പത്തനംതിട്ട : ട്രെയിൻ ഗതാഗതമില്ലാത്ത ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയ്ക്ക് റെയിൽവേ അനുവദിച്ച് നൽകിയ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ കണ്ടാൽ ആരുമൊന്ന് മൂക്കത്ത് വിരൽവയ്ക്കും. കളക്ടറേറ്റ് വളപ്പിനുള്ളിലെ താത്കാലിക നിർമ്മിതിയുടെ വരാന്തയിൽ ഒതുങ്ങന്നതാണ് ടിക്കറ്റ് കൗണ്ടർ. ടിക്കറ്റ് ബുക്ക് ചെയ്യാനെത്തുന്നവർക്ക് സൗകര്യങ്ങളോ മറ്റു ക്രമീകരണങ്ങളോ ഇവിടില്ല. ടിക്കറ്റിനുള്ള അപേക്ഷ പൂരിപ്പിക്കണമെങ്കിൽ മുട്ടിൽ വച്ച് എഴുതേണ്ട ഗതികേടാണുള്ളത്. ക്യൂ നിന്ന് വലഞ്ഞാൽ ഇരിക്കാൻ സൗകര്യമില്ല, മണിക്കൂറുകൾ കാത്തുനിൽക്കുന്നവർക്ക് കുടിവെള്ളം ലഭ്യമാക്കാനും മാർഗമില്ല. ഇരുപത് വർഷങ്ങൾക്ക് മുമ്പ് കളക്ടറേറ്റ് വളപ്പിലെ ജനസേവാകേന്ദ്രത്തോട് ചേർന്നു തുടങ്ങിയതാണ് ടിക്കറ്റ് കൗണ്ടർ. ടിക്കറ്റിനായി എത്തുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് സമീപത്തുള്ള കെട്ടിടങ്ങളിലേയ്ക്ക് ക്യൂ നീളും. മഴയും വെയിലും ഏൽക്കാതെ സമീപത്തുള്ള കെട്ടിടങ്ങളുടെ വരാന്തയിലോ പടിയിലോ കയറി നിൽക്കേണ്ടിവരും.
കൗണ്ടറിന് ബോർഡില്ല
ടിക്കറ്റെടുക്കാൻ എത്തുന്നവർക്ക് ടിക്കറ്റ് കൗണ്ടർ എവിടെയാണെന്ന് തിരിച്ചറിയാൻ ഒരു ബോർഡുപോലും കളക്ടറേറ്റ് വളപ്പിലോ നഗരത്തിലോ സ്ഥാപിച്ചിട്ടില്ല. കൗണ്ടർ തപ്പി കളക്ടറേറ്റ് പരിസരത്ത് കറങ്ങി നടക്കുന്നവർ പതിവ് കാഴ്ചയാണ്.
ഒരു ജീവനക്കാരൻ മാത്രം
റിസർവേഷൻ കൗണ്ടറിൽ ഒരു ജീവനക്കാരനാണുള്ളത്. മുമ്പ് രണ്ടുപേർ ഇവിടെ ജോലി ചെയ്തിരുന്നു.
തത്ക്കാൽ ടിക്കറ്റാണ് കൂടുതൽ
തത്കാൽ ടിക്കറ്റിനായാണ് കൗണ്ടറിനെ കൂടുതൽ യാത്രക്കാരും ആശ്രയിക്കുന്നത്. ഇതിൽ ഇതര സംസ്ഥാനക്കാരാണേറയും. രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനം. മുമ്പ് ഇത് നാലുവരെയായിരുന്നു. ഞായറാഴ്ച കേന്ദ്രം പ്രവർത്തിക്കാറില്ല. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് കൗണ്ടറിന്റെ പ്രവർത്തനം.
കൗണ്ടറിന്റെ പ്രയോജനം
ജില്ലയുടെ കിഴക്കൻ മലയോര പ്രദേശത്തുള്ളവർക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കൗണ്ടർ സഹായകമാണ്. രാജ്യത്തെവിടേക്കുമുള്ള ടിക്കറ്റുകളും തത്കാൽ റിസർവേഷനും ഇവിടെനിന്നു ലഭ്യമാകും. വിവിധ ട്രെയിനുകളും അവയുടെ സീറ്റ് ലഭ്യതയുമൊക്കെ നേരിട്ടു മനസിലാക്കി ടിക്കറ്റെടുക്കാൻ കൗണ്ടറിലൂടെ കഴിയും.
റെയിൽവേയും പത്തനംതിട്ടയും
റെയിൽവേയും പത്തനംതിട്ട ജില്ലയുമായുള്ള ബന്ധം പെരുന്തുരുത്തി മുതൽ കുറ്റൂർ വരെയുള്ള ഏഴ് കിലോമീറ്റർ പാതയിലും തിരുവല്ല റെയിൽവേ സ്റ്റേഷനിലും മാത്രം ഒതുങ്ങുന്നതാണ്. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനാണ് തിരുവല്ലയെങ്കിലും എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പില്ലാത്തതിനാൽ യാത്രക്കാർ കൈയൊഴിഞ്ഞ മട്ടാണ്. ചെങ്ങന്നൂർ സ്റ്റേഷനുമായാണ് പത്തനംതിട്ടക്കാർക്ക് ഏറെ അടുപ്പം.
റിസർവേഷൻ ടിക്കറ്റ് കൗണ്ടറിന്റെ എണ്ണം രണ്ടായി വർദ്ധിപ്പിച്ച് അധികമായി ജോലിക്കാരെ ഇവിടെ നിയമിക്കണം.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കണം. ക്യൂ നീണ്ടാൽ മണിക്കൂറുകൾ നിൽക്കണം. ഇത് കാരണം ആളുകളെത്താനും മടി കാണിക്കുന്നുണ്ട്.
ആരതി അനിരുദ്ധ്,
(ടിക്കറ്റ് കൗണ്ടറിൽ എത്തിയ യാത്രക്കാരി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |