കടയ്ക്കാവൂർ: ആശാൻ സ്മാരകത്തിന്റെ മുന്നിൽ നിന്നും കായിക്കരക്കടവിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ പല ഭാഗങ്ങളും തകർന്ന് കുണ്ടും കുഴിയുമായിട്ട് വർഷങ്ങളാകുന്നു.
പരാതികൾ പലതും പഞ്ചായത്തിൽ കൊടുത്തെങ്കിലും അഞ്ചുതെങ്ങ് പഞ്ചായത്തിന്റെ ആധീനതയിലുള്ള ഈ റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികാരികൾ ശ്രദ്ധിക്കുന്നേയില്ല. അഞ്ചുതെങ്ങ്- വക്കം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ചുതെങ്ങ് കായലിന് കുറുകെ പാലം വരുമെന്ന വാഗ്ദാനം നിലനിൽക്കുന്നതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം.
പാലം വരുന്നതോടെ നിലവിലെ അപ്രോച്ച് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നിർമ്മിക്കുമെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികൾ മന്ദഗതിയിലാണ് നീങ്ങുന്നത്. ദിവസേന നാട്ടുകാരും വിദ്യാർത്ഥികളും വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരുമുൾപ്പെടെ യാത്ര ചെയ്യുന്ന തിരക്കുള്ള റോഡാണിത്.
മഴയിൽ കായൽ
മഴ പെയ്താൽ കായലിനേക്കാൾ കഷ്ടമാണ് ഈ റോഡ്. നിലവിലെ അവസ്ഥയിൽ നാട്ടുകാർക്ക് ഒന്നടങ്കം കടുത്ത അമർഷമാണുളളത്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറിക്ക് നിരവധി തവണ പ്രദേശവാസികളുടെ നേതൃത്വത്തിൽ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും നാളിതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കായിക്കര കോൺഗ്രസ് കൂട്ടായ്മ മനുഷ്യാവകാശ കമ്മിഷനിൽ പരാതികൊടുത്തെന്നും അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയോടും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സെക്രട്ടിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടതായും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |