@ 2000 വിദ്യാർത്ഥികൾ അണിനിരക്കും
കോഴിക്കോട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ഇന്ന് വൈകിട്ട് നാലിന് ജില്ലാ ഭരണകൂടം, നശാമുക്ത് ഭാരത് അഭിയാൻ, ജില്ല സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാനാഞ്ചിറയ്ക്കു ചുറ്റും ലഹരിക്കെതിരെ 'സൗഹൃദ മതിൽ' കെട്ടും. കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾക്കു പുറമെ എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി വോളന്റിയേഴ്സും ജന പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുക്കും. തുടർന്ന് റാലി നടക്കും. വിദ്യാർത്ഥികൾ ലഹരിക്കെതിരെ അംബാസിഡർമാരായി പ്രതിജ്ഞ ഏറ്റുചൊല്ലും. ലഹരിവിരുദ്ധ സന്ദേശം, കലാകായിക പ്രകടനങ്ങൾ, ദീപശിഖ കൈമാറ്റം, പ്രദർശനങ്ങൾ തുടങ്ങിയവയും അരങ്ങേറും. മാനാഞ്ചിറ പരിസരത്തെ വിവിധ ഇടങ്ങളിലായി കായികം, സാഹിത്യം, കലാ-സാംസ്‌കാരികം, വായന തുടങ്ങിയ പുതുലഹരികളെ പരിചയപ്പെടുത്തി വിവിധ കോളേജുകളുടെ നേതൃത്വത്തിൽ അവതരണങ്ങൾ ഒരുക്കും. മിഠായിതെരുവിൽ ഹൈക്കു എഴുത്ത്, മാനാഞ്ചിറ ബാസ്‌കറ്റ് ബോൾ കോർട്ടിൽ മയക്കുമരുന്ന് വിരുദ്ധ സന്ദേശ രൂപീകരണം, ചിത്രരചന, നൃത്തം, സംഗീതം, മറ്റ് കലാപ്രകടനങ്ങൾ എന്നിവ അരങ്ങേറും. ഓൺലൈൻ മത്സര വിജയികൾക്ക് സമ്മാന വിതരണവും ഉണ്ടായിരിക്കും. കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ല കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ, എക്‌സൈസ് അസി. കമ്മിഷണർ സുരേഷ് കെ.എസ്, ജില്ല സാമൂഹ്യ നീതി ഓഫീസർ അഞ്ജു.എം തുടങ്ങിയവർ പങ്കെടുക്കും.
കോളേജ്, സ്‌കൂൾ തലങ്ങളിൽ വിവിധ പരിപാടികൾ
കോഴിക്കോട്: ലഹരിവിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ സന്ദേശമുയർത്തി ജില്ലയിൽ എല്ലാ കോളേജുകളിലും സ്‌കൂളുകളിലും വിവിധ പരിപാടികൾ നടക്കും. റാലി, സത്യപ്രതിജ്ഞ, അവബോധ ക്ലാസുകൾ, മയക്കുമരുന്നും മറ്റും കുത്തിവെക്കുന്നതായി കരുതുന്ന ഇടങ്ങളുടെ സൗന്ദര്യവൽകരണം, സ്‌കൂൾ പാർലമെന്റ് മത്സരം, പെയിന്റിംഗ്, ഫുട്‌ബോൾ, ക്രിക്കറ്റ്, പോസ്റ്റർ നിർമ്മാണം എന്നിവ നടക്കും. കലാപ്രവർത്തനങ്ങളുടെ ഭാഗമായി ഫ്‌ളാഷ് മോബ്, സുംബ ഡാൻസ് റീലുകൾ എടുക്കൽ, ചിത്ര രചന, നൃത്തം, സംഗീതം, കലാപ്രകടനം എന്നിവ സംഘടിപ്പിക്കും. ജില്ലാ ആരോഗ്യം, എക്‌സൈസ്, പോലീസ് വകുപ്പുകളുടെയും എൻഎസ്എസ്, എൻസിസി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |