ചാലക്കുടി: ഇടമലയാർ ഇറിഗേഷൻ പ്രൊജക്ടിന്റെ വലതുകര കനാൽ നവീകരണത്തിൽ അഴിമതി ആരോപിക്കപ്പെട്ട കേസിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കം. തുമ്പൂർമുഴിയിൽ നിന്നും തുടങ്ങുന്ന വലതുകര കനാലിൽ 2004ൽ നടന്ന നവീകരണത്തിലാണ് വിജിലൻസ് അപാകത കണ്ടെത്തിയത്. 42 ഭാഗങ്ങളായി തിരിച്ചുനടത്തിയ പ്രവൃത്തികളിൽ 1.05 കോടി സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നാണ് തൃശൂർ വിജിലൻസ് സംഘം കണ്ടെത്തിയത്.
കനാലുകളുടെ ഇരുഭാഗങ്ങളിൽ കരിങ്കല്ലുകൾ കൃത്യമായി വയ്ക്കാതെ കെട്ടിയെന്നും സിമന്റ്, മണൽ എന്നിവയുടെ അനുപാതത്തിലും വലിയ വ്യത്യാസമുണ്ടെന്നും ഉദ്യോഗസ്ഥർ കുറ്റപത്രത്തിൽ ആരോപിച്ചു. നവീകരണം പൂർത്തിയാകും മുമ്പ് പലയിടത്തും കോൺക്രീറ്റ് ഇടിഞ്ഞെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റിക്കാട് സ്വദേശി പടിഞ്ഞാക്കര ജേക്കബാണ് ആദ്യമായി ഇതുസംബന്ധിച്ച് വിജിലൻസിൽ പരാതി നൽകിയത്. സർക്കാരിന് സംഭവിച്ച നഷ്ടം നികത്തുന്നതിന് പ്രസ്തുത തുക പ്രതികളായ 37 കോൺട്രാക്ടർമാരിൽ നിന്നും നേരത്തെ ജലസേചന വകുപ്പ് ഈടാക്കിയിരുന്നു.
ഇതിന് പുറമേ കേസ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ 40 ലക്ഷം രൂപയും ഈടാക്കി. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെ പരതിക്കാരായി മറ്റുപലരും രംഗത്തെത്തി. പ്രതികളിൽ നിന്ന് പലരും പണം ആവശ്യപ്പെട്ടുവെന്ന ആരോപണവും ഉയർന്നു. ഇതിനെതിരെ കരാറുകാരുടെ സംഘടന രംഗത്ത് വരുന്ന അവസ്ഥയുമുണ്ടായി.
ഇടമലയാർ: കഠിന തടവിന് ശിക്ഷിച്ചതിൽ 6 എൻജിനിയർമാരും 34 കരാറുകാരും
തൃശൂർ: ഇടമലയാർ കനാൽ അഴിമതിക്കേസിൽ വിജിലൻസ് കോടതി ശിക്ഷിച്ചത് 6 എൻജിനിയർമാരെയും 4 ഓവർസിയർമാരെയും 34 കരാറുകാരെയും. എട്ടര കിലോമീറ്ററിലധികം ദൈർഘ്യമുള്ള വലതുകര കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ എക്സിക്യൂട്ടിവ് എൻജിനിയറുടെ അധികാര പരിധിക്കകത്ത് നിറുത്താൻ 43 ചെറിയ പ്രവൃത്തികളായി തിരിച്ചു. തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി എക്സിക്യൂട്ടിവ് എൻജിനിയറുടെ അധികാര പരിധിയിൽ നിറുത്തി ക്വട്ടേഷൻ വിളിച്ചതായി കാണിച്ച് 39 കരാറുകാർക്ക് നൽകി. എക്സിക്യൂട്ടിവ് എൻജിനിയർ ടി.ആർ. ശൈലേശനെയും, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ പി.വി. പുഷ്പരാജൻ ഉൾപ്പെടെയുള്ളവരെയാണ് ശിക്ഷിച്ചത്.
എക്സിക്യൂട്ടിവ് എൻജിനിയർ ടി.ആർ. ശൈലേശനെയും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ പി.വി. പുഷ്പരാജനെയും 2.34 ലക്ഷം വീതം പിഴയടയ്ക്കാൻ ശിക്ഷിച്ചു. അസിസ്റ്റന്റ് എൻജിനിയറായിരുന്ന രാമകൃഷ്ണനോട് 1.08 കോടി പിഴയടയ്ക്കാനും എക്സിക്യൂട്ടിവ് എൻജിനിയർ കെ.വി. ദേവസി, ഓവർസിയറായിരുന്ന കെ.ജി. സദാശിവൻ എന്നിവരോട് 66 ലക്ഷം രൂപ പിഴയടയ്ക്കാനുമാണ് വിധിച്ചത്. മറ്റൊരു അസിസ്റ്റന്റ് എൻജിനിയറായിരുന്ന എം.എ. ബഷീറിനെയും, ഓവർസിയറായിരുന്ന എം.ടി. ടോമിയെയും 54 ലക്ഷം പിഴയൊടുക്കാൻ ശിക്ഷിച്ചു. ഓവർസിയർ ജയപ്രകാശിനെ 48 ലക്ഷം പിഴയ്ക്കാണ് ശിക്ഷിച്ചത്. അസിസ്റ്റന്റ് എൻജിനിയർ ശ്രീധരനെയും ഓവർസിയറായിരുന്ന കെ.എ. പോളിനെയും 12 ലക്ഷം പിഴയടയ്ക്കാനാണ് ശിക്ഷിച്ചത്. 34 കരാറുകാർ 6 ലക്ഷം വീതം പിടഅടയ്ക്കണം. പ്രൊസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർമാരായ ശൈലജനും സ്റ്റാലിനും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |