@ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ ഇനിയും കഴിഞ്ഞില്ല
കടലുണ്ടി: കടലുണ്ടി ട്രെയിൻ ദുരന്തത്തിന് ഇന്ന് ഇരുപത്തിമൂന്ന് വർഷം തികയുന്നു. 2001 ജൂൺ 22 വെള്ളിയാഴ്ചയാണ് 52 പേരുടെ ജീവൻ അപഹരിക്കുകയും 400 ൽപരം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കടലുണ്ടി ട്രെയിൻ ദുരന്തമുണ്ടായത്. വൈകീട്ട് 5 . 25 ന് കടലുണ്ടി റെയിൽപാലത്തിലൂടെ കടന്നു പോയ മംഗലാപുരം- ചെന്നൈ മെയിൽ കടലുണ്ടി പുഴയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും പൂഴിത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും തോണികളിലും ചെറുവള്ളങ്ങളിലുമായി നൂറ് കണക്കിനാളുകളാണ് ട്രെയിനിലകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. ലോകത്തിന് തന്നെ മാതൃകയാവുന്ന നാട്ടുകാരുടെ രക്ഷാ പ്രവർത്തനം ഏറെ പ്രശംസകളേറ്റു വാങ്ങിയതാണ്.
അപകടത്തിൽ മുഴുവൻ സമയവും രക്ഷാപ്രവർത്തനത്തിലേർപ്പെട്ട് ഒട്ടേറെ പേരുടെ ജീവൻ രക്ഷിച്ച സംഘത്തിലെ അംഗവും സാമൂഹ്യ പ്രവർത്തകനുമായ ഉദയൻ കാർക്കോളിക്ക് അന്നത്തെ ദിവസം മറക്കാൻ കഴിയില്ല. ഓരോ ദുരന്തങ്ങളും വലിയ താക്കീതുകളാണ്. ഇരുപത്തിമൂന്ന് വർഷമായിട്ടും ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ റെയിൽവേ മന്ത്രാലയത്തിനോ ഭരണകർത്താക്കൾക്കോ കഴിഞ്ഞിട്ടില്ലെന്ന് ഉദയൻ പറഞ്ഞു. അപകടങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളാത്ത റെയിൽവേ അധികൃതർ ജനങ്ങളെ വിഡ്ഢികളാക്കുന്ന അന്വേഷണം പ്രഖ്യാപിച്ച് മുഖം രക്ഷിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ അപകടങ്ങൾ തുടർക്കഥയാവുകയും ആളുകളുടെ ജീവൻ പൊലിയുന്നത് പതിവാകുകയുമാണ്. യഥാർത്ഥകാരണം ട്രെയിനിനുണ്ടായ തകരാറാണോ അതോ പാലത്തിന്റെ ബലക്ഷയമാണോ എന്നത് ഇന്നും വെള്ളത്തിൽ വരച്ച വരപോലെയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭാരണാധികാരികളുടെ നിസ്സംഗതയിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. ദുരന്തത്തിന്റെ ഓർമ്മയ്ക്കായി ഒരു സ്ഥിരം സ്മാരകം നിർമ്മിക്കണ നാട്ടുകാരുടെ ആവശ്യവും റയിൽവേ അധികൃതർ തള്ളി. കടലുണ്ടിയിലെ ടൂറിസം സാദ്ധ്യതകൾ കൂടി കണക്കിലെടുത്ത് സ്ഥിരം സ്മാരകം നിർമ്മിക്കുന്നതിന് കേരള ടൂറിസം വകുപ്പുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് തീവണ്ടി ദുരന്ത അനുസ്മരണ സമിതിയെന്നും ഉദയൻ കാർക്കോളിപറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |