കൊച്ചി: ജില്ലയിലെ വെറുതേ കിടക്കുന്ന ഭൂമികൾ വിറ്റൊഴിവാക്കാൻ ബി.എസ്.എൻ.എൽ. ആദ്യഘട്ട ലേലനടപടികൾക്ക് തുടക്കമായി. ആലുവ ചൂണ്ടിയിൽ പെരുമ്പാവൂർ റോഡരികിലെ 2.25 ഏക്കർ ഭൂമിയാണ് കേന്ദ്രസർക്കാരിന്റെ എം.എസ്.ടി.സി. പോർട്ടൽ വഴി ഓൺലൈൻ ലേലത്തിലുള്ളത്. മിനിമം വില 16.47 കോടി. ജൂലായ് ഒന്നിന് നടക്കുന്ന ലേലത്തിൽ ആർക്കും ഇ-ടെണ്ടറിലൂടെ പങ്കെടുക്കാമെന്ന് ബി.എസ്.എൻ.എൽ. എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ, വി.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എറണാകുളം ഗാന്ധി നഗറിലും കലൂരിലും രണ്ട് പ്ളോട്ടുകൾ വീതവും പള്ളുരുത്തിയിൽ ഒരു പ്ളോട്ടും വില്പനയ്ക്ക് വച്ചിട്ടുണ്ടെങ്കിലും നടപടി ക്രമങ്ങൾ തുടങ്ങിയിട്ടില്ല.
ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ.ലതയും കെ.അനിതയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആദ്യ പൊതു ലേലം
ബി.എസ്.എൻ.എൽ. ഭൂമികളുടെ കേരളത്തിലെ ആദ്യത്തെ പൊതുലേലമാണ് ചൂണ്ടിയിലേത്. ഇതോടൊപ്പം തന്നെ കൊട്ടാരക്കരയിലെ 19 സെന്റും ലേലത്തിൽ വച്ചിട്ടുണ്ട്. 4.8 കോടിയാണ് മിനിമം വില. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 24 പ്ളോട്ടുകൾ വിൽപ്പനയ്ക്ക് തയ്യാറാകുന്നുണ്ട്.
നേരത്തേ തിരുവനന്തപുരത്ത് മണക്കാട് 1.8 ഏക്കർ ഭൂമി സംസ്ഥാന മലിനീകരണ ബോർഡിനും തിരുവനന്തപുരത്തെ 9.23 ഏക്കർ ഭൂമി ഇന്റലിജൻസ് ബ്യൂറോയ്ക്കും വിറ്റിട്ടുണ്ടെങ്കിലും അത് സർക്കാരുകൾ തമ്മിൽ വില നിശ്ചയിച്ചായിരുന്നു.
ലേലം മൂന്നാം തവണ
ചൂണ്ടിയിലെ ഭൂമി ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നതാണ്. മുമ്പ് രണ്ട് വട്ടം വില്പനയ്ക്ക് ശ്രമിച്ചിട്ടും നടന്നില്ല. 20 കോടിയായിരുന്നു മിനിമം വില. ഇതിന് ആരും മുന്നോട്ടു വരാത്തതിനാലാണ് 3.58 കോടി രൂപ കുറച്ച് വീണ്ടും ശ്രമിക്കുന്നത്.
സാങ്കേതികവിദ്യ മാറിയതോടെ വലിയ കെട്ടിടങ്ങളും ഭൂമികളും ബി.എസ്.എൻ.എല്ലിന് ആവശ്യമില്ല. ജീവനക്കാരുടെ എണ്ണവും പകുതിയിലേറെ കുറഞ്ഞു. വെറുതേ കിടക്കുന്നവ വിറ്റും കെട്ടിടങ്ങൾ വാടകയ്ക്കുനൽകിയും ലഭിക്കുന്ന തുക വികസനത്തിനും ആധുനികവത്കരണത്തിനും ഉപകാരപ്പെടും. ഇത് ബി.എസ്.എൻ.എല്ലിന്റെയും കേന്ദ്രസർക്കാരിന്റെയും നയമാണ്.
വി.സുരേന്ദ്രൻ
പ്രിൻസിപ്പൽ ജനറൽ മാനേജർ,
ബി.എസ്.എൻ.എൽ എറണാകുളം
ഈ സാമ്പത്തിക വർഷം ഭൂമി വിറ്റ് 60 കോടി രൂപ സമാഹരിക്കുക ലക്ഷ്യം
ലേലത്തിൽ പങ്കെടുക്കാൻ : www.mstcecommerce.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |