പ്രശ്നമെങ്കിൽ,​ മഴക്കാലത്ത് സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ്,​ ആ വെള്ളം ശുദ്ധജല സ്രോതസുകളിൽ കലരുന്നതായിരിക്കും പ്രശ്നം. കൊച്ചിയിൽ,​ കാക്കനാട്ടുള്ള ഡി.എൽ.എഫ് ഫ്ളാറ്റ് സമുച്ചയങ്ങളിലെ താമസക്കാരായ അഞ്ഞൂറിലധികം പേർക്ക് വയറിളക്കവും ഛർദ്ദിയും മറ്റും കാരണം ചികിത്സ തേടേണ്ടിവന്നതിനു പിന്നിൽ കുടിവെള്ളത്തിലെ അണുബാധയാണെന്നാണ് പ്രാഥമിക സംശയം. 'പ്രതി"യെ കണ്ടെത്താനുള്ള ആരോഗ്യ വകുപ്പിന്റെ പരിശോധനകൾ തുടരുന്നതേയുള്ളൂ. ദിവസങ്ങൾക്കു മുമ്പ് കൊച്ചിയിൽത്തന്നെ റവന്യൂ ടവറിലെ അന്തേവാസികൾക്ക് ഇതേ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനു പിന്നിൽ കുടിവെള്ളത്തിൽ നിന്നുള്ള അണുബാധയാണെന്ന് പരിശോധനകളിൽ സ്ഥിരീകരിച്ചിരുന്നു. ഇതാണ്,​ ഡി.എൽ.എഫ് ഫ്ളാറ്റുകളിലും പ്രശ്നം വിതച്ചത് മാലിന്യം കലർന്ന കുടിവെള്ളം തന്നെയാകാമെന്ന സംശയത്തിന് കാരണം.

പൊലീസ് കമ്മിഷണറേറ്റ് ഉൾപ്പെടെ പ്രവർത്തിക്കുന്ന റവന്യു ടവറിൽ കുടിവെള്ള വിതരണത്തിന് ആശ്രയിക്കുന്ന ഭൂഗർഭ ടാങ്കിനോട് ചേർന്നുതന്നെയായിരുന്നു സെപ്റ്റിക് ടാങ്കുകളിലൊന്ന്. ഈ ടാങ്ക് ചോർന്ന് കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ കുടിവെള്ള ടാങ്കിൽ കലരുകയായിരുന്നവെന്നാണ് കണ്ടെത്തിയത്. കുടിവെള്ളവും മലിനജലവും തമ്മിൽ കലരാൻ സാഹചര്യമില്ലാത്ത വിധം ടാങ്കുകൾ മാറ്റി സ്ഥാപിക്കാൻ നിർദ്ദേശം നല്കിയതിനെതുടർന്ന് ഈ ജോലി നടന്നുവരുന്നതിനിടെയാണ് ഡി.എൽ.എഫ് ഫ്ളാറ്റിലെ പ്രശ്നം! താമസക്കാരിൽ പലർക്കും ഈ മാസം ആദ്യം മുതൽതന്നെ വയറിളക്കവും ഛർദ്ദിയും ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിലും ഓരോരുത്തരും സ്വന്തം നിലയ്ക്ക് ചികിത്സ തേടിയതല്ലാതെ ഇക്കാര്യം പരസ്പരം പങ്കുവച്ചില്ല. സംശയം തോന്നി ചിലർ നഗരസഭാ ആരോഗ്യ വിഭാഗത്തെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പൊതുജനാരോഗ്യ വകുപ്പ് അറിയുന്നത്.

റവന്യു ടവർ അന്തേവാസികളിൽ അസുഖത്തിന് ഇടയാക്കിയ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരുന്നു. മലിനജലത്തിലും വിസർജ്യത്തിലും മറ്റും കാണപ്പെടുന്ന ഇ- കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം ഡി.എൽ.എഫ് ഫ്ളാറ്റിന്റെ ഭൂഗർഭ ടാങ്കിൽ നിന്നെടുത്ത വെള്ളത്തിന്റെ സാമ്പിളിലും കണ്ടെത്തിയാൽ അവിടെയും സെപ്റ്റിക് ടാങ്ക് ചോർച്ചയായിരിക്കാം മൂലഹേതു. പക്ഷേ,​ അക്കാര്യം ഉറപ്പിക്കണമെങ്കിൽ ലബോറട്ടറി പരിശോധനാഫലം വരണം. നൂറുകണക്കിന് കുടുംബങ്ങളുടെ വാസസ്ഥാനമായ പല വൻകിട ഫ്ളാറ്റുകളിലും പുറത്തുനിന്ന് ടാങ്കറുകളിലും മറ്റും എത്തിക്കുന്ന കുടിവെള്ളം സംഭരിക്കുന്നത് അണ്ടർഗ്രൗണ്ട് ടാങ്കുകളിലായിരിക്കും. ഇതിൽ നിന്ന് ഓവർഹെഡ് ടാങ്കുകളിലേക്ക് പമ്പ് ചെയ്തു കയറ്റുന്ന വെള്ളമാണ് വീടുകളിലേക്ക് പൈപ്പിലൂടെ എത്തുന്നത്. പക്ഷേ,​ ഈ ഫ്ളാറ്റ് സമുച്ചയങ്ങളുടെ സെപ്റ്റിക് ടാങ്കുകളുടെ സ്ഥാനം സംബന്ധിച്ച് ഉടമകൾക്കല്ലാതെ താമസക്കാർക്ക് കാര്യമായ ഗ്രാഹ്യമൊന്നുമില്ല. ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ ഉടമകൾ അത് കൈയോടെ തള്ളുകയും ചെയ്യും.

കൊച്ചി നഗരത്തിൽ രണ്ട് കെട്ടിട സമുച്ചയങ്ങളിലായി നൂറുകണക്കിന് അന്തേവാസികൾക്ക് അനുഭവപ്പെട്ട ആരോഗ്യപ്രശ്നത്തെ ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാവില്ല. ഡി.എൽ.എഫ് ഫ്ളാറ്റ് സമുച്ചയത്തിലെ പരിശോധനകൾ പൂർത്തിയായാലുടൻ,​ തിരുവനന്തപുരം ഉൾപ്പെടെ മറ്റു നഗരങ്ങളിലെ ഫ്ളാറ്റ് സമുച്ചയങ്ങളിലും സമാന പരിശോധനകൾ നടത്തുകയും,​ വാട്ടർ ടാങ്കിൽ നിന്നുള്ള കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറികളിലേക്ക് അയയ്ക്കുകയും വേണം. ഫ്ളാറ്റുകളിൽ കക്കൂസ് മാലിന്യ ശേഖരണവും പുറന്തള്ളലും എങ്ങനെ നടക്കുന്നു എന്നതും അന്വേഷിക്കണം. കുടിവെള്ള ടാങ്കുകൾക്കു തൊട്ടടുത്തായാണ് സെപ്റ്റിക് ടാങ്ക് എങ്കിൽ പ്രശ്നം ഗുരുതരമായിക്കണ്ട്,​ അവയുടെ സ്ഥാനം മാറ്റാൻ അടിയന്തര നിർദ്ദേശം നല്കുകയും,​ പിഴവിന് നടപടി സ്വീകരിക്കുകയും വേണം. കാരണം,​ ജലം ജീവനാണ്!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.