ആലപ്പുഴ: നെഹ്റുട്രോഫിയുൾപ്പടെ ജലമേളകളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന പൊലീസ് ബോട്ട് ക്ലബ് ഇത്തവണ മത്സരത്തിനില്ല. സേനയിലെ ആൾക്ഷാമമാണ് കാരണം. അംഗബലം കുറഞ്ഞ സാഹചര്യത്തിൽ നൂറിലധികം പൊലീസുകാരെ വള്ളംകളിക്ക് വേണ്ടി ഇറക്കാനാവില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലറിൽ പറയുന്നു.
വള്ളംകളി മത്സരത്തിനും പരിശീലനത്തിനുമായി ആറ് മാസത്തോളം പൊലീസുകാർക്ക് ഡ്യൂട്ടിയിൽ നിന്ന് മാറി നിൽക്കേണ്ടിവരും. ഇത് സേനയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. മാത്രമല്ല, പൊലീസ് ടീം അംഗം മറ്റൊരു വള്ളത്തിലെ തുഴക്കാരനെ തള്ളി വള്ളം മറിച്ചിട്ടത് ഉൾപ്പടെയുള്ള സംഭവങ്ങൾ ക്ലബിന് പേരുദോഷം വരുത്തിയതായും വിമർശനം ഉയർന്നിരുന്നു.
സേനയിൽ കടുത്ത ആൾക്ഷാമം
1. മത്സരവള്ളംകളിയിലെ പൊലീസ് ക്ലബിന്റെ അരങ്ങേറ്റം 2018ലായിരുന്നു. തെക്കനോടി വിഭാഗത്തിൽ വനിതാടീമും ഇറങ്ങി. കഴിഞ്ഞ വർഷം എല്ലാ സീസണിലും പൊലീസ് ക്ലബ് മത്സരത്തിനിറങ്ങിയിരുന്നു
2.പൊലീസ് ക്ലബിന് വേണ്ടി മത്സരിക്കാനാവില്ലെങ്കിലും, പൊലീസുകാർക്ക് പ്രത്യേക അനുമതി വാങ്ങി മറ്റ് ക്ലബുകൾക്ക് വേണ്ടി തുഴയെറിയാനാകും. മത്സരരംഗത്തെ കരുത്തുറ്റ പോരാളികളായിരുന്നു പൊലീസ് ബോട്ട് ക്ലബ്
3. ജില്ലാപൊലീസ് മേധാവിക്കായിരുന്നു ടീമിന്റെ ചുമതല. നാല് നെഹ്റുട്രോഫി ജലമേളകളിലും മൂന്ന് സി.ബി.എൽ സീസണുകളിലും പോരാടിയിട്ടുണ്ട്. ഒരു ജലമേളയിൽ പോലും ഒന്നാം സ്ഥാനത്ത് എത്താനായില്ല.
4. കഴിഞ്ഞ സീസണുകളിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. എന്നാൽ,തെക്കനോടി വിഭാഗത്തിലിറങ്ങിയ വനിതാടീം മത്സരത്തിനിറങ്ങിയ എല്ലാ വർഷങ്ങളിലും ജേതാക്കളായിരുന്നു
പൊലീസ് ബോട്ട് ക്ലബ്
നെഹ്റുട്രോഫി
2018 (മഹാദേവികാട് കാട്ടിൽതെക്കേതിൽ) : രണ്ടാം സ്ഥാനം
2019 (കാരിച്ചാൽ ചുണ്ടൻ) : മൂന്നാം സ്ഥാനം
2022 (ചമ്പക്കുളം ചുണ്ടൻ) : നാലാം സ്ഥാനം
2023 (കാട്ടിൽ തെക്കേതിൽ ചുണ്ടൻ) : നാലാം സ്ഥാനം
ചാമ്പ്യൻസ് ബോട്ട് ലീഗ്
2019: രണ്ടാം സ്ഥാനം
2022, 2023 : മൂന്നാം സ്ഥാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |