കോട്ടയം : പൊലീസ് - എക്‌സൈസ് പരിശോധന തകൃതിയായി നടക്കുമ്പോഴും ജില്ലയിലേക്ക് ലഹരിമരുന്നിന്റെ ഒഴുക്കിന് കുറവില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കാരിയേഴ്‌സ് വഴി ദിനം പ്രതി കിലോക്കണക്കിന് കഞ്ചാവാണ് എത്തുന്നത്. രാസലഹരി ഉപയോഗവും യുവാക്കൾക്കിടയിൽ കൂടുകയാണ്. കൊള്ളയും ക്വട്ടേഷനുമായി നടന്നാൽ അകത്ത് പോകുമെന്ന് ഉറപ്പിച്ച ഗുണ്ടകളും, അനുയായികളുമാണ് പുറത്ത് യഥേഷ്ടം ലഹരിക്കച്ചവടം നടത്തുന്നത്. ഒറ്റയടിയ്ക്ക് ലക്ഷങ്ങൾ സമ്പാദിക്കാമെന്നതും ഇതിലേക്ക് ആകർഷിക്കുന്നു. മലയോരമേഖലയിലും, ടൂറിസം ഗ്രാമമായ കുമരകം കേന്ദ്രീകരിച്ചും കഞ്ചാവിന്റെ ഉപയോഗം വർദ്ധിച്ചു. പച്ചക്കറി ലോറികളിലും, ആഡംബര വാഹനങ്ങളിലുമാണ് കഞ്ചാവ് കടത്ത്. ബ്രൗൺഷുഗർ, എൽ.എസ്.ഡി തുടങ്ങിയ ലഹരി വസ്തുക്കളും യഥേഷ്ടം ലഭ്യമാണ്. ഇതിന് പുറമെയാണ് മാരകമയക്കുമരുന്നായ എം.ഡി.എം.എ. കഴിഞ്ഞ ദിവസം ഒറീസയിൽ നിന്ന് എത്തിച്ച അഞ്ച് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കുമരകത്ത് നിന്ന് എക്‌സൈസ് പിടികൂടിയിരുന്നു.
ലാഭവും, പ്രിയവും രാസലഹരിയോട്
കൂടുതൽ പണം ലഭിക്കാൻ അമിത അളവിലുള്ള കഞ്ചാവ് സൂക്ഷിക്കണം. ഇത് റിസ്‌കായതിനാൽ കഞ്ചാവ് കച്ചവടക്കാർ കൂട്ടത്തോടെ രാസലഹരി വില്പനയിലേയ്ക്ക് മാറി. വലിയ അളവ് കഞ്ചാവ് വാഹനങ്ങളിൽ കടത്തുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് മൂലമാണ് വൻലാഭമുള്ള എം.ഡി.എം.എ പോലുള്ളവയിലേയ്ക്ക് യുവാക്കൾ അടുത്തത്. പോക്കറ്റും കൂടുതൽ നിറയും. മൂന്ന് വർഷത്തിനിടെ ജില്ലയിൽ ലഹരിമരുന്ന് കേസുകളിൽ അറസ്റ്റിലായവരിൽ 95 ശതമാനം പേരും 30 വയസിൽ താഴെയുള്ളവരാണ്. അന്യസംസ്ഥാനത്ത് പഠനത്തിനായി പോകുന്ന ചെറുപ്പക്കാരാണ് കൂടുതലായും ലഹരിവലയിൽ അകപ്പെട്ടത്.
ലക്ഷ്യം കാണാതെ വിമുക്തി പദ്ധതി
ലഹരിയിൽ നിന്ന് യുവതലമുറയെ അകറ്റിനിറുത്തുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആരംഭിച്ച വിമുക്തി പദ്ധതിയും ലക്ഷ്യം കാണുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം കേന്ദ്രീകരിച്ച് എക്സൈസ് വ്യാപക പരിശോധന നടത്തുന്നുണ്ടെങ്കിലും ലഹരി മറുവഴി ഒഴുകുകയാണ്.
ജൂൺ 1 മുതൽ 18 വരെ : ആകെ 575 പരിശോധന
ലഹരിവിമുക്തി കേന്ദ്രം
ലഹരിക്ക് അടിമകളാകുന്നവരെ തിരികെ കൊണ്ടുവരാൻ പാലാ താലൂക്ക് ആശുപത്രിയിൽ ഡീ അഡിക്‌ഷൻ സെന്ററും പ്രവർത്തിക്കുന്നുണ്ട്. വയസ്‌കരക്കുന്നിലെ എക്‌സൈസ് കോംപ്ലക്‌സിൽ കൗൺസലിംഗ് സെന്ററുമുണ്ട്. ഫോൺ: 6238600251.
''ചില സ്ഥലങ്ങളിൽ രഹസ്യമായാണ് വിൽക്കുന്നതെങ്കിൽ ചിലയിടങ്ങളിൽ യാതൊരു മറയും കൂടാതെയാണ് ലഹരി കച്ചവടം. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.
വേണുഗോപാൽ, കുമരകം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |