കാസർകോട്: ക്ളീൻ പനത്തടി ഓപറേഷന്റെ ഭാഗമായി പനത്തടി സെക്ഷൻ ഓഫീസർ ബി.സേസപ്പയും സംഘവും റാണീപുരം പാറക്കടവ് റോഡിന് സമീപത്തെ കാട്ടിനുള്ളിൽ നിന്നും കള്ളത്തോക്കും ഏഴു തിരകളും 16 ലക്ഷത്തിന്റെ ഥാർ ജീപ്പുമായി പിടികൂടിയ നായാട്ടുസംഘത്തിന്റെ ജാമ്യം റദ്ദാക്കാൻ വനംവകുപ്പ് ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ടേറ്റിന് മുന്നിൽ ഹരജി സമർപ്പിച്ചു. ജൂൺ13 ന് രാത്രി പിടികൂടിയ അഞ്ചംഗ നായാട്ടുസംഘത്തിന്14 ന് വൈകുന്നേരം ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ടേറ്റ് ഒന്നിന്റെ ചുമതലയുണ്ടായിരുന്ന മജിസ്ട്രേറ്റ് രണ്ടിന് മുന്നിൽ പാജരാക്കിയപ്പോഴാണ് ഇടക്കാലജാമ്യം ലഭിച്ചത്.
കോളിച്ചാൽ പുത്തൻപുരയിൽ ജെന്റിൽ ജോർജ് (35),കോളിച്ചാൽ പുന്നത്താനത്ത് അജു മാത്യു(35), പനത്തടി ഞാറക്കാട്ട് ഹൗസിൽ സോണി തോമസ്(53) പനത്തടി പുത്തൻപുരയിൽ ഹൗസിൽ ജോസ് ജോസഫ് (40), തൃശ്ശൂർ കണ്ണാറ മൂപ്പാട്ടിൽ ഹൗസിൽ സ്വദേശി റിച്ചാർഡ് എൽദോസ് (28) എന്നിവരെയാണ് 'ക്ളീൻ പനത്തടി ഓപ്പറേഷൻ' പ്രകാരം ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ അറസ്റ്റ് ചെയ്തിരുന്നത്.
ജാമ്യരേഖകൾ സമർപ്പിച്ച പ്രതികൾ പിറ്റേന്ന് തന്നെ പുറത്തിറങ്ങിയത് വിവാദമായ സാഹചര്യത്തിലാണ് വനംവകുപ്പ് തുടർനടപടികളിലേക്ക് കടന്നത്. അഞ്ച് വർഷത്തോളമായി നിരീക്ഷിച്ച് വരികയായിരുന്ന സംഘത്തെ കള്ളത്തോക്ക് സഹിതം പിടികൂടിയിട്ടും ജാമ്യം ലഭിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് കാസർകോട് ഡി എഫ് ഒ കെ. അഷ്റഫ് അറിയിച്ചിരുന്നെങ്കിലും ഗവ.പ്ളീഡറുടെ നിയമോപദേശം സ്വീകരിച്ച് അതെ കോടതിയിൽ തന്നെ ജാമ്യം റദ്ദാക്കാനുള്ള ഹരജി നൽകുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.രാഹുൽ ആണ് ജാമ്യം റദ്ദാക്കാനുള്ള ഹരജി ഫയൽ ചെയ്തത്.
പ്രതികൾക്ക് ജാമ്യം നൽകരുതെന്നും അങ്ങനെയായാൽ തെളിവ് നശിപ്പിക്കുമെന്നും കൂടുതൽ അന്വേഷണം നടത്താൻ പ്രതികളെ കസ്റ്റഡിയിൽ കിട്ടേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
പൊലീസ് അന്വേഷിക്കേണ്ട കേസെന്ന് പ്രതിഭാഗം
കള്ളതോക്ക് പിടികൂടിയ കേസ് അന്വേഷിക്കാൻ ഫോറസ്റ്റ് വകുപ്പിന് അധികാരമില്ലെന്നും പൊലീസാണ് തുടർനടപടി സ്വീകരിക്കേണ്ടതെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ ജാമ്യഹരജിയിൽ വാദിച്ചത്.ഇത് പരിഗണിച്ചായിരുന്നു കോടതി സംഘത്തിന് ജാമ്യം നൽകിയത്. തന്റെ 20 വർഷത്തെ സർവീസിനിടയിൽ ആദ്യമായാണ് ഗുരുതരമായ വകുപ്പുകൾ ചേർത്ത് പിടികൂടിയ പ്രതികൾ ഹാജരാക്കിയ ഉടനെ ജാമ്യത്തിൽ ഇറങ്ങുന്നതെന്നായിരുന്നു പനത്തടി ഫോറസ്റ്റ് ഓഫീസർ സേസപ്പ അന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
വകുപ്പുകൾ ചില്ലറയല്ല
വന്യജീവി (സംരക്ഷണം) നിയമത്തിലെ കാട്ടിൽ അതിക്രമിച്ച് കടക്കൽ, നിയമ വിരുദ്ധമായി മൃഗങ്ങളെ വേട്ടയാടി പിടിക്കൽ, കള്ളത്തോക്കും തിരകളും പിടിച്ചതിന് ആംസ് ആക്ടിലെ വകുപ്പുകൾ അടക്കമാണ് പ്രതികൾക്കെതിരെ വനംവകുപ്പ് ചുമത്തിയത്. കള്ളത്തോക്കും തിരകളും പിടിച്ച സംഭവത്തിൽ റേഞ്ച് ഓഫീസർ രാഹുലിന്റെ റിപ്പോർട്ട് പ്രകാരം പ്രതികൾക്കെതിരെ രാജപുരം പൊലീസും ആംസ് ആക്ട് പ്രകാരം കേസെടുത്തിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |