കുട്ടനാട് : പമ്പയാറിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ വള്ളംകളിപ്രേമികളെ ആവേശത്തിലാക്കി, ആലപ്പുഴ ടൗൺബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാൻജി ചുണ്ടൻ ഈ വർഷത്തെ ചമ്പക്കുളം മൂലം ജലോത്സവത്തിൽ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കി.
നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാമതും ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാമതും എത്തി.
ലൂസേഴ്സ് ഫൈനലിൽ ചങ്ങങ്കരി നടുഭാഗം ക്രിസ്ത്യൻ യൂണിയൻ തുഴഞ്ഞ സെന്റ് ജോർജ് ഒന്നാം സ്ഥാനവും യു.ബി.സി കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ രണ്ടാം സ്ഥാനവും കൊല്ലം ജീസസ് ബോട്ട്ക്ലബ് തുഴഞ്ഞ ചെറുതന ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.
ചുണ്ടൻ വള്ളങ്ങളുടെ മൂന്നാം ഹീറ്റ്സിന്റെ നടത്തിപ്പിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് മത്സരം ഏറെനേരം വൈകി.
ഒരു മണിക്കൂറോളം വൈകിയാണ് ഫൈനൽ മത്സരം നടന്നത് . സമാപന സമ്മേളനം ഉദ്ഘാടനവും വിജയിക്കുള്ള സമ്മാനദാനവും ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു.
മത്സര വള്ളംകളിക്ക് മുമ്പായി രാവിലെ തിരുവിതാംകൂർ ദേവസ്വം അധികാരികളുടെ നേതൃത്വത്തിൽ മഠത്തിൽ ക്ഷേത്രം മാപ്പിളശേരി തറവാട്, കല്ലൂർക്കാട് ബസിലിക്ക എന്നിവിടങ്ങളിൽ ആചാരാനുഷ്ഠാനങ്ങൾ നടന്നു. തിരുവിതാംകൂർ ദേവസ്വംബോർഡ് അമ്പലപ്പുഴ അസി.കമ്മീഷണർ ആർ.ശ്രീശങ്കർ, ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ.ഗ്രിഗറി ഓണംകുളം എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. തോമസ് കെ.തോമസ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി അദ്ധ്യക്ഷയായി. തിരുവിതാംകൂർ ദേവസ്വംബോർഡ് മെമ്പർ അജികുമാർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |