കൊല്ലം: ഇന്നലെ പുലച്ചെ മുതൽ ഇടവിട്ട് പെയ്ത മഴയിലും കാറ്റിലും ജില്ലയിൽ നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കിഴക്കൻമേഖല ഉൾപ്പടെ വിവിധ ഭാഗങ്ങളിൽ വീടുകളും വാഹനങ്ങളും കാർഷിക വിളകളും തകർന്നാണ് നാശനഷ്ടമേറെയും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധ താലൂക്കുകളിലായി 21 വീടുകൾ ഭാഗികമായും 1 വീട് പൂർണമായും തകർന്നതായി ദുരന്ത നിവാരണ അതോറിറ്ററി അധികൃതർ അറിയിച്ചു. കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്. വെളിയം കുടവട്ടൂർ ബീന ഭവനിൽ ശാരദയുടെ വീട് മരം വീണു ഭാഗികമായി നശിച്ചു. വെളിനല്ലൂർ അമ്പലംകുന്ന് കൊല്ലംകോട് പറവിള പുത്തൻവീട്ടിൽ ഉമൈബബീവിയുടെ വീടിന്റെ അടുക്കളഭാഗം പൊളിഞ്ഞുവീണു.
ചടയമംഗലം ഒലിപ്പുറം കോളനിയിൽ ഖദീജയുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് വീട്ടിലേക്ക് റബർ മരം ഒടിഞ്ഞുവീണു. അപകട സമയത്ത് വീട്ടിൽ ആള് ഇല്ലാഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. ചാത്തന്നൂരിൽ ഗവ. എൽ.പി സ്കൂളിന് സമീപം ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വൈദ്യുതി കമ്പിക്ക് മുകളിൽ വീണ് വൈദ്യുതി തൂൺ ഒടിഞ്ഞു.
കടയ്ക്കൽ മേഖലയിൽ വാഴ, പച്ചക്കറി, ചെറുകൃഷികൾ തുടങ്ങിയവ നശിച്ചു. വാഴയാണ് വ്യാപകമായി നശിച്ചത്. മിഷ്യൻകുന്ന് പവിത്രത്തിൽ വിനോദിന്റെ കുലച്ചതും കുലയ്ക്കാറായതുമായ 250 ൽ പരം വാഴയാണ് കാറ്റിൽ ഒടിഞ്ഞുവീണത്. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കുറ്റിക്കാട് സ്വദേശി സുധർമ്മയുടെ ഏത്തവാഴ കൃഷിയും നശിച്ചു. ചിങ്ങേലി സ്വദേശി കരുണാകരൻ പിള്ള, പുല്ലുപണ കാർത്തികയിൽ മോഹനൻ തുടങ്ങി 15 ൽപരം കർഷകരുടെ വിളകൾക്ക് നാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയെങ്കിലും ക്യാമ്പ് തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വീടുകൾ തകർന്ന കണക്ക്
കൊട്ടാരക്കര - 12 വീട് (ഭാഗികം ) - 3,45,000 രൂപ നഷ്ടം (ഏകദേശം)
പത്തനാപുരം - 7 വീട് (ഭാഗികം ) - 2,35,000 രൂപ നഷ്ടം (ഏകദേശം)
കുന്നത്തൂർ - 3 വീട് (1വീട് പൂർണം, 2 വീട് ഭാഗികം) - 2,45,000 രൂപ നഷ്ടം (ഏകദേശം)
ഇന്നലെ പെയ്ത മഴ
കൊല്ലം - 36 മില്ലി മീറ്റർ
ആര്യങ്കാവ് - 35 മില്ലി മീറ്റർ
പുനലൂർ - 35 മില്ലി മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |