നാളെ ശേഷി പരിശോധന
വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് കണ്ടെയ്നറുകളുമായി എത്തുന്ന ആദ്യ കപ്പലിനെ തുറമുഖത്തേക്ക് ആനയിച്ച് എത്തിക്കുന്നതിനുള്ള ടഗ്ഗിന്റെ ശേഷി പരിശോധന നാളെ നടക്കും. ഹാർബറിന് സമീപത്തെ ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിൽ നാളെ രാവിലെ 10 ഓടെയാണ് പരിശോധന നടക്കുന്നത്. ഇതിനായുള്ള ഓഷ്യൻ പ്രസ്റ്റീജ് ടഗ്ഗ് വിഴിഞ്ഞത്ത് നങ്കൂരമിട്ടു.
ടഗ്ഗും ബൊള്ളാർഡും തമ്മിൽ പോളിപ്രൊപ്പലൈൻ വടം ഉപയോഗിച്ച് ബന്ധിപ്പിച്ചാണ് പരിശോധന. ഇതിനായുള്ള കൂറ്റൻ വടം ഇന്നലെ പുതിയ വാർഫിലെത്തിച്ചു. തിരുവനന്തപുരത്തെ വാട്ടർ ലൈൻ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് പ്രെെവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പരിശോധന നടത്തുന്നത്.
അടുത്ത മാസം ആദ്യത്തോടെ കപ്പലെത്തുമെന്നാണ് സൂചന. ഷിപ് ലൈനേഴ്സ് കമ്പനികളായ എം.എസ്.സി, മെർക്, എ.പി.എം, വൺലൈൻ തുടങ്ങിയവ വിഴിഞ്ഞത്തേക്കു വരാൻ താത്പര്യം പ്രകടിപ്പിച്ചതായി അധികൃതർ പറഞ്ഞു. ഈയാഴ്ച കൂടുന്ന വിസിൽ ഉന്നതതല യോഗത്തിൽ കണ്ടെയ്നർ കപ്പലടുക്കുന്ന കാര്യത്തിൽ വ്യക്തതയുണ്ടാകും.
സുരക്ഷ വർദ്ധിപ്പിക്കും
തുറമുഖ നിരീക്ഷണത്തിനായി ഇരുനില കെട്ടിടത്തിന്റെ ഉയരത്തിൽ കൂറ്റൻ റഡാർ സ്ഥാപിക്കും. ഇതിലൂടെ കടലും കരയും നിരീക്ഷണ വലയത്തിലാവും. ഇവിടത്തെ കൺട്രോൾ റൂമിലൂടെ തുറമുഖത്തേക്കും സമീപത്തു കൂടിയും സഞ്ചരിക്കുന്ന എല്ലാ ബോട്ടുകളെയും കപ്പലുകളെയും നിരീക്ഷിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |