മലപ്പുറം: നിരന്തരമായ പ്രതിഷേധങ്ങൾക്കും സമര പരമ്പരകൾക്കും ഒടുവിൽ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മലപ്പുറത്ത് താത്കാലിക ബാച്ച് അനുവദിക്കാൻ ധാരണയായെങ്കിലും സ്ഥിരം ബാച്ച് വേണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം. താത്കാലിക ബാച്ചുകളല്ല, മറിച്ച് സ്ഥിരം ബാച്ചുകൾ അനുവദിച്ചാലേ പരിഹാരമാവൂ എന്ന നിലപാടിലാണ് കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ. സ്ഥിരം ബാച്ചുകൾ അനുവദിക്കും വരെ സമരം തുടരാനാണ് സംഘടനകളുടെ തീരുമാനം.
വിദ്യാർത്ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടത്തിയ യോഗത്തിലാണ് താത്കാലിക ബാച്ച് അനുവദിക്കാൻ തീരുമാനമായത്. പ്രശ്നം പരിഹരിക്കാൻ രണ്ടംഗ സമിതിയെ നിയോഗിക്കും. മലപ്പുറം ആർ.ഡി.ഡി, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് സമിതി. ഇവരുടെ റിപ്പോർട്ട് പ്രകാരം തീരുമാനമെടുക്കും. ആവശ്യമെങ്കിൽ റിപ്പോർട്ട് പ്രകാരം അധിക ബാച്ചുകൾ സർക്കാർ സ്‌കൂളുകളിലും അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്ത് കഴിഞ്ഞ വർഷം 12,000ത്തോളം സ്‌കോൾ കേരള വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. മലപ്പുറത്ത് 7,478 സീറ്റുകളുടെ കുറവാണുള്ളതെന്നും ഏഴ് താലൂക്കുകളിൽ സയൻസ് സീറ്റ് അധികവും കൊമേഴ്സ്, ഹ്യുമാനിറ്റീസ് സീറ്റുകൾ കുറവുമാണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ 82,466 അപേക്ഷകരിൽ 53,782 പേരാണ് പ്ലസ് വണ്ണിന് പ്രവേശനം നേടിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ജില്ലയിൽ വലിയ സീറ്റ് ക്ഷാമമില്ലെന്നും 7,428 സീറ്റുകളുടെ കുറവ് മാത്രമേ ഉള്ളൂവെന്നുമാണ് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞത്.
പ്രതിഷേധത്തിനൊടുവിൽ...
സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജില്ലയിൽ എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, ഹരിത, ഫ്രറ്റേണിറ്റി സംഘടനകൾ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ആർ.ഡി.ഡി ഓഫീസ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇന്നലെ കെ.എസ്.യു പ്രവർത്തകർ ആർ.ഡി.ഡി ഓഫീസറുടെ വീട്ടിലേക്കും സമരം നടത്തിയിരുന്നു.
സർക്കാരിൽ വിശ്വാസമില്ല. ബാച്ച് അനുവദിക്കും വരെ കെ.എസ്.യു ജില്ലാ കമ്മിറ്റി സമരം തുടരും. നാളെ മലപ്പുറം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം.
അഡ്വ.അൻഷിദ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ്
താത്കാലിക ബാച്ച് കൊണ്ടുവന്നാലും കോഴ്സുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ കുറവ് വരും. പ്രത്യേകിച്ച് സയൻസ് വിഷയങ്ങളിലെ ലാബ് സൗകര്യങ്ങളെ ഇത് ബാധിക്കും. സ്ഥിരം ബാച്ച് അനുവദിച്ചില്ലെങ്കിലും തുടർ വർഷങ്ങളിലും സമര മുഖത്ത് ഇറങ്ങേണ്ട അവസ്ഥ വരും.
വി.എ.വഹാബ്, എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |