പാറശാല: മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന പൊഴിയൂർ തീരദേശ ആശുപത്രിയിൽ കിടത്തി ചികിത്സ പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തം. മേഖലയിൽ അയ്യായിരത്തിൽപ്പരം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. ഇവരുടെ ഏക ആശ്രയമാണ് ഈ ആശുപത്രി.
ദിവസേന 500 ഓളം രോഗികൾ പുതിയതായി ചികിത്സ തേടിയെത്തിയിരുന്ന ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തതു കാരണം രോഗികളുടെ എണ്ണം ഇരുന്നൂറിന് താഴെയായി കുറഞ്ഞു. ഡോക്ടർമാരുടെ കുറവ് കാരണം കിടത്തി ചികിത്സയും പൂർണമായും നിറുത്തലാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം കുറഞ്ഞതോടെ മറ്റ് ജീവനക്കാരുടെ എണ്ണവും കുറഞ്ഞു.
രാത്രിയിൽ അടിയന്തര സാഹചര്യങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാൽ പ്രദേശത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ. ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാംഭിക്കാത്തത് നാട്ടുകാരുടെ ഇടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന കിടത്തി ചികിത്സ പുനരാരംഭിക്കുന്നതോടൊപ്പം ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊഴിയൂർ ആശുപത്രിയിൽ കിടത്തി ചികിത്സ പുനഃരാരംഭിക്കുന്നതിനായി വേണ്ടത്ര ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും ആരോഗ്യവകുപ്പിനും പരാതികൾ സമർപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ ജനങ്ങൾ വൻ പ്രതിഷേധത്തിലാണ്.
പ്രവർത്തന സമയം
മുൻപ് - 24 മണിക്കൂറും
ഇപ്പോൾ -ഉച്ചവരെ മാത്രം
ചികിത്സ തേടിയെത്തിയിരുന്നത്
മുൻപ് - 500 ഓളം പേർ
ഇപ്പോൾ - 200 പേർ മാത്രം
കിടക്കകളുടെ എണ്ണം - 24
ഉച്ചവരെ മാത്രം
പൊഴിയൂരിലെ തീരദേശ ആശുപത്രിയുടെ താളം തെറ്റിയിട്ട് വർഷങ്ങളായി. 24 കിടക്കകളോടെ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ആശുപത്രിയിൽ മിക്ക ദിവസങ്ങളിലും ഇപ്പോൾ ഉച്ചവരെ മാത്രമാണ് പുതിയ രോഗികളുടെ ചികിത്സ.
ഡോക്ടർമാരുമില്ല
പി.എസ്.സിയിൽ നിന്ന് നിയമിച്ച മൂന്ന് ഡോക്ടർമാർക്ക് പുറമെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിയമിച്ച ഒരാളും ഉൾപ്പെടെ ആകെ നാലു പേരാണ് ആശുപത്രിലുള്ളതെങ്കിലും ഡോക്ടർമാരുടെ കുറവ് കാരണം ഇപ്പോൾ ഉച്ചവരെ മാത്രമാണ് ചികിത്സ.
സകലവും നിലച്ചു
ഏതുനിമിഷവും പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാമെന്ന മേഖലയിലെ ആശുപത്രിയിലാണ് ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവുള്ളത്.പ്രായമായവരുടെ ചികിത്സയും ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സയും ഇവിടെ നിറുത്തിവച്ച നിലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |