കൊച്ചി: ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്ന മുന്നറിയിപ്പ് സിറോ മലബാർ സഭാ മെത്രാൻ സിനഡ് പിൻവലിച്ചു. എറണാകുളം അങ്കമാലി രൂപതയിൽ അൽമായരുടെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സിനഡിന്റെ പ്രത്യേക ഓൺലൈൻ സമ്മേളനത്തിലെ തീരുമാനം.
കാലങ്ങളായി തുടർന്നുവന്ന ജനാഭിമുഖ കുർബാനയ്ക്ക് പകരം സഭയും മാർപാപ്പയും അംഗീകരിച്ച പരിഷ്കരിച്ച കുർബാന ജൂലായ് മൂന്നു മുതൽ അർപ്പിക്കണമെന്നായിരുന്നു സിനഡിന്റെ കടുത്ത നിലപാട്.
അനുസരിക്കാത്ത വൈദികരെ പുറത്താക്കുമെന്ന മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും ഞായറാഴ്‌ചകളിലും പ്രധാനദിവസങ്ങളിലും ഒരു ഏകീകൃത കുർബാന വൈദികർ അർപ്പിക്കണമെന്നും വിസമ്മതിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ,അതിരൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ എന്നിവർ പുറപ്പെടുവിച്ച പുതിയ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സർക്കുലർ അംഗീകരിക്കില്ലെന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന എറണാകുളം അതിരൂപത അല്മായ മുന്നേറ്റം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |