കൊച്ചി: പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തുകയും, ആയുധ പരിശീലനത്തിന് ആഹ്വാനം നൽകുകയും ചെയ്ത ഒമ്പതു പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുത്താനാകാത്തതിനാൽ 17 പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
എൻ.ഐ.എ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെതിരെ 26 പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സെക്രട്ടറി സി.എ. അബ്ദുൽ റൗഫ്, നേതാക്കളായ കരമന അഷ്റഫ് മൗലവി, യഹിയ കോയ തങ്ങൾ, കെ. മുഹമ്മദ് അലി, ഇ.പി. അൻസാരി, കൊലനടത്തിയവരെ ഒളിപ്പിക്കാനും തെളിവു നശിപ്പിക്കാനും കൂട്ടു നിന്ന എം.കെ. സദ്ദാംഹുസൈൻ, അഷ്റഫ്, എം. നൗഷാദ് എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്. അഷ്റഫ് മൗലവിയടക്കമുള്ളവർ രഞ്ജിത് ശ്രീനിവാസൻ, ശ്രീനിവാസൻ, സുജിത്, നന്ദു, പ്രവീൺ നട്ടാരു വധക്കേസ് പ്രതികൾക്ക് നിർദ്ദേശങ്ങളും ധനസഹായവും നൽകിയെന്നുമായിരുന്നു എൻ.ഐ.എയുടെ വാദം. ഇതിന് പിൻബലമായി സമർപ്പിച്ച രേഖകൾ ചുമത്തിയ കുറ്റങ്ങളെ സാധൂകരിക്കുന്നതാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
കെ. അലി, ഫയാസ്, അക്ബർ, നിഷാദ്, കെ.ടി. റഷീദ്, സെയ്ദാലി, മുഹമ്മദ് മുബാറക്, എ.പി. സാദിഖ്, ഷിഹാസ്, എം.എം. മുജീബ്, എൻ.എ. നെജിമോൻ, ടി.എസ്. സൈനുദ്ദീൻ, പി.കെ. ഉസ്മാൻ, സി.ടി. സുലൈമാൻ, മുഹമ്മദ് റിസ്‌വാൻ, അഷ്‌ഫാഖ്, അബ്ദുൽ കബീർ എന്നിവർക്കാണ് ജാമ്യം.
ഒരു മൊബൈൽ
ജാമ്യകാലയളവിൽ പ്രതികൾ ഒരു മൊബൈൽ ഫോൺ മാത്രമേ ഉപേയോഗിക്കാവൂ. ഫോൺ നമ്പറും വിലാസവും എൻ.ഐ.എയ്ക്ക് നൽകണം. കേരളത്തിന് പുറത്തു പോകരുത്. പ്രതികളുടെ ലൊക്കേഷനറിയാൻ ഫോണിലെ ജി.പി.എസ് സംവിധാനം എപ്പോഴും ഓണായിരിക്കണം. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണുമായി ലിങ്ക് ചെയ്യണം. പാസ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കണം.17 പ്രതികളും അതത് പൊലീസ് സ്റ്റേഷനുകളിൽ രണ്ടാഴ്ച കൂടുമ്പോൾ റിപ്പോർട്ട് ചെയ്യണം. വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുന്നതിനായി എൻ.ഐ.എയ്ക്ക് പ്രത്യേക കോടതിയെ സമീപിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |