കൽപ്പറ്റ: വയനാടിനോട് വൈകാരികമായ അടുപ്പം ഒരിക്കൽ കൂടി വ്യക്തമാക്കി രാഹുൽ ഗാന്ധി . പ്രതിസന്ധി ഘട്ടങ്ങളിൽ കരുത്തായത് വയനാട് നൽകിയ സ്‌നേഹമാണെന്ന് വയനാട് മണ്ഡലത്തിലെ ജനങ്ങൾക്ക് എഴുതിയ കത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. ഏറെ ഹൃദയ വേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനമെടുത്തത്. തുടർന്നും കൂടെയുണ്ടാകും. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ അഭ്യർത്ഥിച്ച് അഞ്ചുവർഷം മുമ്പ് നിങ്ങളുടെ മുമ്പിലേക്ക് വരുമ്പോൾ ഞാൻ അപരിചിതനായിരുന്നിട്ടുപോലും ജനങ്ങൾ ഹൃദയത്തോട് ചേർത്തണച്ചു. അവാച്യമായ സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമാണ് സ്വീകരിച്ചത്. രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും ചേർത്തു നിർത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. തന്റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്ടിലെ ജനങ്ങൾ. തന്റെ പോരാട്ടത്തിന്റെ ഊർജ്ജ പ്രവാഹമായി വയനാട്ടിലെ ജനത നിലകൊണ്ടു. ഒരു നിമിഷം പോലും തളരാതെ മനുഷ്യന്റെ ആകുലതകൾ ഏറ്റെടുക്കാനുള്ള പ്രചോദനം നിങ്ങളായിരുന്നു. എല്ലാവരും പകച്ചുപോയ പ്രളയകാലം മനസിൽ വിങ്ങലായുണ്ട്.എണ്ണമറ്റ പൂക്കളും ആലിംഗനങ്ങളും നിരുപാധികമായ സ്‌നേഹവും ഹൃദയതാളമായി എന്നുമുണ്ടാകുമെന്ന് കത്തിൽ ഓർമിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |