തൃശൂർ: ആറാം വയസിൽ ഹാസ്യ ചിത്രകഥയിലൂടെയാണ് വിനീത് എബ്രഹാം വായനയുടെ ലോകത്തെത്തിയത്. അറുപതാം വയസിലും അത് തുടരുന്നു. ദിവസവും മൂന്ന് മണിക്കൂർ വായിക്കും. വിനീതിന്റെ വായനയ്‌ക്കൊപ്പം ഇരിങ്ങാലക്കുട ചട്ടിപ്പറമ്പ് ഓടമ്പിള്ളി ലൈനിലെ മൂക്കഞ്ചേരിൽ വീട് 'പുസ്തകവീടായി'. 32,000 പുസ്തകമുണ്ട് ശേഖരത്തിൽ.
10,000 പുസ്തകങ്ങൾ ഹാസ്യമാണ്. ഭൂരിഭാഗവും ഇംഗ്‌ളീഷിൽ. ഡോൺ ബ്രാഡ്മാന്റെ കൈയൊപ്പുള്ള ആത്മകഥ 'ഫെയർവെൽ ടു ക്രിക്കറ്റും', സച്ചിന്റെ കൈയൊപ്പുള്ള പുസ്തകങ്ങളുമെല്ലാം കൂട്ടത്തിലുണ്ട്. കോർപറേറ്റ് അഫയേഴ്‌സ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ വകുപ്പുകളിൽ ജീവനക്കാരനായിരുന്ന വിനീത് ജോലിയുടെ ഭാഗമായി പോയിടത്തു നിന്നെല്ലാം പുസ്തകവും വാങ്ങി.
ജോലിയിലായിരിക്കെ യാത്രയിലും വാരാന്ത്യത്തിലുമായിരുന്നു വായന. ഡൽഹിയിലെ സെക്കൻഡ് ഹാൻഡ് വില്പനച്ചന്തയിൽ നിന്നാണ് കൂടുതലും വാങ്ങിയത്. കായികം, കല, നോവൽ, ചിത്രകഥകൾ, സിനിമ, ഡിറ്റക്ടീവ് നോവൽ തുടങ്ങിയവയാണ് കൂടുതലിഷ്ടം. കൊച്ചിൻ ബുക്ക് ക്‌ളബംഗമായ വിനീത് പുസ്തക ചർച്ചകളിലും സജീവമാണ്. ആറ് വർഷം മുമ്പ് സർവീസിൽ നിന്ന് സ്വയം വിരമിച്ചു. ഭാര്യ ഫൈസല വക്കീലായിരുന്നു.
ബോക്‌സ് സെറ്റും ഡബിൾ ബുക്കും
ബോക്‌സ് സെറ്റ്, ഡബിൾ ബുക്ക് വിഭാഗങ്ങളിലുള്ള പുസ്തകങ്ങളും ഇവയിലുണ്ട്. എഴുത്തുകാരന്റെ മുഴുവൻ പുസ്തകങ്ങളും ഒരു പെട്ടിയിൽ ലഭിക്കുന്നതാണ് ബോക്‌സ് സെറ്റ്. ബ്രിട്ടീഷ് എഴുത്തുകാരൻ വില്യം താക്കറെയുടെ 124 കൊല്ലം മുമ്പത്തെ ബോക്‌സ് സെറ്റ് മുത്തച്ഛൻ യുക്തിവാദി എം.സി. ജോസഫിൽ നിന്നാണ് ലഭിച്ചത്. യുക്തിവാദി മാസികയുടെ ആദ്യ എഡിറ്ററായിരുന്നു അദ്ദേഹം. രണ്ട് കൃതികൾ ഒരേ പുസ്തകത്തിൽ അച്ചടിച്ച (മുന്നിൽ നിന്നും പിന്നിൽ നിന്നും ഓരോ കൃതി വീതം വായിക്കാം) എഴുപതിലധികം ഡബിൾ ബുക്കും ശേഖരത്തിലുണ്ട്.
'ഇപ്പോൾ മലയാളം വായിക്കാൻ തുടങ്ങി. സി.ജെ. തോമസിനെ കുറിച്ച് ഭാര്യ റോസി തോമസ് എഴുതിയ ബുക്ക് അടുത്തിടെ വായിച്ചു'.- വിനീത് എബ്രഹാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |